വൻ ട്വിസ്റ്റ്; കെവി തോമസ് എൽഡിഎഫിലെത്തുക കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലൂടെ?..ചർച്ച നടത്തി
എറണാകുളം; നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇടതുമുന്നണിയുമായി കൈകോർത്ത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങൾ ശക്തമാക്കിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. പലവിധ വിലപേശലുകൾ തോമസ് യുഡിഎഫിൽ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഹൈക്കമാന്റ് നേതൃത്വം.
ഇതോടെ ഇടതുമുന്നണിയിൽ തോമസ് അഭയം പ്രാപിക്കുമെന്ന കാര്യം ഏറെ കുറെ വ്യക്തമാണ്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലൂടെ ഇടതുപ്രവേശനം നടത്താനാണ് കെവി തോമസിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

സീറ്റ് നിഷേധിച്ചതോടെ
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടത് മുതൽ യുഡിഎഫുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു കെവി തോമസ്. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റിനായി ചരടുവലി നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് നിയസഭ തിരഞ്ഞെടുപ്പിൽ കൊച്ചി, എറണാകുളം സീറ്റുകളിൽ മത്സരിക്കാനുള്ള താത്പര്യം കെവി തോമസ് നേതൃത്വത്തെ അറിയിച്ചത്.

കടുത്ത വിമർശനം
എന്നാൽ 35 വർഷം എംപിയും എംഎൽഎയും ആയിരുന്ന ഒരാൾ ഇനിയും പദവികൾ വേണമെന്ന ആവശ്യം ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം. തോമസിന്റെ സീറ്റ് മോഹത്തിനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ വിമർശനം ഉയർത്തിയിട്ടുണ്ട്.തോമസിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുൻപിൽ വഴങ്ങേണ്ടതില്ലെന്ന് ഹൈക്കമാന്റും കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

യുഡിഎഫിന്റെ ഭാഗമായി
ഇതോടെ ഇനി യുഡിഎഫിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കെവി തോമസ് എൽഡിഎഫിലേക്കുള്ള വഴികൾ തേടുന്നത്.
നേരിട്ട് ഇടതുമുന്നണിയിലേക്ക് ചേരുന്നതിന് പകരം കേരള കോൺഗ്രസ് മാണി വിഭാഗവുമായി ചേർന്ന് എൽഡിഎഫിന്റെ ഭാഗമാകുകയെന്ന സാധ്യതയാണ് തോമസ് തേടുന്നത്.

സജീവമായി തുടരാൻ
രാഷ്ട്രീയത്തിൽ സജീവമായി തന്നെ തുടരാനും നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാനും കേരള കോൺഗ്രസിലൂടെ സാധിക്കുമെന്നാണ് തോമസിന്റെ കണക്ക് കൂട്ടൽ.
ഇതിനോടകം തന്നെ ഇത്തരത്തിലുള്ള ചർച്ചകൾ തോമസ് നടത്തി കഴിഞ്ഞതായാണ് വിവരം. നിലവിൽ എറണാകുളം സീറ്റാണ് അദ്ദേഹത്തിന്റ ലക്ഷ്യം.

ജയിച്ച് കയറിയത്
നിയമസഭയിലേക്കും ലോക്സഭയിലേക്കും ഇവിടെ നിന്നാണ് മുൻപ് ജയിച്ചത് എന്നതിനാൽ ബന്ധങ്ങൾ തുണയ്ക്കുമെന്നും വിജയ സാധ്യത ഏറെയാണെന്നും തോമസ് കരുതുന്നുണ്ട്.അതല്ലേങ്കിൽ കേരള കോൺഗ്രസിന്റെ കൈവശം ഉള്ള രാജ്യസഭ സീറ്റ് എന്ന സാധ്യതയും തോമസ് തേടിയേക്കും.

എറണാകുളം സീറ്റിന്
അതേസമയം നിയമസഭ സീറ്റിനാണ് കെവി തോമസ് മുൻതൂക്കം നൽകുന്നത്. ബാലികേറാമലയായ എറണാകുളം സീറ്റ് പിടിച്ചെടുക്കാന്‍ കെവി തോമസിന് കഴിഞ്ഞേക്കുമെന്ന കണക്കുകൂട്ടല്‍ ചില സിപിഎം നേതാക്കൾക്കുമുണ്ട്.
ലത്തീൻ വിഭാഗത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവ് കൂടിയാണ് കെവി തോമസ്.

ഗുണകരമാകും
അതുകൊണ്ട് തന്നെ അത്തരമൊരു നേതാവിനെ മത്സരിപ്പിക്കുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ചും എളുപ്പമായേക്കില്ല. തോമസ് തന്നെ എത്തിയാൽ വ്യക്തിപരമായ വോട്ടും സമുദായ വോട്ടുമെല്ലും പെട്ടിയിലാകുമെന്നും ഇടത് മുന്നണി കണക്ക് കൂട്ടുന്നുമഅട്.
അതേസമയം നാളെ തന്റെ നിർണായക തിരുമാനം പ്രഖ്യാപിക്കുമെന്നാണ് കെവി തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

ചർച്ച നടത്തി
അതിന് മുൻപായി തന്റെ അടുത്ത അനുയായികളോടും അടുപ്പക്കാരോടും സഭാ നേതൃത്വത്തോടുമെല്ലാം കെവി തോമസ് ആശയ വിനിമയം നടത്തി കഴിഞ്ഞിട്ടുണ്ട്. അതിനിടെ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാനായി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി ഇടപെട്ടു.

ഇടപെട്ട് ഉമ്മൻചാണ്ടി
അദ്ദേഹം കെവി തോമസുമായി ഫോണിൽ സംസാരിക്കുകയും നാളെ നടക്കുന്ന കെപിസിസി യോഗത്തിൽ പങ്കെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിന് പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് കെവി തോമസ് അറിയിച്ചിരിക്കുന്നത്. അതിനിടെ തന്നെ അനുനയിപ്പിക്കാനായി വിളിക്കുന്ന കോൺഗ്രസ് നേതാക്കളോട് തന്റെ അടുത്ത ബന്ധുവിന് നിയമസഭ സീറ്റ് നൽകണമെന്ന ആവശ്യവും തോമസ് മുന്നോട്ട് വെച്ചതായാണ് വിവരം.

തിരിച്ചടിയാകും
അതേസമയം അനുനയ നീക്കങ്ങളെല്ലാം തള്ളി തോമസ് എൽഡിഎഫിലെത്തിയാൽ അത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. എറണാകുളത്തും കെച്ചിയിലും തിരഞ്ഞെടുപ്പിൽ ഇത് സ്വാധീനിച്ചേക്കുമെന്ന ഭീതിയും കോൺഗ്രസിനുണ്ട്.
രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തു, സർക്കാരിന്റെ നിശബ്ദത അംഗീകരിക്കാനില്ല; ആഞ്ഞടിച്ച് സോണിയ ഗാന്ധി