പാണക്കാട് പരാമര്‍ശത്തില്‍ എ വിജയരാഘവനെ തിരുത്തി സിപിഎം; അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണം
തിരുവനന്തപുരം: സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ പാണക്കാട് പരാമര്‍ശം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം നിലനില്‍ക്കെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ എത്തിയതിനെതിരെയായിരുന്നു വിജയരാഘവന്റെ പരമാര്‍ശം.

എന്നാല്‍ വിജയരാഘവനെ തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് പാര്‍ട്ടി. വിജയരാഘവന്റെ വിവാദ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് സിപിഎം വിലയിരുത്തി. കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇങ്ങനെ ഒരു അഭിപ്രായം ഉയര്‍ന്നത്. ഇത് വിജയരാഘവനും അംഗീകരിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണമെന്ന് യോഗം വിലയിരുത്തി.
എല്‍ഡിഎഫ് യോഗം നടന്ന കഴിഞ്ഞ 27ാം തീയതിയായിരുന്നു വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയത്. പാണക്കാട്ടേയ്ക്കുള്ള ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും യാത്രയാണ് ഇന്നത്തെ പ്രഭാത വാര്‍ത്ത. ലക്ഷ്യം വ്യക്തമാണ്. മതാധിഷ്ഠിത രാഷ്ട്രീയ ശക്തികളുമായി കൂട്ടുകെട്ട് വിപുലീകരിക്കുക. എന്ന നിലയിലേക്ക് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വം ചുരുങ്ങിപ്പോയി എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
പരാമര്‍ശത്തെ തുടര്‍ന്ന് വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പച്ചയായ വര്‍ഗീയതയാണ് വിജയരാഘവന്ഡ പറയുന്നതെന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനം. ലീഗ് യുഡിഎഫിന്റെ രാഷ്ട്രീയ കക്ഷിയാണെന്നും അതിന്റെ പ്രസിഡന്റുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.












Click it and Unblock the Notifications