ദേവികുളത്ത് എതിരാളിക്കായി സിപിഎമ്മിന്റെ കാത്തിരിപ്പ്; സാധ്യത പട്ടികയിൽ രണ്ടുപേർ
ദേവികുളത്ത് മൂന്ന് ടേം പൂർത്തിയാക്കിയ എസ്.രാജേന്ദ്രനെ പകരക്കാരനെ കണ്ടെത്താനാണ് സിപിഎം തീരുമാനം
തൊടുപുഴ: ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് സിപിഎം മത്സരിക്കുന്നത്, ഉടുമ്പൻചോലയും ദേവികുളവും. ഉടുമ്പൻചോലയിൽ വൈദ്യുതി മന്ത്രികൂടിയായി സിറ്റിങ് എംഎൽഎ എം.എം മണി തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. എന്നാൽ ദേവികുളത്ത് മൂന്ന് ടേം പൂർത്തിയാക്കിയ എസ്.രാജേന്ദ്രനെ പകരക്കാരനെ കണ്ടെത്താനാണ് സിപിഎം തീരുമാനം. എന്നാൽ കഴിഞ്ഞ ദിവസം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ ദേവികുളം ഒഴിച്ചിടുകയായിരുന്നു.
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

തമിഴ് വോട്ടുകൾ
സംവരണ മണ്ഡലമാണ് ദേവികുളം. ഇവിടുത്തെ വോട്ടർമാരിൽ 62 ശതമാനവും തമിഴ് വംശജരാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. തമിഴ് വംശജർക്കിടയിൽ തന്നെയുള്ള ജാതി വേർതിരിവുകൾ ഇരുമുന്നണികളുടെയും വിജയസാധ്യതയെ കാര്യമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഒരേ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥികളായിരിക്കും നേർക്കുന്നേർ എത്തുക. റോസമ്മ പുന്നൂസ് 1957ലും 58ലും വിജയിച്ചതൊഴിച്ചാൽ തമിഴ് വംശജരല്ലാത്ത ആരും ദേവികുളത്ത് നിന്ന് നിയമസഭയിൽ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ദേവികുളത്തെ സ്ഥാനാർഥി നിർണയം ഇരു മുന്നണികൾക്കും ഒരുപോലെ നിർണായകമാണ്. രണ്ട് തട്ടിലുള്ള പള്ളർ, പറയർ വിഭാഗങ്ങളെ ഒപ്പം നിർത്തുന്ന തരത്തിലാകണം സ്ഥാനാർഥി നിർണയം.

സിപിഎം തന്ത്രം
മുന്നണികളുടേയും സ്ഥാനാർഥി പട്ടികയിൽ ഈ രണ്ട് സമുദായങ്ങളിൽ പെട്ടവരുമുണ്ട്. എതിർ സ്ഥാനാർഥി ആരെന്നറിഞ്ഞ് അതേ സമുദായക്കാരനെ പ്രഖ്യാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിപിഎം തന്ത്രപൂർവം ഇവിടത്തെ സ്ഥാനാർഥി പ്രഖ്യാപനം വൈകിപ്പിക്കുന്നത്. പള്ളർ സമുദായത്തിൽ നിന്ന് ആർ.ഈശ്വരൻ, പറയർ സമുദായത്തിൽ നിന്ന് എ.രാജ എന്നിവരാണ് സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. രാജ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ഈശ്വരൻ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമാണ്.

മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസ്
13 തിരഞ്ഞെടുപ്പുകൾക്ക് സാക്ഷിയായ ദേവികുളം മണ്ഡലത്തിൽ മേൽക്കൈ സിപിഎമ്മിന് തന്നെയാണെങ്കിലും അഞ്ച് തവണ യുഡിഎഫ് പ്രതിനിധിയെ നിയമസഭയിലെത്തിച്ച ചരിത്രവും ദേവികുളത്തിനുണ്ട്. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ എ.കെ മണി 1991 മുതൽ 2006 വരെ തുടർച്ചയായി മൂന്ന് തവണ ദേവികുളത്ത് എംഎൽഎ ആയിട്ടുണ്ട്. 2006ൽ സിപിഎം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അടുത്ത രണ്ട് തവണയും രാജേന്ദ്രന് വിജയം ആവർത്തിക്കാനും സാധിച്ചു. ഇത്തവണ മണ്ഡലം തിരികെ പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എ.കെ മോനിക്ക് ഒരു തവണ കൂടി കോൺഗ്രസ് അവസരം നൽകുമോയെന്ന് കാത്തിരുന്നു കാണണം. കഴിഞ്ഞ തവണ 5782 വോട്ടുകൾക്കായിരുന്നു രാജേന്ദ്രൻ മോനിയെ പരാജയപ്പെടുത്തിയത്.

നിർണായക സാനിധ്യമാകാൻ എഐഡിഎംകെ
കഴിഞ്ഞ തവണ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയത് എഐഡിഎംകെയുടെ ആർ.എം ധനലക്ഷ്മിയായിരുന്നു. 11,613 വോട്ടുകൾ നേടിയ എഐഡിഎംകെ ഇരു മുന്നണികൾക്കും ശക്തമായ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഇത്തവണ ബിജെപിയുമായി ചേർന്നാണ് എഐഡിഎംകെ ദേവികുളത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തമിഴ്നാട്ടിൽ എഐഡിഎംകെ - ബിജെപി സഖ്യം മത്സരിക്കുമ്പോൾ അതേ കൂട്ടുകെട്ട് ദേവികുളത്തും ഉണ്ടാകും. തോട്ടം മേഖലയിൽ കൂടുതൽ വോട്ട് നേടാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഘടകകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ബിജെപി സീറ്റ് വിട്ട് നല്‍കിയത്. എന്നാൽ ആരായിരിക്കും സ്ഥാനാർഥിയെന്ന കാര്യത്തിൽ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല.
Recommended Video

വോട്ട് ചിത്രം
ദേവികുളം താലൂക്കില്‍ അടിമാലി, കാന്തല്ലൂര്‍, മാങ്കുളം, മറയൂര്‍, മൂന്നാര്‍, പള്ളിവാസല്‍, വട്ടവട, വെള്ളത്തൂവല്‍, ഇടമലക്കുടി, ഉടുമ്പഞ്ചോല താലൂക്കില്‍ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു ദേവികുളം നിയമസഭാ മണ്ഡലം. 2016ൽ രാജേന്ദ്രൻ 49510 വോട്ടുകൾ നേടിയപ്പോൾ എ.കെ മോനി 43728 വോട്ടുകളും നേടി. ആരുടെയും പിന്തുണയില്ലാതെ മത്സരിച്ച എഐഡിഎംകെ 2011ൽ നേടിയ 646 വോട്ടുകളിൽ നിന്ന് 2016ലേക്ക് എത്തിയപ്പോൾ 11613 വോട്ടുകളിലേക്ക് ഉയർന്നു.
നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications