പിണറായിക്കെതിരെ ബിജെപിയുടെ സര്‍പ്രൈസ്; ചെന്നിത്തലയ്‌ക്കെതിരെ ഗോപാലകൃഷ്ണന്‍, ശോഭയ്ക്ക് സീറ്റില്ല; സാധ്യത പട്ടിക
പിണറായിക്കെതിരെ ബിജെപിയുടെ സർപ്രൈസ്; ചെന്നിത്തലയ്‌ക്കെതിരെ ഗോപാലകൃഷ്ണൻ, ശോഭയ്ക്ക് സീറ്റില്ല; സാധ്യത പട്ടിക
തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നണികളെല്ലാം നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസും ബിജെപിയും ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. ഇത്തവണ വമ്പന്‍ പ്രതീക്ഷയുമായാണ് ബിജെപി തിരഞ്ഞെടുപ്പിന് നേരിടുന്നത്.
പരമാവധി സീറ്റുകള്‍ സംസ്ഥാനത്ത് നേടിയെടുക്കാനാണ് ബിജെപിയുടെ പദ്ധതി. ഇതുമായി വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രമുഖരെ ഇറക്കി കളിക്കാനാണ് ബിജെപി ശ്രമം. ഇപ്പോഴിതാ ബിജെപിയുടെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക ഏകദേശം തയ്യാറായതായാണ് സൂചന. വിശദാംശങ്ങളിലേക്ക്...

നേമത്ത് കുമ്മനം
നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് 2016ല്‍ നേമത്താണ്. മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിലൂടെ ആദ്യമായി ബിജെപി കേരള നിയമസഭയുടെ പടി കടന്നു. ഈ മണ്ഡലം ഈ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്തേണ്ടത് ബിജെപിയുടെ അഭിമാന പ്രശ്‌നമാണ്. ഇത്തവണ കുമ്മനം രാജശേഖരനെ മണ്ഡലത്തില്‍ ഇറക്കാനാണ് ബിജെപി നീക്കം.

ചെന്നിത്തലയ്‌ക്കെതിരെ ഗോപാലകൃഷ്ണന്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സുരക്ഷിത മണ്ഡലമാണ് ഹരിപ്പാട്. ഇത്തവണ ബിജെപി ഹരിപ്പാട് സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ രംഗത്തിറക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ഗോപാലകൃഷ്ണന്‍ തൃശൂരില്‍ മത്സരിച്ചെങ്കിലും ഇത്തവണ അവിടെ പ്രമുഖരെ നിര്‍ത്താനാണ് ബിജെപി നീക്കം. സുരേഷ് ഗോപി അടക്കമുള്ളവരാണ് സാധ്യത പട്ടികയിലുള്ളത്.

പിണറായിക്കെതിരെ
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച മണ്ഡലമായ ധര്‍മ്മടത്ത് ബിജെപി കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് രംഗത്തിറക്കുന്നത്. ധര്‍മ്മടത്ത് സികെ പത്മനാഭനെ ഇറക്കാനാണ് ബിജെപി നീക്കം. സികെപിയെ ഇറക്കി ശക്തമായ മത്സരം കാഴ്ചവയ്ക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.

ശോഭ സുരേന്ദ്രന് സീറ്റില്ല
അതേസമയം, സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭ സുരേന്ദ്രനെ ഇത്തവണ സീറ്റില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രനെ എടുത്തിരുന്നില്ല. ഇതിനെതിരെ ബിജെപിയില്‍ ശോഭ പക്ഷം പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.

മെട്രോ മാന്‍
മെട്രോ മാന്‍ ഇ ശ്രീധരനെ പാലക്കാട് മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശിനെയും കളത്തിലിറക്കാനാണ് നീക്കം. നേരത്തെ ഇ ശ്രീധരനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാന്‍ ബിജെപി പദ്ധതിയിട്ടിരുന്നു. കൊട്ടാരക്കരയില്‍ സന്ദീപ് വാര്യര്‍ക്കും അമ്പലപ്പുഴയില്‍ സന്ദീപ് വചസ്പതിയെയും കളത്തിലിറക്കും.

മറ്റ് സാധ്യതകള്‍
നെടുമങ്ങാട് ജെ ആര്‍ പദ്മകുമാര്‍, അരുവക്കര സി ശിവന്‍കുട്ടി, മലമ്പുഴ സി കൃഷ്ണകുമാര്‍, പാറശാല കരമന ജയന്‍, ചാത്തന്നൂര്‍ ഗോപകുമാര്‍ എന്നിങ്ങനെയാണ് ബിജെപിയുടെ സാധ്യതാ പട്ടിക.

114 മണ്ഡലങ്ങള്‍
കഴിഞ്ഞ തവണ ബിജെപി 99 സീറ്റുകളിലേക്കാണ് മത്സരിച്ചത്. ഇത്തവണ 114 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഒന്‍പത് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി തീരുമാനം കേന്ദ്രനേതൃത്വത്തിനുവിട്ടിരിക്കുകയാണ്. നടന്‍ സുരേഷ് ഗോപിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നാണ് വിവരം. താരത്തെ തിരുവനന്തപുരത്തോ, തൃശൂരോ മത്സരിപ്പിക്കണമെന്നാണ് ആവശ്യം












Click it and Unblock the Notifications