പോളിംഗിന് പിന്നാലെ അക്രമം, കണ്ണൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു, ഹരിപ്പാടും കായംകുളത്തും സംഘർഷം
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിറകെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. കണ്ണൂര്‍ ജില്ലയിലെ മുക്കില്‍ പീടികയില്‍ മുസ്ലീം ലീഗിന്റെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുഹ്സിന്, മന്‍സൂര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെട്ടേറ്റ ലീഗ് പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ഉണ്ടായ ബോംബേറില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണ് എന്നാണ് വിവരം. കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.
ആലപ്പുഴ ജില്ലയിലും വ്യാപക സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഫ്സലിന് വെട്ടേറ്റു. കെഎസ്യു നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് നൗഷാദ് ചെമ്പകപ്പള്ളിക്കും സംഘര്‍ഷത്തില്‍ പരിക്ക് പറ്റി. അഫ്സലിന് തലയ്ക്ക് ആണ് വെട്ടേറ്റിരിക്കുന്നത്. ആക്രമിക്കപ്പെട്ടവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കായകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു അടക്കമുളളവര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഹരിപ്പാട് കോണ്‍ഗ്രസ് ആറാട്ടുപുഴ മണ്ഡലം പ്രസിഡണ്ട് രാജേഷ് കുട്ടന് മര്‍ദ്ദനമേറ്റു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത് എന്നാണ് ആരോപണം. പരിക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട് ആക്രമിച്ച പ്രതിയെ പോലീസ് വിട്ടയച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.