യുഡിഎഫിന് ആവേശം പകരാൻ രാഹുൽ ഗാന്ധി കേരളത്തിലേക്ക്, രണ്ട് ദിവസത്തെ പ്രചാരണ പരിപാടി
കൊച്ചി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. മധ്യകേരളത്തില്‍ യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനാണ് വയനാട് എംപി കൂടിയായ കോണ്‍ഗ്രസിന്റെ താര പ്രചാരകന്‍ ഇന്നെത്തുന്നത്. രണ്ട് ദിവസം രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായാണ് രാഹുല്‍ ഗാന്ധിയുടെ രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍. കൊച്ചിയില്‍ സെന്റ് തെരേസാസ് കോളേജില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികളുമായി സംവാദത്തിലും പങ്കെടുക്കും. ഇന്ന് രാവിലെ 11 മണിക്കാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തുക. കൊച്ചി നാവിക വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി വിമാനമിറങ്ങും.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

മൂന്ന് ജില്ലകളിലായി പതിനഞ്ച് ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടക്കുക. ഇന്ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് രാഹുലിന്റെ പരിപാടികള്‍. രാവിലെ 11.30നാണ് സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായുളള സംവാദം. അതിന് ശേഷം രാഹുല്‍ കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിന്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും..
ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി ആലപ്പുഴയിലേക്ക് പോവും. ആലപ്പുഴ ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. അരൂരിലും ചേര്‍ത്തലയിലും ആലപ്പുഴയിലും അമ്പലപ്പുഴയിലും ഹരിപ്പാടും കായംകുളത്തും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. നാളെ കോട്ടയം ജില്ലയില്‍ രാഹുല്‍ ഗാന്ധി പര്യടനം നടത്തും. പുതുപ്പളളി, പാലാ, പിറവം, കുന്നത്തുനാട്, കോട്ടയം, കാഞ്ഞിരപ്പളളി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി എന്നീ മണ്ഡലങ്ങളിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ ആണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക.












Click it and Unblock the Notifications