കേരളത്തിൽ ബിജെപിയുടെ സ്വപ്നം എൽഡിഎഫിന്റെ ഭരണത്തുടർച്ച; 'പ്ലാൻ ബി' നടപ്പാക്കണം, നീക്കങ്ങൾക്ക് പിന്നിൽ
തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രമുഖരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചും എ പ്ലസ് കാറ്റഗറി മണ്ഡലങ്ങളായി തിരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ പ്രചരണം ശക്തിപ്പെടുത്തി മുന്നേറാനാണ് ബിജെപി പദ്ധതിയിടുന്നത്.
സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വം ഇടപെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ കേരളത്തില്‍ മറ്റൊരു നീക്കം നടത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബിജെപി. 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുകയാണ് ബിജെപി.

ഇടപെടലുമായി ദേശീയ നേതൃത്വം
സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി ദേശീയ നേതൃത്വം നേരിട്ട് ഇടപെടുകയാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് സര്‍വ്വെ നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ പദ്ധതി.

സംസ്ഥാന ഘടകത്തെ അറിയിക്കില്ല
സംസ്ഥാന നേതൃത്വുമായി ഒരു തരത്തിലും ബന്ധപ്പെടാതെയാണ് ഇങ്ങനെയൊരു സര്‍വ്വേ നടത്താന്‍ ജദേശീയ നേതൃത്വം തീരുമാനിച്ചത്. ഈ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദേശീയ നേതൃത്വം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ആഴ്ചകള്തക്ക് മുമ്പ് ഇതിനായുള്ള സര്‍വ്വേ ആരംഭിച്ചെന്നാണ് വിവരം.

പുതിയ നിര്‍ദ്ദേശം ഇങ്ങനെ
2026ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ആ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- എന്‍ഡിഎ മത്സരമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണം. ഇത്തവണ ബിജെപി നടത്തിയ പഠനശിബിരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുത്ത നിര്‍ദ്ദേശങ്ങളില്‍ ഒന്നാണിത്.

ലക്ഷ്യം 2026
2026ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന ജില്ലാ നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയത്. 140 മണ്ഡലങ്ങളിലും ബിജെപി പഠനശിബിരങ്ങള് സംഘടിപ്പിച്ചിരുന്നു. ബിെജപിക്ക് സ്വാധീനമില്ലാത്തെ മറ്റ് സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ച മാതൃക തന്നെയാണ് കേരളത്തിലും നേതൃത്വം ആവിഷ്കരിക്കാന്‍ പോകുന്നത്.

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച
സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണം വരുന്നതാണ് നല്ലതെന്നാണ് ബിജെപി കരുതുന്നത്. കോണ്‍ഗ്രസ് വമ്പന്‍ തോല്‍വി നേരിട്ടാല്‍ യുഡിഎഫില്‍ നിന്ന് ചില ഘടകകക്ഷികള്‍ വന്‍ തോതില്‍ ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന് നേതൃത്വം കരുതുന്നു. കോണ്‍ഗ്രസിന് അധികാരമില്ലാത്ത സാഹചര്യം വന്നാല്‍ പ്രവര്‍ത്തകരും പാര്ട്ടിമാറുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം
ബിജെപിക്ക് സ്വധീനം ഉറപ്പിക്കാന്‍ കഴിയാതിരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രമാണ് കേരളത്തില്‍ നടപ്പിലാക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. ത്രിപുര, ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കി നേട്ടമുണ്ടാക്കിയ അതേ നീക്കം കേരളത്തില്‍ നടപ്പിലാക്കണം.

കോണ്‍ഗ്രസ് മുക്ത ഭാരതം
കേരളമൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തിയത്. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുപോലെ എതിര്‍ക്കേണ്ടവര്‍ എന്നായിരുന്നു ശൈലി. അതേസമയം, ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍ എത്രത്തോളം വിജയിക്കുമെന്ന് പറയാന്‍ സാധിക്കില്ല.

പാര്‍ട്ടി കണക്ക്
അതേസമയം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 31 ലക്ഷം വോട്ടുകള്‍ ലഭിച്ചെന്നാണ് പാര്‍ട്ടിയുടെ കണക്ക്. എല്‍ഡിഎഫിനും യുഡിഎഫിനും 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയില്‍ വോട്ടുകള്‍ ലഭിച്ചെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ച് വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള തന്ത്രമാണ് കേരളത്തില്‍ ആവിഷ്കരിക്കുന്നത്.

പ്രയാസമുണ്ടാവില്ല
ഈ നീക്കം ശരിയായ രീതിയില്‍ നടന്നാല്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. അതുകൊണ്ട് തന്നെ ബിജെപി കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭക്കണമെന്ന സ്വപ്നത്തിലാണെന്ന് വേണം പറയാന്‍. 2026ല്‍ പ്രധാന മത്സരകക്ഷിയാവാന് ബിജെപിക്ക് കഴിയുമോ എന്ന് കണ്ടറിയണം.
അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ധർമ്മടത്ത് പിണറായി വിജയനെ നേരിടാൻ മമ്പറം ദിവാകരൻ തന്നെയോ? നിലപാട് വ്യക്തമാക്കി മമ്പറം ദിവാകരൻ
പി ശ്രീരാമകൃഷ്ണനെ പൂട്ടാനുറച്ച് കോൺഗ്രസ്; പൊന്നാനി സീറ്റ് ലീഗുമായി വെച്ച് മാറും.. നിർണായക നീക്കം