മലയാളിയുടെ അഭിമാനം ഉയർത്തിയ 5 വർഷങ്ങൾ, കേരള ജനത ഉറപ്പിച്ചു കഴിഞ്ഞെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: ഒരിടത്തു പോലും കേരളത്തിന് തലകുനിക്കേണ്ടി വന്നിട്ടില്ലാത്ത 5 വർഷമാണ് കടന്ന് പോയതെന്ന് ഇപി ജയരാജൻ. സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്നും ജനം പോളിംഗ് ബൂത്തിലെത്താൻ കാത്തിരിക്കുകയാണ് എന്നും ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
'' കേരള ജനത ഉറപ്പിച്ചു കഴിഞ്ഞു, എൽ ഡി എഫിന് തുടർഭരണത്തിനുള്ള അംഗീകാരം നൽകും. സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളുടെയും ഓരോ സ്പന്ദനത്തിലും ഇക്കാര്യം വ്യക്തമാണ്. നാളെ പോളിങ്ങ് ബൂത്തിൽ എത്താൻ അവർ കാത്തിരിക്കുകയാണ്. നാടിന്റെ നന്മയും വികസനവും തുടർന്നും നടപ്പാക്കാനുള്ള അംഗീകാരം എൽഡിഎഫിന് നൽകാൻ. മുമ്പ് ഒരു തെരഞ്ഞെടുപ്പിലും കാണാത്ത നിശ്ചയദാർഢ്യം കേരള ജനതയിലാകെ പ്രകടമാണ്. ഇതാണ് തെരഞ്ഞെടുപ്പിന് തൊട്ടു തലേന്നുള്ള കേരളത്തിന്റെ നേർ ചിത്രം. സർവെകളും അഭിപ്രായം തേടലുകളും ഇക്കാര്യം ഉറപ്പിച്ചതാണ്.
ജനങ്ങളുടെ മനസിൽ ഇത്ര ശക്തമായ ഉറപ്പ് ഉണ്ടാകാനുള്ള കാരണം കൃത്യമാണ്. ഒരു ഗവൺമെന്റ് കഴിഞ്ഞ 5 വർഷം ഒരു ജനതയെ കാത്തുസൂക്ഷിച്ചതിന്റെ, ജനക്ഷേമം വ്രതമായി കണ്ടതിന്റെ, ഒരു നാടിന്റെ വികസനം ഇഛാശക്തിയോടെ നടപ്പാക്കിയതിന്റെ പ്രതിഫലനമാണത്. ഒരാളെ പോലും, ഒരു വിഭാഗത്തെ പോലും, ഒരു മേഖലയെ പോലും മാറ്റി നിർത്താതെയുള്ള പ്രവർത്തനങ്ങളാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്. ഭക്ഷണം മാത്രമല്ല, സ്വതന്ത്രമായ ചിന്തയും ജീവിതവും മനുഷ്യന് ആവശ്യമാണ്.

ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും പ്രതീക്ഷയുടെ തുരുത്തായി കേരളം നിലകൊള്ളുകയാണ്. കഴിഞ്ഞ 5 വർഷം ഒരു വർഗീയ ലഹള പോലും കേരളത്തിൽ ഉണ്ടായില്ല. അഴിമതിയുടെ കള്ളക്കഥകളെല്ലാം ചീറ്റിപ്പോയി. അത്രമാത്രം സുതാര്യവും ആത്മാർത്ഥവുമായിരുന്നു ഗവൺമെന്റിന്റെ നടപടികൾ. ലോകത്തിന് മുന്നിൽ മലയാളിയുടെ അഭിമാനം ഉയർത്തിയ 5 വർഷങ്ങളാണ് കടന്നു പോയത്. ഒരിടത്തു പോലും കേരളത്തിന് തലകുനിക്കേണ്ടി വന്നില്ല. അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, ക്രമസമാധാനം, വ്യവസായം, ഐ ടി തുടങ്ങിയ മേഖലകളിലെല്ലാം ഒന്നാം കിട സംസ്ഥാനം എന്ന നിലയിലേക്ക് ഉയർന്നു. ആരോഗ്യരംഗത്തെ പുരോഗതിയുടെ ഗുണം കൊവിഡ് പ്രതിരോധത്തിൽ പ്രകടമായി. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, വ്യവസായം എന്നീ രംഗങ്ങളിലെ വികസനത്തിന്റെ ഗുണം തുടർന്നുള്ള കാലങ്ങളിൽ അനുഭവിക്കാനാകും.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി, സമ്പൂർണ്ണ വൈദ്യുതീകരണം തുടങ്ങിയവ ജനജീവിതത്തിൽ പ്രകടമായ ഉന്നമനത്തിന് വഴിയൊരുക്കി. വർഗീയതയുടെയും കുത്തകവൽക്കരണത്തിന്റെയും ഭീകരത പേറുന്ന കേന്ദ്ര നിലപാടുകളെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷം അടക്കമുള്ള ഛിദ്രശക്തികളെയും ഫലപ്രദമായി ചെറുത്തു കൊണ്ടാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. നാടിനെയും ജനങ്ങളെയും ഒറ്റുകൊടുക്കുന്ന യു ഡി എഫിനെയും വർഗീയ മുതലെടുപ്പിന്റെ വിഷം ചീറ്റുന്ന എൻ ഡി എ യെയും കേരള മണ്ണിൽ നിന്ന് തൂത്തെറിയണം. നവകേരള നിർമ്മിതിയിലെ സുപ്രധാന കാലഘട്ടമാണ് അടുത്ത 5 വർഷം. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. നാടിന്റെ നന്മയ്ക്കും വികസനത്തിനും എൽ ഡി എഫ് ഗവൺമെന്റ് തുടരണം. ഏപ്രിൽ 6 ന് കേരളം ആ ഉറപ്പ് നൽകും''.












Click it and Unblock the Notifications