957 സ്ഥാനാർഥികൾ, 2.74 കോടി വോട്ടർമാർ; കേരളം നാളെ പോളിങ് ബൂത്തിലേക്ക്
നാളെ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് വോട്ടെടുപ്പ്
തിരുവനന്തപുരം: കേരളം 15-ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് സജ്ജമായി കഴിഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ, മുന്നണി കൂട്ടുകെട്ടുകളിൽ നിർണായകമായ തിരഞ്ഞെടുപ്പിനാണ് കേരളം നാളെ പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2.74 കോടി വോട്ടർമാർക്ക് ഇത്തവണ സമ്മതിദാന അവകാശമുണ്ട്.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

നിശബ്ദ പ്രചാരണം
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. അവസാന മണിക്കൂറുകളിലും പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും മുന്നണികളും. നാളെ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് വോട്ടെടുപ്പ്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളായതിനാലാണ് ഇത്.

തുടർഭരണത്തിന് എൽഡിഎഫ്
വികസന - ജനക്ഷേമ പ്രവർത്തനങ്ങൾ പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കിയായിരുന്നു ഇടത് മുന്നണിയുടെ ക്യാമ്പയിൻ. വിദ്യഭ്യാസ, ആരോഗ്യ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ തന്നെയാണ് ഉയർത്തികാട്ടിയത്. പലപ്പോഴും പ്രതിപക്ഷത്തെ മുഖ്യമന്ത്രി തന്നെ വെല്ലുവിളിക്കുന്നതും കണ്ടു. ഒപ്പം വർഗീയ ശക്തികൾക്കെതിരായ പോരാട്ടമെന്ന ടാഗ്‌ലൈൻ ഇത്തവണയും ഇടത് മുന്നണി ഉയർത്തി കാട്ടുന്നു. ചാനൽ സർവേകളെല്ലാം ഇടത് മുന്നണിക്ക് തുടർഭരണം പ്രവചിച്ചുവെന്നതും ശ്രദ്ധേയമാണ്.

ആരോപണങ്ങളുമായി പ്രതിപക്ഷം
തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്നതിന് ശേഷം ഒന്നിന് പിന്നാലെ ഒന്നായി വിവിധ ആരോപണങ്ങളുമായാണ് സർക്കാരിന്റെ വികസന മുഖഛായയെ പ്രതിപക്ഷം നേരിട്ടത്. ഇരട്ട വോട്ട് മുതൽ കെഎസ്ഇബി കരാർ വരെ വിവിധ വിഷയങ്ങൾ ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് പ്രചരണത്തിലുടനീളം ഉയർത്തികാട്ടി. ചാനൽ സർവേകൾ തള്ളി കൂടുതൽ ഊർജ്ജസ്വലമായിട്ടായിരുന്നു യുഡിഎഫ് പ്രചരണം.

നിർണായക സാനിധ്യമാകാൻ ബിജെപി
ബിജെപിയെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. കേരളത്തിൽ ആദ്യമായി തുറന്ന അക്കൗണ്ട് എന്തുവില കൊടുത്തും നിലനിർത്തുകയും വോട്ട് വിഹിതം കൂട്ടുകയുമാണ് പ്രധാന ലക്ഷ്യമെങ്കിലും കൂടുതൽ സീറ്റുകളും എൻഡിഎ ക്യാമ്പ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയസാധ്യത കൂടുതൽ ഉള്ള മണ്ഡലങ്ങളിൽ പ്രധാന നേതാക്കൾ തന്നെയാണ് മത്സരരംഗത്തുള്ളത്. ശ്രീധരനും സുരേഷ് ഗോപിയമടങ്ങുന്ന താര സ്ഥാനാർഥികളും ബിജെപി പ്രതീക്ഷകൾ സജീവമാക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഇരട്ട വോട്ട് തടയാൻ കർശന നടപടികൾ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ഇരട്ട വോട്ട് വിഷയത്തിൽ കർശന നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം ഒരാൾ ഒറു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പുവരുത്തും. ഇരട്ടവോട്ട് ലിസ്റ്റിലുള്ളയാളുടെ വിരലടയാളവും ഫോട്ടോയും എടുക്കും. ഒരിടത്തു മാത്രമേ വോട്ട് ചെയ്യൂ എന്ന സത്യവാങ്മൂലവും വാങ്ങും. വിരലിലെ മഷി ഉണങ്ങിയ ശേഷമായിരിക്കും ബൂത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുക.

കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ
കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ ശരീരോഷ്മാവ് പരിശോധിക്കും. ക്രമത്തിലധികം ശരീരതാപമുള്ളവരെ മാറ്റി നിറുത്തി, ഒരു മണിക്കൂറിനു ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതലായാൽ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.

കണക്കുകൾ
വോട്ടർമാർ : 2,74,46,039
വനിതകൾ; 1,41,62,025
പുരുഷന്മാർ:1,32,83,724
പോളിംഗ് ബൂത്തുകൾ 40,771
സ്ഥാനാർത്ഥികൾ: 957
വോട്ടർമാർ
40വയസിന് താഴെ :1,10,84,540
40 മുതൽ 60വയസിന് താഴെ:1,06,24,402
60 മുതൽ 80 വയസിന് താഴെ:51,15,033
80 കഴിഞ്ഞവർ : 6,22,064












Click it and Unblock the Notifications