കൈവിട്ട കളിക്ക് കോണ്‍ഗ്രസ്; ഭരണം ലഭിച്ചാല്‍ വിദ്യഭ്യാസ വകുപ്പ് ലീഗിന് നല്‍കിയേക്കില്ല,ലക്ഷ്യം വോട്ട്
തിരുവനന്തപുരം: യുഡിഎഫില്‍ മുസ്ലിം ലീഗിന്‍റെ അപ്രമാദിത്വം എന്ന സിപിഎം ആരോപണം വലിയ പ്രതിസന്ധികളിലേക്കാണ് യുഡിഎഫിനെ ചെന്ന് കൊണ്ടെത്തിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സഖ്യം മധ്യകേരളത്തിലെ യുഡിഎഫിന്‍റെ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്ന വിലയിരുത്തല്‍ ഉണ്ടായതിന് പിന്നാലെയാണ് 'യുഡിഎഫിന്‍റെ വര്‍ഗീയ കൂട്ട് കെട്ട്' എന്ന ആരോപണം ഇടതുപക്ഷം ശക്തമാക്കിയത്. യുഡിഎഫില്‍ ലീഗിന് നല്‍കുന്ന വലിയ പരിഗണനയില്‍ അതൃപ്തിയുള്ള ക്രിസ്ത്യന്‍-ഭൂരിപക്ഷ സമൂദായത്തിലൂടെയാണ് ഇടത് പക്ഷം ഈ പ്രചാരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോട പ്രതിസന്ധിയിലായ യുഡിഎഫ് ചില നിര്‍ണ്ണായക തിരൂമാനങ്ങളിലേക്ക് കടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്രിസ്ത്യന്‍ വോട്ടുകള്‍
ക്രിസ്ത്യന്‍ വോട്ടുകള്‍ വലിയ തോതില്‍ മുന്നണിയില്‍ നിന്ന് ചോര്‍ന്നു പോയതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ തിരിച്ചടി നല്‍കിയത്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് വോട്ടുകള്‍ വലിയ തോതില്‍ എല്‍ഡിഎഫില്‍ എത്തിച്ചെങ്കിലും മലബാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യവും ക്രിസ്ത്യന്‍ സമൂഹത്തെ മുന്നണിയില്‍ നിന്നും അകറ്റിയെന്നാണ് നിഗമനം.

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലീഗിനേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും മുന്‍ നിര്‍ത്തി ഇടതുപക്ഷം ആരോപണം ശക്തമാക്കുന്നതിലെ അപകടം യുഡിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സാമുദായിക സംഘടനാ നേതാക്കളെ നേരില്‍ കണ്ട് ചില ഉറപ്പുകള്‍ യുഡിഎഫ് നല്‍കിയിട്ടുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ ഏറ്റവും പ്രധാനം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

വിദ്യാഭ്യാസ വകുപ്പ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ചാല്‍ വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് നല്‍കില്ലെന്ന് ഉറപ്പുകൊടുത്ത് സാമുദായിക വിഭാഗങ്ങളെ അനുനയിപ്പിക്കാന്‍ യുഡിഎഫില്‍ നീക്കം നടക്കുന്നതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലീഗിന് യുഡിഎഫില്‍ അപ്രമാദിത്വമെന്ന ആക്ഷേപം പൊളിച്ചടുക്കാനും ക്രിസ്തീയ സഭാനേതൃത്വങ്ങളുടെ എതിര്‍പ്പ് കുറയ്ക്കാനുമാണ് ഇത്തരമൊരു നീക്കം.

