യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് സോണിയ, ജനവികാരം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതെന്ന് വേണുഗോപാൽ
ദില്ലി: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കേരളത്തില്‍ സമാധാനവും സാമൂഹിക ഐക്യവും നിലനില്‍ക്കാന്‍ യുഡിഎഫിന് വോട്ട് ചെയ്യണം എന്ന് സോണിയാ ഗാന്ധി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത് സുതാര്യവും ഉത്തരവാദിത്തപൂര്‍ണവുമായ ഭരണമാണ്. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും കേരളത്തിലെ സ്വേച്ഛാധിപത്യം ഭരണത്തെ ജനം തള്ളിക്കളയുമെന്നും സോണിയാ ഗാന്ധി പ്രതികരിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും യുഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് രംഗത്ത് വന്നിട്ടുണ്ട്. കെസി വേണുഗോപാലിന്റെ പ്രതികരണം ഇങ്ങനെ: '' മണിക്കൂറുകൾക്കകം രാഷ്ട്രീയ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. പ്രബുദ്ധ കേരളത്തിന്റെ ഭാവി എന്താവണമെന്ന് തീരുമാനിച്ചുറപ്പിച്ച ഭാവമാണ് ജനങ്ങളിൽ കാണുന്നത്. സംസ്ഥാനത്തുടനീളം യുഡിഎഫിന് ആവേശവും പ്രതീക്ഷയും പകരുന്നതാണ് ജനവികാരം.

തിരഞ്ഞെടുപ്പിന്റെ അന്തിമവട്ട ക്രമീകരണങ്ങൾ വിലയിരുത്താൻ ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ യു ഡി എഫിന്റെ വിവിധ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ സന്ദർശിച്ചു. സ്ഥാനാർത്ഥികളുമായും തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതലക്കാരുമായും ചർച്ചകൾ നടത്തി. ഗൃഹ സന്ദർശനമുൾപ്പെടെ ബൂത്തുതലത്തിൽ നിശബ്ദ പ്രചാരണം നടത്തുന്ന പ്രവർത്തകരുമായും നേതാക്കളുമായും ആശയ വിനിമയം നടത്താനും സാധിച്ചു.
കഴക്കൂട്ടത്തു രാവിലെ തുടങ്ങിയ ഈ പരിശ്രമം അരൂർ വരെയെത്തി. താഴെത്തലത്തിൽ നിന്നുള്ള നാഡീ സ്പന്ദനം തൊട്ടറിയാൻ ഇന്നത്തെ ദിവസം സഹായകരമായി. അഴിമതിയും സ്വജന പക്ഷപാതവും യുവജന വഞ്ചനയും മുഖമുദ്രയാക്കിയ എൽഡിഎഫ് ദുർഭരണത്തെ തൂത്തെറിയാൻ കേരളത്തിലെ ജനങ്ങൾ നിശ്ചയിച്ചു കഴിഞ്ഞു. "നാട് നന്നാവാൻ യു ഡി എഫ് " എന്ന മുദ്രാവാക്യം മലയാളി നെഞ്ചേറ്റിയിരിക്കുന്നു; അവരുടെ പ്രത്യാശയും ആശ്രയവും ഇനി യുഡിഎഫ് മാത്രമാണ്. ഈ തരംഗത്തിന് ഊർജമാവാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും സ്നേഹപുരസരം അഭ്യർത്ഥിക്കുന്നു'' .












Click it and Unblock the Notifications