അടവുമാറ്റി ജോസഫ്, ഏറ്റുമാനൂർ കോൺഗ്രസിന് തിരിച്ച് നൽകും.. പക്ഷേ.. തർക്കപരിഹാരത്തിന് പുതിയ ഫോർമുല
തിരുവനന്തപുരം; യുഡിഎഫിൽ കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥിപട്ടിക നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ദില്ലിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മുന്നണിയിലെ മറ്റൊരു കക്ഷിയായ മുസ്ലീം ലീഗും നാളെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടേക്കുമെന്നാണ് വിവരം.
അതിനിടെ സീറ്റ് വിഭജനം സംബന്ധിച്ച് ഇടഞ്ഞ് നിൽക്കുന്ന പിജെ ജോസഫ് വിഭാഗം വിട്ടുവീഴ്ച തയ്യാറായിരിക്കുകയാണ്. ഇടതുമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനം കൂടി പൂർത്തിയായ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് ജോസഫ് വിഭാഗം തയ്യാറായേക്കുന്നത്. ഇതനുസരിച്ച് പുതിയൊരു ഫോർമുലയാണ് ജോസഫ് വിഭാഗം മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

സ്ഥാനാർത്ഥി നിർണയം
12 സീറ്റിൽ പിജെ ജോസഫ് വിഭാഗം ഉറച്ച് നിന്നതോടെ യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയം വൈകുകയാണ്. ജോസഫ് പക്ഷത്തിന് 9 സീറ്റുകളിൽ കൂടുതൽ നൽകില്ലെന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ് നേതൃത്വം. എന്നാൽ ഇനി പ്രശ്നങ്ങൾ കൂടുതൽ നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടാണ് ജോസഫ് വിഭാഗം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

സീറ്റുകൾ വിട്ട് നൽകാം
ഇതോടെ പരിഹാരം എന്ന നിലയിൽ കോട്ടയത്തെ സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് ജോസഫ് പക്ഷം തയ്യാറായിട്ടിട്ടുണ്ട്. നേരത്തേ ജില്ലയിൽ ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലായിരുന്നു തർക്കം നിലനിന്നിരുന്നത്. സീറ്റുകൾ ഇത്തവണ തങ്ങൾക്ക് വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.

കോൺഗ്രസ് തയ്യാറായത്
എന്നാൽ ജോസഫ് വിഭാഗം കടുത്ത എതിർപ്പ് ഉയർത്തി. ഈ സീറ്റുകൾ വിട്ടുകൊടുത്താൽ പാർട്ടിയുടെ സാന്നിധ്യം തന്നെ മധ്യകേരളത്തിൽ ഇല്ലാതാകുമെന്ന ആശങ്കയായിരുന്നു ജോസഫ് പക്ഷം ഉയർത്തിയത്. ഇതോടെ തർക്ക പരിഹാരം എന്ന നിലയിൽ ചങ്ങനാശേരിയും ഏറ്റുമാനൂർ ജോസഫ് വിഭാഗത്തിന് വിട്ടുനൽകാൻ കോൺഗ്രസ് തയ്യാറായി.

പ്രമേയം പാസാക്കി
പകരം കാഞ്ഞിരപ്പള്ളി , പൂഞ്ഞാർ സീറ്റുകൾ മതിയെന്നും കോൺഗ്രസ് അറിയിച്ചു. അതേസമയം കോൺഗ്രസിന് ഏറെ വിജയ സാധ്യതയുള്ള മണ്ഡലം ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതിനെതിരെ കടുത്ത എതിർപ്പായിരുന്നു കോൺഗ്രസിൽ ഉയർന്നത്. സീറ്റ് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

പ്രതിഷേധം കണക്കിലെടുത്ത്
ഈ പ്രതിഷേധങ്ങൾ കൂടി കണക്കിലെടുത്ത് ഇപ്പോൾ ഏറ്റുമാനൂർ കോൺഗ്രസിന് തന്നെ വിട്ടുനൽകാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ നിലപാട്. പക്ഷേ പകരമായി പൂഞ്ഞാർ സീറ്റ് വേണമെന്നും ജോസഫ് പക്ഷം ആവശ്യപ്പെടുന്നുണ്ട്. പൂഞ്ഞാർ വിട്ടുനൽകണമെന്ന ആവശ്യത്തോട് കോൺഗ്രസ് നോ പറയാൻ സാധ്യതയില്ല.

