• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനം വൈകും, വന്നാല്‍ കൂട്ടരാജി, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

തിരുവനന്തപുരം: യുഡിഎഫിലേക്ക് വരാനുള്ള പിസി ജോര്‍ജിന്റെ നീക്കം ഇനിയും വൈകും. ചിലപ്പോള്‍ ഈ തിരഞ്ഞെടുപ്പ് സമയത്ത് നടന്നില്ലെന്നും വരാം. ജോര്‍ജ് വന്നാല്‍ യുഡിഎഫില്‍ വലിയ പൊട്ടിത്തെറിയുണ്ടാവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. കോണ്‍ഗ്രസില്‍ കൂട്ടരാജി ഭീഷണിയാണ് ഉയര്‍ന്നിരിക്കുന്നത്. ഈരാറ്റുപ്പോട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം ജോര്‍ജിനെതിരെ രംഗത്തെത്തി. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. ജോര്‍ജിനെ തിരിച്ചുകൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടിക്ക് താല്‍പര്യമില്ല.

ജോര്‍ജിനെ വേണ്ട

ജോര്‍ജിനെ വേണ്ട

ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ജോര്‍ജ് വേണ്ടെന്ന കടുത്ത നിലപാട് എടുത്തിരിക്കുന്നത്. ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും തന്നോടൊപ്പം ഭാരവാഹിത്വം രാജിവെക്കുമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നിസാര്‍ കുര്‍ബാനി പറഞ്ഞു. അത് മാത്രമല്ല, ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും കുര്‍ബാനി പറഞ്ഞു. മുന്‍ നഗരസഭാ അധ്യക്ഷന്‍ കൂടിയാണ് നിസാര്‍ കുര്‍ബാനി. ജോര്‍ജിനെ ഇനി കോണ്‍ഗ്രസിന് ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്.

മുസ്ലീം വിരുദ്ധത

മുസ്ലീം വിരുദ്ധത

പിസി ജോര്‍ജിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ഒരു ജനാധിപത്യ രാജ്യത്തെ ഒരു നേതാവും ഒരു സമുദായത്തെ പറ്റി സംസാരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പിസി ജോര്‍ജ് പറഞ്ഞതെന്നും കുര്‍ബാനി പറഞ്ഞു. നേരത്തെ ഈരാറ്റുപേട്ട ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള ആറ് മണ്ഡലം കമ്മിറ്റികളും പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതാണ്. അതുകൊണ്ട് ഇവരെ തള്ളി ജോര്‍ജിനെ തിരിച്ചെടുക്കുക കോണ്‍ഗ്രസിന് വലിയ ബുദ്ധിമുട്ടായിരിക്കും.

കോണ്‍ഗ്രസ് കുരുക്കില്‍

കോണ്‍ഗ്രസ് കുരുക്കില്‍

പിസി ജോര്‍ജിനെ മുന്നണിയിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും രമേശ് ചെന്നിത്തല നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് ജോര്‍ജിനോട് പ്രതിപക്ഷ പ്രക്ഷോഭത്തിനൊപ്പം ചേരാന്‍ രമേശ് ചെന്നിത്തലയും കെസി ജോസഫും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിനെ തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ്. പതിനൊന്നിന് മുന്നണി നേതൃയോഗം നടക്കുന്നുണ്ട്. അതില്‍ ജോര്‍ജിന്റെ കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ പക്ഷേ ജോര്‍ജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവാന്‍ സാധ്യതയില്ല.

ഉമ്മന്‍ ചാണ്ടിയുടെ നീക്കം

ഉമ്മന്‍ ചാണ്ടിയുടെ നീക്കം

കോട്ടയത്ത് ഉമ്മന്‍ ചാണ്ടി എല്ലാ കമ്മിറ്റികളെയും ഒപ്പം നിര്‍ത്തുന്നുണ്ട്. ജോര്‍ജിനെ മുന്നണിയിലേക്ക് കൊണ്ടുവരുന്നതില്‍ ഉമ്മന്‍ ചാണ്ടിക്ക് താല്‍പര്യമില്ല. താന്‍ പ്രതിസന്ധിയില്‍ വീണപ്പോള്‍ പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവമാണ് ജോര്‍ജ് സ്വീകരിച്ചതെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. രാഷ്ട്രീയപരമായി പൂഞ്ഞാറിലും ജോര്‍ജിന്റെ ശക്തി കേന്ദ്രങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരം കടുപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെ തുടര്‍ന്ന് ജോര്‍ജിന് വിലപേശല്‍ സാധ്യമായിരിക്കുകയാണ്.

