നേമം നിലനിര്‍ത്തും; മഞ്ചേശ്വരവും കോന്നിയും ഉള്‍പ്പടെ 10ലേറെ സീറ്റ് പിടിക്കും; ബിജെപിയുടെ പ്രതീക്ഷ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. തിരുവനന്തപുരം കോര്പ്പറേഷന് ഉള്‍പ്പടെ ഒട്ടേറ തദ്ദേശ സ്ഥാപനങ്ങളില്‍ ഇത്തവണ അധികാരത്തില്‍ എത്താന്‍ കഴിയുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് പിന്നോട്ട് പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. പന്തളം നഗരസഭാ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് നേട്ടമായി. പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ തവണത്തേത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് ഏക ആശ്വാസ ഘടകം. ഈ പിന്‍ബലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി.

നിയമസഭാ തിരഞ്ഞെടുപ്പ് 2021
നിയമസഭാ തിരഞ്ഞെടുപ്പിന് 5 മാസം കൂടി ശേഷിക്കുന്നുണ്ടെങ്കില്‍ മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ് ബിജെപി. സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുന്നതിനോടൊപ്പം, വട്ടിയൂര്‍ക്കാവ്, മലമ്പുഴ, മഞ്ചേശ്വരം, തൃശൂര്‍, കോന്നി ഉള്‍പ്പടെ പത്തോളം മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.

സുരേഷ് ഗോപി നേമത്തോ
വിജയം പ്രതീക്ഷയുള്ള എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയെ നിര്‍ത്തി നേമം നിലനിര്‍ത്താനാണ് ബിജെപി ശ്രമം. നേമത്ത് അല്ലെങ്കില്‍ സുരേഷ് ഗോപിയെ തൃശൂരിലേക്ക് പരിഗണിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. സുരേഷ് ഗോപിയെ കൂടാതെ കുമ്മനം രാജശേഖരനും നേമത്ത് സാധ്യതയുണ്ട്


കെ സുരേന്ദ്രന്- കോന്നി
സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിയിലും ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ കാസര്ഗോടും പരിഗണിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ശോഭാ സുരേന്ദ്രന് കാട്ടാക്കടയിലും സംവിധായകന് അലി അക്ബറിന് ബേപ്പൂരിലും സാധ്യതയുണ്ട്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്,മുന്‍ ഐഎസ്ആര്‍ഓ ചെയര്മാന് ജി മാധവന് നായര്‍ എന്നിവരും പരിഗണനാ പട്ടികയില്‍ ഉണ്ട്.

അധ്യക്ഷന്‍ ദില്ലിയില്‍
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി കെ സുരേന്ദ്രന് ദില്ലിയില്‍ എത്തിയിട്ടുണ്ട്. നാളെയാണ് ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ച നടക്കുന്നത്. നാല്പതോളം മണ്ഡലങ്ങളെയാണ് ബിജെപി എ ക്ലാസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ സാധ്യതയുള്ളവരുടെ പ്രാഥമിക പരിഗണനാ പട്ടിക തയ്യാറാക്കും. പൊതുസമ്മതിയും ജനകീയമുഖവുമുള്ളവരെ സ്ഥാനാര്‍ത്ഥികളായി കൊണ്ടുവരാനാണ് നീക്കം.

പ്രൊഫഷണല്‍ സമീപനം
ചിട്ടയായ പ്രൊഫഷണല്‍ സമീപത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് നേട്ടം സ്വന്തമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരോ വാര്‍ഡിലും ബൂത്തിലും എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടുകളുടെ കണക്ക് ശേഖരിച്ചാണ് മണ്ഡലങ്ങളിലെ വിജയ സാധ്യതയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്.

ശോഭാ സുരേന്ദ്രന് വിഷയം
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നിന്നും വിട്ട് നിന്ന ശോഭാ സുരേന്ദ്രന് അടക്കമുള്ള നേതാക്കളുടെ പരാതികള്‍ കേന്ദ്ര നേതൃത്വുമായി കെ സുരേന്ദ്രന് ചര്‍ച്ച ചെയ്യും. ശോഭാ സുരേന്ദ്രന് അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നു വന്നിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടമായതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോവണമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

കേരള യാത്ര
തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രന് നയിക്കുന്ന കേരള യാത്ര, തെരഞ്ഞെടുപ്പിന്റെ മറ്റ് ഒരുക്കങ്ങള്‍ എന്നിവയും കൂടികാഴ്ച്ചയില്‍ ചര്‍ച്ചയാവും. കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തില്‍ കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ സ്വീകരിച്ച നിലപാട് വിവാദമായതും കെ സുരേന്ദ്രന് നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കേണ്ടി വരും.

സിപിഎം വിലയിരുത്തല്‍
ബിജെപിക്ക് പുറമെ എല്‍ഡിഎഫും യുഡിഎഫും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കനുസരിച്ച് 98 നിയമസഭാ സീറ്റില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കമുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ബിജെപി മുന്‍തൂക്കം
യുഡിഎഫിന് 41 സീറ്റിലും ബിജെപിക്ക് ഒരു സീറ്റിലുമാണ് മുന്‍തുക്കം. അതേസമയം തന്നെ വര്‍ക്കല ആറ്റിങ്ങൽ പന്തളം തുടങ്ങിയ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപി നടത്തിയ മുന്നേറ്റത്തെപ്പറ്റിയും സിപിഎം പരിശോധിക്കും. ബിജെപിക്ക് വോട്ട് വിഹിതത്തില്‍ വര്‍ധനവ് ഇല്ലെങ്കിലും ചില സ്ഥലങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചെന്നാണ് സിപിഎം വിലയിരുത്തല്‍.

യുഡിഎഫ് ശ്രമം
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് യുഡിഎഫും ശ്രമിക്കുന്നത്. പലം എംപിമാര്‍ക്കും കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാന്‍ താല്പര്യം ഉണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാരെ മത്സരിപ്പിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിരഞ്ഞെടുപ്പിനെ നേതൃത്വം ഒറ്റക്കെട്ടായി നയിക്കുമെന്നും അഭിപ്രായപ്പെട്ടു.