എൽഡിഎഫിനെത്ര യുഡിഎഫിനെത്ര? സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും ഒരു മാസത്തോളം കാത്തിരുന്നാലേ കേരളം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുന്നണികളും പാര്‍ട്ടികളും കണക്ക് കൂട്ടലുകളിലും കിഴിക്കലുകളിലും മുഴുകിയിരിക്കുകയാണ്.
ബൂത്ത് തല കണക്കുകള്‍ പരിശോധിച്ച് എത്ര സീറ്റുകള്‍ കിട്ടുമെന്നും കയ്യില്‍ നിന്ന് പോകുമെന്നതും സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഇടതുപക്ഷം തൂത്തുവാരും
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച് തുടര്‍ഭരണം നേടും എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് വിവരം. തിരുവനന്തപുരം ജില്ല ഇക്കുറി ഇടതുപക്ഷം തൂത്തുവാരും എന്നാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ കോവളം മാത്രമാണ് യുഡിഎഫിന് ലഭിക്കുകയെന്നും ബാക്കി സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

ആത്മവിശ്വാസത്തില്‍ ഇടത് മുന്നണി
തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തുടര്‍ഭരണം ഉറപ്പിച്ച ആത്മവിശ്വാസത്തില്‍ ആയിരുന്നു ഇടത് മുന്നണി. അവരുടെ പ്രചാരണങ്ങളും അത്തരത്തില്‍ ആയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ആത്മവിശ്വാസം ഉയര്‍ന്ന നിലയില്‍ ആണ് യുഡിഎഫ്. ബിജെപിക്കും ഇത്തവണ വലിയ പ്രതീക്ഷകളുണ്ട്. വിജയം ഉറപ്പിച്ച് പാലക്കാട് ഇ ശ്രീധരന്‍ എംഎല്‍എ ഓഫീസ് വരെ തുറന്ന് കഴിഞ്ഞു.

82 മുതല്‍ 85 വരെ സീറ്റുകള്‍
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വോട്ടായിട്ടുണ്ട് എന്നാണ് ഇടതുമുന്നണി കണക്ക് കൂട്ടുന്നത്. അതേസമയം ശബരിമല അടക്കമുളള വിഷയങ്ങള്‍ സഹായിക്കുമെന്ന് യുഡിഎഫും എന്‍ഡിഎയും വിലയിരുത്തുന്നു. ഭരണത്തുടര്‍ച്ച സ്വപ്‌നം കാണുന്ന ഇടത് മുന്നണി 82 മുതല്‍ 85 വരെ സീറ്റുകള്‍ ആണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 91 സീറ്റുകള്‍ ആയിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്.

അടിയൊഴുക്കുകള്‍
വോട്ടെടുപ്പിന് പിന്നാലെ വോട്ട് മറിക്കല്‍ ആരോപണം ഉയര്‍ത്തി കോന്നിയിലേയും മലമ്പുഴയിലേയും അടക്കം ഇടത് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം അടിയൊഴുക്കുകള്‍ വിജയം ഉറപ്പുള്ള ചില മണ്ഡലങ്ങളിലെ എങ്കിലും ഫലത്തെ ബാധിക്കുമോ എന്നുളള ആശങ്ക സിപിഎമ്മിനുണ്ട്. കോന്നിയിലും മലമ്പുഴയിലും ആറന്മുളയിലും അടക്കം യുഡിഎഫ്- ബിജെപി വോട്ട് മറിക്കല്‍ നടന്നു എന്നാണ് സിപിഎം ആരോപിക്കുന്നത്.

തികഞ്ഞ വിജയപ്രതീക്ഷ
യുഡിഎഫും തികഞ്ഞ വിജയപ്രതീക്ഷയില്‍ ആണുളളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പുളള ചില പതിവ് പൊട്ടിത്തെറികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പ്രചാരണത്തില്‍ അടക്കം ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്. പ്രചാരണം ആദ്യം തുടങ്ങി ഇടത് മുന്നണി മുന്നേറിയെങ്കിലും പിന്നാലെ എത്തിയ യുഡിഎഫും ശക്തമായി തന്നെ കളം നിറഞ്ഞു.

പല ശക്തി കേന്ദ്രങ്ങളിലും വിള്ളല്‍
75 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ച് എത്താനാവും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. ഇടതുപക്ഷത്തിന്റെ പല ശക്തി കേന്ദ്രങ്ങളിലും വിള്ളല്‍ വീഴ്ത്താനായിട്ടുണ്ട് എന്നാണ് യുഡിഎഫ് വിലയിരുത്തല്‍. മലബാറില്‍ മികച്ച മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ടെന്ന് യുഡിഎഫ് കരുതുന്നു. കഴിഞ്ഞ തവണ ഇടത് പക്ഷം തേരോട്ടം നടത്തിയ കൊല്ലം ജില്ലയില്‍ ചില മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍.
Recommended Video

5 സീറ്റ് വരെ
മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേട്ടം കൊയ്ത പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഇക്കുറി കാറ്റ് മാറി വീശിയിട്ടുണ്ട് എന്നും യുഡിഎഫ് കരുതുന്നു. ബിജെപി ഇത്തവണ കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് 5 സീറ്റ് വരെയാണ്. നേമം നിലനിര്‍ത്താനാകുമെന്നും ഒപ്പം പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം അടക്കമുളള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനാവുമെന്നും ആണ് ബിജെപി കണക്ക് കൂട്ടുന്നത്. 35 സീറ്റ് വരെ കിട്ടിയാല്‍ സര്‍ക്കാരുണ്ടാക്കും എന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്.












Click it and Unblock the Notifications