കോണ്‍ഗ്രസിന് പ്ലാന്‍ ബി

കോണ്‍ഗ്രസിന് പ്ലാന്‍ ബി

എന്‍സിപി യുഡിഎഫിലേക്ക് വരുമെന്ന പൂര്‍ണമായ പ്രതീക്ഷ കോണ്‍ഗ്രസിനില്ല. അതുകൊണ്ട് പാലായില്‍ ഒരു പ്ലാന്‍ ബി കൂടി കോണ്‍ഗ്രസിനുണ്ട്. മാണി സി കാപ്പന്‍ യുഡിഎഫിന്റെ ഭാഗമായി പാലായില്‍ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസും യുഡിഎഫ് ഘടകകക്ഷികളും കരുതുന്നത്. ഇനി കാപ്പന്‍ വന്നില്ലെങ്കില്‍ തീരുമാനം പാളാനും പാടില്ല എന്ന രീതിയിലാണ് കോണ്‍ഗ്രസ് കാര്യങ്ങള്‍ നീക്കുന്നത്. ജോര്‍ജിനെ പാലായി സ്ഥാനാര്‍ത്ഥിയാക്കുന്നതാണ് ആ നീക്കം. ഇത് പക്ഷേ കോണ്‍ഗ്രസ് പരസ്യമാക്കിയിട്ടില്ല. പിസി ജോര്‍ജിനും പാലായില്‍ ജോസിനെതിരെ മത്സരിക്കാന്‍ താല്‍പര്യമുണ്ട്.

എതിര്‍പ്പുകള്‍ ഇങ്ങനെ

എതിര്‍പ്പുകള്‍ ഇങ്ങനെ

ജോര്‍ജിനെ പാലായില്‍ മത്സരിപ്പിക്കുന്നതിന് എതിര്‍പ്പുകള്‍ ധാരാളമുണ്ട്. ആന്റോ ആന്റണി എംപി ജോര്‍ജിന്റെ വരവിനെ എതിര്‍ക്കുന്നുണ്ട്. പ്രാദേശിക നേതൃത്വവും ഇതിന് സമ്മതിച്ചിട്ടില്ല. കോണ്‍ഗ്രസ് ഇവരെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പൂഞ്ഞാര്‍, പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് പിസി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫിനോട് ചോദിക്കുന്നത്. പൂഞ്ഞാറും പാലായുമായിരിക്കും കിട്ടാന്‍ പോകുന്നത്. പൂഞ്ഞാറില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് ജോര്‍ജ് താല്‍പര്യപ്പെടുന്നത്.

മനസ്സില്‍ രണ്ട് കാര്യം

മനസ്സില്‍ രണ്ട് കാര്യം

ജോര്‍ജ് ഇവിടെ മത്സരിച്ച് ജയിച്ചാല്‍ ജോസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. അതേസമയം ജോര്‍ജാണ് പാലായില്‍ തോല്‍ക്കുന്നതെങ്കില്‍ അദ്ദേഹത്തെയും ദുര്‍ബലനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ജോര്‍ജ് വന്നില്ലെങ്കില്‍ ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി, പിഎ സലീം എന്നിവരുടെ പേരാണ് മുന്നിലുള്ളത്. അതേസമയം ജോര്‍ജും കുറച്ച് സംശയത്തോടെയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങളെ കാണുന്നത്. ജയിച്ചതിന് ശേഷം മുന്നണിയുടെ ഭാഗമാകാം എന്ന സമീപനം ജോര്‍ജ് സ്വീകരിക്കാനും സാധ്യതയുണ്ട്.

English summary
kerala assembly election 2021: pc george's entry to udf may delay due to objection of congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X