കോണ്‍ഗ്രസ് ഏറ്റെടുക്കണം
കഴിഞ്ഞ ഏറെ കാലമായി യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോഴെല്ലാം വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിനാണ് കൈമാറുന്നത്. ഇതില്‍ പല സാമൂദായിക സംഘടനകള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. മുമ്പ് പലരും ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അധികാരം ലഭിച്ചാല്‍ മുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് തന്നെ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കണമെന്ന നിര്‍ദേശമാണ് പല സമുദായങ്ങള്‍ക്കും ഉള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വിവിധ ക്രിസ്ത്യന്‍ സഭാ അധ്യക്ഷന്‍മാരുമായി കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ഉയര്‍ന്നെന്നാണ് സൂചന. മുസ്ലിം ലീഗ് തന്നെ ഇക്കാര്യം സഭാനേതൃത്വങ്ങളേയും മറ്റും അറിയിക്കണമെന്ന ആലോചനയാണ് മുന്നണിയില്‍ ഉള്ളത്. വിദ്യാഭ്യാസ വകുപ്പിന് പകരം പ്രധാനമായ മറ്റേതെങ്കിലും വകുപ്പ് മുസ്ലിം ലീഗിന് നല്‍കിയേക്കും. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗില്‍ നിന്നും ഏറ്റെടുത്തല്‍ ഉണ്ടാകാവുന്ന വിമര്‍ശനങ്ങളേയും കോണ്‍ഗ്രസ് മുന്നില്‍ കാണുന്നുണ്ട്.

ഓര്‍ത്തഡോക്സ് സഭ
ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാന്‍ കഴിഞ്ഞ ദിവസം പാണക്കാട് എത്തി ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത് ശുഭസൂചകമായാണ് മുന്നണി കാണുന്നത്. കേരളത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതില്ലെന്ന് തെളിയിക്കാന്‍ കൂടിയാണ് പാണക്കാട് സന്ദര്‍ശനമെന്നുമായിരുന്നു ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധി
സഭാ തര്‍ക്ക കേസില്‍ കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണണെന്നും ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. സഭാ തര്‍ക്കം പരിഹരിക്കാനാണ് സുപ്രീം കോടതി വിധിയുണ്ടായത്. അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ഓര്‍ത്തഡോക്സ് വിഭാഗത്തിനുണ്ട്. ഈ സാധ്യത പരമാവധി ഉപയോഗിച്ച് ക്രിസ്തീയ വിഭാഗങ്ങളുടെ കൂടി പിന്തുണ തേടി എടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതേസമയം യാക്കോബായ സഭയുടെ സര്‍ക്കാര്‍ അനുകൂല നിലപാട് തിരിച്ചടിയാണ്.

യുഡിഎഫ് പ്രതീക്ഷ
ലീഗില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കാനുള്ള നീക്കത്തെ എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കം പിന്തുണച്ചേക്കും. ഇത്തരത്തില്‍ മൂന്ന് സമുദായങ്ങളുടെ സമ്പൂര്‍ണ പിന്തുണ കിട്ടിയാല്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് പോയതിനെ വിമര്‍ശിച്ച എ വിജയരാഘവന്‍റെ പ്രസ്താവനകളെ ശക്തമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

ഇടത് തന്ത്രം
അതേസമയം തന്നെ ലീഗിനെതിരെ നിരന്തരം വിമര്‍നം ഉയര്‍ത്തി അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ തന്നെ രംഗത്ത് ഇറക്കുന്നതിലൂടെ തന്ത്രപൂര്‍വ്വമായ കരുനീക്കമാണ് ഇടതുപക്ഷം നടത്തുന്നതെന്ന വിലയിരുത്തലും ഉണ്ട്, ലീഗ്-വെല്‍ഫെയര്‍-കോണ്‍ഗ്രസ് ബന്ധം സജീവ ചര്‍ച്ചാ വിഷയമാക്കി നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ട് പോവാനാണ് ഇടതുപക്ഷത്തിന് താല്‍പര്യം.

മറുപടി പറയുന്നത് യുഡിഎഫ്
തദ്ദേശ തിരഞ്ഞെുടുപ്പില്‍ പ്രധാനമായും പ്രചരാണ വിഷമായിരുന്ന സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ ആരോപണങ്ങള്‍ക്ക് ഒന്നും ഇപ്പോള്‍ പഴയ ആവേശമില്ല. നിലവില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് യുഡിഎഫ് മറുപടി നല്‍കേണ്ട സാഹചര്യമാണ് ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ സാധാരണ ഗതിയില്‍ പ്രതിപക്ഷ ആരോപണങ്ങളുടെ മുള്‍മുനയില്‍ സര്‍ക്കാര്‍ ഉണ്ടാവുന്ന അവസ്ഥ മാറിയെന്നതാണ് ഇടതുപക്ഷം വിലയിരുത്തുന്നത്.












Click it and Unblock the Notifications