കോൺഗ്രസിന് താത്പര്യമില്ല
നേരത്തേ തന്നെ പൂഞ്ഞാറിനോട് കോൺഗ്രസിന് താത്പര്യമില്ല. പകരം ഏറ്റുമാനൂർ ലഭിച്ചാൽ മികച്ച സ്ഥാനാർത്ഥികളിറങ്ങിയാൽ കോൺഗ്രസിന് വിജയിക്കാൻ സാധിക്കുമെന്ന നിലപാടിലാണ് നേതൃത്വം.ഇവിടെ ലതികാ സുഭാഷിനെ കോൺഗ്രസ് നേരത്തേ പരിഗണിക്കുകയും ചെയ്തിരുന്നു.

വിജയിക്കാനാകുമെന്ന്
അതേസമയം മറുവശത്ത് സിറ്റിംഗ് മണ്ഡലത്തിൽ ഇത്തവണയും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഇത്തവണ വിഎൻ വാസവനാണ് സിപിഎമ്മിനായി മത്സരിക്കുന്നത്. വാസവന് വേണ്ടി ജോസ് കെ മാണിയുൾപ്പെടെ സജീവമായി പ്രചരണ രംഗത്തുണ്ട്.

വെച്ചുമാറണമെന്ന ആവശ്യം
അതിനിടെ ഇടുക്കിയും മൂവാറ്റുപുഴയും വെച്ചുമാറണമെന്ന ആവശ്യവും ജോസഫ് പക്ഷം മുന്നോട്ട് വെച്ചിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസ് നേതാവായിരുന്ന ഫ്രാൻസിസ് ജോർജിന് വേണ്ടിയാണ് മൂവാറ്റുപുഴയെന്ന ആവശ്യം ജോസഫ് ഉയർത്തുന്നത്.ഇതിന് കോൺഗ്രസ് തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

നേരത്തേ പറഞ്ഞത്, പക്ഷെ
നേരത്തേ മൂവാറ്റുപുഴ എന്ത് സംഭവിച്ചാലും വിട്ടുനൽകില്ലെന്ന് കോൺഗ്രസ് നിലപാട് അറിയിച്ചിരുന്നു. ജോസഫ് വാഴയ്ക്കനെ തന്നെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് ആലോചന. നേരത്തെ തന്നെ മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

പ്രതിഷേധമുയർന്നു
എന്നാൽ ഇതിനെതിരെ പാർട്ടിയിൽ പ്രാദേശിക തലത്തിൽ കടുത്ത പ്രതിഷേധമായിരുന്നു ഉർന്നത്. വാഴയ്ക്കനെ മത്സരിപ്പിച്ചാൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പ് വരെ നേതാക്കൾ ഉയർത്തിയിരുന്നു.

പ്രശ്ന പരിഹാരത്തിന്
ഇതോടെ മണ്ഡലത്തിൽ കടുത്ത പ്രതിസന്ധിയിലായിരുന്നു കോൺഗ്രസ്. ഈ സാഹചര്യത്തിൽ മണ്ഡലം കേരള കോൺഗ്രസിന് വിട്ടുനൽകി പ്രതിസന്ധി അവസാനിപ്പിച്ചേക്കാൻ കോൺഗ്രസ് തയ്യാറാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.അതിനിടെ 10ാം സീറ്റെന്ന നിലയിൽ ഉടുമ്പുംചോലയും പിജെ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications