പോരിനൊരുങ്ങി കോൺഗ്രസ്;കെസി ജോസഫിന് സീറ്റില്ല.. ഈ 43 സീറ്റുകളിൽ സ്ഥാനാർത്ഥികൾ ഇവർ? അന്തിമ സാധ്യത പട്ടിക
തിരുവനന്തപുരം; പതിവ് പോലെ തന്നെ യുഡിഎഫിൽ ഇക്കുറിയും സ്ഥാനാർത്ഥി പ്രഖ്യാപനം നീളുകയാണ്. ഗ്രൂപ്പ് തർക്കങ്ങളും സ്ഥാനാർത്ഥി പട്ടികയിലെ ഹൈക്കമാന്റ് ഇടപെടലുകളുമെല്ലാമാണ് പ്രഖ്യാപനം വൈകാൻ ഇടയാക്കുന്നത്. ഇന്ന് വൈകീട്ട് ആറിന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയോഗം അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകിയേക്കും. തുടർന്ന് നാളെയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടേയേക്കുമെന്നാണ് റിപ്പോർട്ട്.
പട്ടിക ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്. അതിനിടെ 43 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

മാറ്റി നിർത്തരുത്
പല മണ്ഡലങ്ങളിലും സീറ്റിനായി എ, ഐ ഗ്രൂപ്പ് വടംവലികൾ ഉണ്ട്. ചിലയിടത്ത് നാല് തവണയിൽ കൂടുതൽ മത്സരിച്ചവരെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് നേതാക്കൾ ഉയർത്തുന്നത്. വിജയ സാധ്യത ഉണ്ടെന്നിരിക്കെ കൂടുതൽ തവണ മത്സരിച്ചവരെ മാറ്റി നിർത്താനാവില്ലെന്നാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ ഉയർന്ന നിർദ്ദേശം.

തൃപ്പൂണിത്തറയിൽ
നേരത്തേ ഉമ്മൻചാണ്ടിയൊഴികെ കൂടുതൽ തവണ മത്സരിച്ചവർക്ക് ഇക്കുറി സീറ്റുണ്ടാകില്ലെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ തിരുമാനം അനുസരിച്ച് കോട്ടയം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പറവൂരിൽ വിഡി സതീശനും വണ്ടൂരിൽ എപി അനിൽ കുമാറിനും സീറ്റ് നൽകി. അതേസമയം തൃപ്പൂണിത്തറയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

യുവ നേതാവ് വേണമെന്ന്
മുൻ മന്ത്രിയായിരുന്ന കെ ബാബുവിനെ ഇത്തവണ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.എന്നാൽ സിപിഎമ്മിന്റെ യുവ നേതായ സ്വരാജിനെതിരെ യുവ നേതാക്കൾ തന്നെ ഇറങ്ങണമെന്നതാണ് പ്രാദേശിക തലത്തിലെ വികാരം. കെ ബാബു മത്സരിച്ചാൽ ശക്തമായ പ്രതിഷേധം ഉയരാനുള്ള സാധ്യതയും ഉണ്ട്. ഈ സാഹചര്യത്തിൽ ബാബുവിന് അവസരം ലഭിച്ചേക്കില്ലെന്നാണ് സൂചന. ബാബു അല്ലേങ്കിൽ സൗമനി ജെയിനെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.

വാഴയ്ക്കൻ കാഞ്ഞിരപ്പള്ളിയിൽ
തർക്കം നിലനിൽക്കുന്ന മൂവാറ്റുപുഴ സീറ്റിൽ ജോസഫ് വാഴയ്ക്കന് വേണ്ടി ഐ ഗ്രൂപ്പും സമ്മർദ്ദം തുടരുന്നുണ്ട്. എഐസിസി സർവ്വേയിൽ മാത്യു കുഴൽനാടനായിരുന്നു മണ്ഡലത്തിൽ മുൻതൂക്കം. കുഴൽനാടൻ തന്നെ മത്സരിക്കട്ടേയെന്നാണ് ഹൈക്കമാന്റ് നിലപാട്. അങ്ങനെയെങ്കിൽ വാഴയ്ക്കനെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിച്ചേക്കും.

ചാലക്കുടിയിൽ പ്രതിഷേധം
അതേസമയം കുഴൽനാടനെ ഒഴിവാക്കിയാൽ മറ്റേത് മണ്ഡലത്തിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ചാലക്കുടിയിലേക്ക് ആലോചിക്കുന്നുണ്ടെങ്കിലും പരിഗണിക്കുന്നുണ്ടെന്ന വാർത്ത വന്നതോടെ ഇവിടെ പ്രതിഷേധം ഉയരുന്നുണ്ട്.ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.

കണ്ണൂരിൽ സതീശൻ പാച്ചേനി
അതിനിടെ മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന് ഉറപ്പായതോടെ കണ്ണൂർ മണ്ഡലത്തിൽ സതീശൻ പാച്ചേനിയെ മത്സരിപ്പിച്ചേക്കും. നേരത്തേ മുല്ലപ്പള്ളി കണ്ണൂർ മത്സരിച്ചാൽ ഇരിക്കൂറിലേക്ക് പാച്ചേനിയെ പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ കെസി ജോസഫിന്റെ ഇരിക്കൂറിൽ അദ്ദേഹത്തിന് പകരം രണ്ട് പേരാണ് പരിഗണിക്കുന്നത്. സജീവ് ജോസഫിന്റേയും സോണി സെബാസ്റ്റ്യന്റേയും. കഴിഞ്ഞ തവണയും സജീവ് ജോസഫിനെ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു.

ധർമ്മജൻ ബോൾഗാട്ടി
ബാലുശേരിയിൽ ധർമ്മജൻ ബോൾഗാട്ടി സ്ഥാനാർത്ഥിയാകും.ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ ധർമ്മജൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് നോർത്തിൽ കെഎം അഭിജിത്തിനും നാദാപുരത്ത് കെ പ്രവീൺ കുമാറിനും ടിക്കറ്റ് നൽകും. കൊയിലാണ്ടിയിൽ എൻ സുബ്രഹ്മണ്യൻ,കെപി അനിൽ കുമാർ എന്നി രണ്ട് പേരുകൾ പരിഗണിക്കുന്നുണ്ട്. കൽപ്പറ്റയിൽ ടി സിദ്ധിഖിനും ടിക്കറ്റ് നൽകും.മാനന്തവാടിയിൽ മുൻ മന്ത്രി പികെ ജയലക്ഷ്മി സ്ഥാനാർത്ഥിയാകും.

പൊന്നാനിയിൽ
മലപ്പുറത്ത് നിലമ്പൂരിൽ വിവി പ്രകാശാണ് മത്സരിക്കുക. പൊന്നാനിയിൽ എഎം രോഹിത്തിനും തരൂരിൽ കെ എ ഷീബയ്ക്കുമാണ് സാധ്യത. പട്ടാമ്പിയിൽ കെഎസ്ബിഎ തങ്ങളാകും സ്ഥാനാർത്ഥി. നേരത്തേ കെപിസിസി വൈസ് പ്രസിന്റ് സിപി മുഹമ്മദിന്റെ പേര് പരിഗണിച്ചിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

തൃശ്ശൂരിൽ പദ്മജ തന്നെ
തൃശ്ശൂരിൽ പദ്മജ വേണുഗോപാൽ മത്സരിക്കും. പദ്മജയുടെ സ്ഥാനാർത്ഥിത്വം നേരത്തേ തന്നെ ഉറപ്പിച്ചതായിരുന്നു. ഇത്തവണ വിഎസ് സുനിൽകുമാർ മത്സരിക്കാനില്ലാത്ത സാഹചര്യത്തിൽ മണ്ഡലത്തിൽ പദ്മജയ്ക്ക് അനുകൂലമാണ് കാര്യങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. കൊടുങ്ങല്ലൂരിൽ സിഎസ് ശ്രീനിവാസന് ടിക്കറ്റ് നൽകും.

പൂഞ്ഞാറിൽ ടോമി കല്ലാനി
കൊച്ചിയിൽ ടോമിണി ചമ്മിണി, വൈക്കത്ത് പിആർ സോന, പൂഞ്ഞാറിൽ ടോമി കല്ലാനി, കായംകുളത്ത് എം ലിജു, ചേർത്തലയിൽ എസ് ശരത് എന്നിവർക്കാണ് സാധ്യത. റാന്നിയിൽ റിങ്കു ചെറിയാൻ, കഴക്കൂട്ടത്ത് ജെഎസ് അഖിൽ എന്നിവർക്ക് ടിക്കറ്റ് ലഭിച്ചേക്കും. വാമനപുരത്ത് ആനാട് ജയൻസ പാറശാലയിൽ അൻസജിത റസൽ, നെടുമങ്ങാട് ബിആർഎം ഷെഫീർ എന്നിവകാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

എംഎൽഎമാർ മത്സരിക്കും
ശക്തമായ പോരാട്ടം നടക്കുന്ന നേമത്തും വട്ടിയൂർക്കാവിലും അപ്രതീക്ഷിത സ്ഥാനാർത്ഥികളെത്തിയേക്കും എന്നാണ് റിപ്പോർട്ട്. അതേസമയം കെസി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാർക്കെല്ലാം ഇത്തവണയും സീറ്റ് നൽകാനും സ്ക്രീനിംഗ് കമ്മിറ്റിയിൽ തിരുമാനമായിട്ടുണ്ട്.


Click it and Unblock the Notifications