"നേമത്ത് നിന്ന് ഉമ്മൻചാണ്ടി ഒളിച്ചോടി";പിസി ചാക്കോ വൺ ഇന്ത്യയോട്
നേമത്ത് മത്സരിക്കേണ്ടത് ഉമ്മൻചാണ്ടിയെന്ന് എൻസിപി നേതാവ് പി സി ചാക്കോ. നേമം മണ്ഡലത്തിലാണ് ഉമ്മൻചാണ്ടി താമസിക്കുന്നത്.അവിടെ മത്സരിക്കാൻ എന്തുകൊണ്ടും യോഗ്യൻ ഉമ്മൻചാണ്ടി തന്നെയെന്നും പി സി ചാക്കോ പറഞ്ഞു.ഉമ്മൻചാണ്ടി അടക്കമുള്ളവർ നേമത്ത് നിന്ന് ഒളിച്ചോടി.അതുകൊണ്ടാണ് കെ മുരളീധരനെ മത്സരിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം വിമർശിച്ചു.കോൺഗ്രസിൻ്റെ കുടിപ്പക ഒരുകാലത്തും അവസാനിക്കില്ലെന്നും ചാക്കോ 'വൺ ഇന്ത്യ'യോട് പറഞ്ഞു.കെ.സുധാകരൻ കോൺഗ്രസിനെ വിമർശിച്ചത് കട്ടിയായ പദപ്രയോഗം ഉപയോഗിച്ചാണ്.പരസ്യ പ്രതികരണത്തിൽ ഉറച്ചുനിൽക്കാൻ സുധാകരന് കഴിയുന്നില്ല.ആർക്കുവേണ്ടിയും വക്കാലത്ത് പിടിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും ചാക്കോ വ്യക്തമാക്കി.വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ പി സി ചാക്കോയുമായി സംസാരിച്ചപ്പോൾ.
കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

പ്രിയങ്ക നേമത്ത് എത്താതിരുന്നത് എന്തുകൊണ്ടാകും?
കോൺഗ്രസിലെ പ്രശ്നങ്ങൾ ഒരുകാലത്തും അവസാനിക്കില്ല. മുരളീധരൻ എന്തിന് നേമത്ത് മത്സരിക്കാനെത്തി? നേമത്ത് മത്സരിക്കേണ്ടത് ഉമ്മൻചാണ്ടിയല്ലേ? പാർട്ടിയുടെ പ്രസ്റ്റീജ് ആണ് നോക്കുന്നതെങ്കിൽ മത്സരിക്കേണ്ടത് ഉമ്മൻചാണ്ടി ആയിരുന്നു.അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ വീട് പൂജപ്പുരയിലാണ്. നേമം മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലമാണ് പൂജപ്പുര.ഉമ്മൻചാണ്ടി അടക്കമുള്ളവർ ഒളിച്ചോടുമ്പോൾ തെരഞ്ഞെടുപ്പിനെ നേരിടാനെന്ന് പറഞ്ഞ് മുരളീധരൻ വരുന്നതാണ് കാണാൻ കഴിഞ്ഞത്. കോൺഗ്രസിൻ്റെ കുടിപ്പകയുടെ കഥകൾ എല്ലാവർക്കുമറിയാം.

കെ സുധാകരൻ ഇടതുപക്ഷത്തേക്ക് വരുമായിരുന്നോ?
കെ സുധാകരനെ കുറിച്ച് ഒന്നും പറയാൻ താൻ ആഗ്രഹിക്കുന്നില്ല. താൻ പറഞ്ഞതിനെക്കാൾ എത്രയോ കട്ടിയായ പദപ്രയോഗമാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം ഉന്നയിച്ചത്. താൻ വർക്കിംഗ് പ്രസിഡൻ്റായി തുടരുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്യ പ്രതികരണത്തിനെതിരായി എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് കഴിയുമോ എന്നുള്ളത് അദ്ദേഹമാണ് തെളിയിക്കേണ്ടത്. സുധാകരനെ വേണ്ടി വക്കാലത്ത് പിടിക്കേണ്ട ആവശ്യമില്ല.

ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമോ?
കോൺഗ്രസുകാർ കൂറുമാറി വോട്ട് ചെയ്തില്ലെങ്കിൽ ബിജെപി അക്കൗണ്ട് പൂട്ടും. ഇടതുപക്ഷത്തിൻ്റെ ഒരു വോട്ട് പോലും ബിജെപിക്ക് ലഭിക്കില്ല. രാജഗോപാൽ തന്നെ വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യമാണ്, കോൺഗ്രസ്സുകാർ തനിക്ക് വോട്ട് ചെയ്തു എന്നുള്ളത്. നേമത്ത് വോട്ടു കച്ചവടമൊക്കെ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിൻ്റെ സഹായത്തോടെ കടന്നുകൂടാനാണ് ബിജെപിയുടെ ശ്രമം.

എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാകുമോ?
അങ്ങനെ ഒരു വാർത്ത ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നിലവിൽ തെരഞ്ഞെടുപ്പ് രംഗത്തെ പ്രവർത്തനത്തിനാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇതിന് ശേഷം അഖിലേന്ത്യ പ്രസിഡൻ്റുയി ഒരുമിച്ചിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യും. ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കാൻ അദ്ദേഹം ദില്ലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ പറയാം.

കൺവെൻഷനുകളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലല്ലോ?
ഇടതുമുന്നണിയിലെ പ്രവർത്തകരും നേതാക്കളും തന്നെ മികച്ച രീതിയിലാണ് സ്വീകരിക്കുന്നത്. എല്ലാ സമ്മേളനവേദികളിലും വലിയതോതിലാണ് ജനങ്ങളുടെ ആവേശം. മറിച്ചുള്ള ആരോപണം ദോഷൈകദൃക്കുകൾ പറയുന്നതാകും.

കാപ്പന് എലത്തൂർ നൽകിയതിനെക്കുറിച്ച്?
മാണി സി കാപ്പന് ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ പ്രാതിനിധ്യമാണ് അദ്ദേഹത്തിന് മുന്നണി നൽകിയിരിക്കുന്നത്.പരിചയസമ്പന്നരായ ആളുകളെ മാറ്റി നിർത്തിയിട്ടാണ് കാപ്പന് ഏലത്തൂർ സീറ്റ് നൽകിയിട്ടുള്ളത്. കാപ്പന് ഏലത്തൂർ എവിടെയാണെന്ന് പോലും അറിയില്ല. മുല്ലപ്പള്ളി പറഞ്ഞത് കാപ്പൻ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കണമെന്നാണ്.ഒരു പാർട്ടിയായി അംഗീകരിക്കേണ്ട കാര്യമില്ലെന്നും പറയുന്നു.ഇതാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം.കെപിസിസി പ്രസിഡൻ്റിൻ്റെ വാക്കിന് എന്ത് വിലയാണുള്ളത്? ആരാണ് കോൺഗ്രസിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്.കെപിസിസി പ്രസിഡൻ്റാണോ, അതോ രമേശ് ചെന്നിത്തലയോ? കാപ്പനെ പോലുള്ളവർ ഏതൊരു പാർട്ടിക്കും തീരാത്ത ബാധ്യതയായിരിക്കും.

സർവ്വേ ഫലങ്ങൾ അനുകൂലമോ?
സ്വകാര്യ വാർത്താ ചാനലുകൾ പ്രവചിച്ച സർവ്വേ സാധാരണക്കാരൻ്റെ മറുപടിയാണ്. സർവേയ്ക്കപ്പുറമായിരിക്കും ഇടതുപക്ഷത്തിൻ്റെ വിജയം.പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണ്. ഏറ്റവുമധികം സ്വീകാര്യനായ ഭരണാധികാരിയാണ് അദ്ദേഹം. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ മുഖ്യമന്ത്രിക്കുണ്ട്. വ്യക്തമായ ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിക്കും.തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എത്ര സീറ്റുകൾ ലഭിക്കുമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും - പി സി ചാക്കോ വ്യക്തമാക്കി.
ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം