ഇവിടെ 39 ല്‍ 33 ഇടത്തും എല്‍ഡിഎഫ്: ഇത്തവണ 25 ന് മുകളില്‍ പിടിക്കുമെന്ന് യുഡിഎഫ്,നിലനിര്‍ത്താന്‍ ഇടത്
തിരുവനന്തപുരം: സംസ്ഥാനത്ത് ആര് അധികാരത്തില്‍ എത്തുമെന്നതില്‍ നിര്‍ണ്ണായകമാവുന്നത് തിരുവനന്തപുരം ഉള്‍പ്പടേയുള്ള നാല് തെക്കന്‍ ജില്ലകളിലെ ജനവിധിയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 39 മണ്ഡലങ്ങളാണ് ഉള്ളത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമായിരുന്നു ഇടതുമുന്നണിയുണ്ടാക്കിയത്. 39 ല്‍ 33 ഇടത്തും അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചു. യുഡിഎഫ് വിജയിച്ചതാവട്ടെ കേവലം അഞ്ച് സീറ്റുകളില്‍ മാത്രം. നേമത്ത് വിജയിച്ച ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ സീറ്റുകള്‍ ഉയര്‍ത്തി അധികാരത്തില്‍ എത്താന്‍ കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. മറുവശത്ത് എല്‍ഡിഎഫ് ആവട്ടെ സര്‍ക്കാറിന്‍റെ മികച്ച പ്രവര്‍ത്തനത്തിലൂടെയുള്ള തരംഗവും പ്രതീക്ഷിക്കുന്നു.

തെക്കന്‍ ജില്ലകളില്‍
തെക്കന്‍ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ളത് തിരുവനന്തപുരത്താണ്. 2016 ല്‍ ഇതില്‍ അരുവിക്കര, കോവളം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പം നിന്നത്. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ വട്ടിയൂര്‍ക്കാവ് നഷ്മായി. നിലവില്‍ ഇതടക്കം 10 സീറ്റുകള്‍ എല്‍ഡിഎഫിന്‍റെ കയ്യില്‍. എന്നാല്‍ നിലവിലെ മൂന്ന് മണ്ഡലങ്ങള്‍ നിലനിര്‍ത്തി പാറശാലയും നെയ്യാറ്റിന്‍കരയും തിരികെ പിടിക്കാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.

നേമത്ത്
കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ നേമത്ത് ശക്തമായ മത്സരമെന്നാണ് വിലയിരുത്തുന്നത്. എല്‍ഡിഎഫ് ആവട്ടെ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം നേമവും, വട്ടിയൂര്‍ക്കാവും കോവളവും പിടിച്ചെടുക്കാമെന്ന് പ്രതീക്ഷിയിലാണ്. നേമം നിലനിര്‍ത്തി വട്ടിയൂര്‍ക്കാവും തിരുവനന്തപുരവും പിടിച്ചെടുക്കാനുള്ള നീക്കമാണ് ബിജെപിയുടേത്.

കൊല്ലം ജില്ല
കഴിഞ്ഞ തവണ ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാന്‍ കഴിയാതെ പോയ കൊല്ലത്ത് അഞ്ചിലേറെ സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുന്നത്. ചവറ കരുനാഗപ്പള്ളി, കുന്നത്തൂർ, ഇരവിപുരം സീറ്റുകളിലാണ് പ്രതീക്ഷ, കൊല്ലത്തും കുണ്ടറയിലും ശക്തമായ മത്സരത്തിന്‍റെ പ്രതീതിയുണ്ട്. കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷിന്‍റെ പ്രവര്‍ത്ത മികവിലാണ് യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ ജില്ല ഇത്തവണയും ചെങ്കോട്ടയായി നിലനിര്‍ത്തുമെന്നാണ് ഇടത് വാദം.

ഹരിപ്പാട് മാത്രം
2016 ല്‍ രമേശ് ചെന്നിത്തലയിലൂടെ ഹരിപ്പാട് മാത്രമായിരുന്നു യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ അരൂരം ലഭിച്ചു. ഒമ്പതില്‍ 7 എല്‍ഡിഎഫ് രണ്ട് യുഡിഎഫ് എന്നതാണ് നിലവിലെ അവസ്ഥ. ഇത്തവണ മൂന്നോളം സീറ്റുകള്‍ അധികമായി പിടിച്ചെടുത്ത് ജില്ലയില്‍ ആധിപത്യം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

ആലപ്പുഴയിലും അമ്പലപ്പുഴയിലും
തോമസ് ഐസക്കും ജി സുധാകരനും ഇല്ലാത്ത ആലപ്പുഴയിലും അമ്പലപ്പുഴയിലും ശക്തമായ മത്സരമാണ് നടക്കുന്നത്. ചേര്‍ത്തലയില്‍ എസ് ശരത്തും സിപിഐയിലെ പി പ്രസാദും തമ്മിലാണ് പോരാട്ടം. കുട്ടനാട്ടിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ജേക്കബ് എബ്രാഹാമിനു നല്ല മേല്‍ക്കൈ എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ അവകാശവാദം. തോമസ് കെ തോമസാണ് ഇടത് സ്ഥാനാര്‍ത്ഥി.

അരൂര്‍ പിടിക്കും
എന്നാല്‍ അരൂര്‍ പിടിച്ചെടുത്ത് ജില്ലയിലെ കഴിഞ്ഞ തവണത്തേതിന് സമാനമായ ഫലമാണ് ഇടത് കേന്ദ്രങ്ങളുടെ പ്രതീക്ഷ. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ മത്സരം നേരിടുന്നുവെന്നും ഇടത് നേതാക്കള്‍ അവകാശപ്പെടുന്നു. കായകുളത്ത് അരിത ബാബു പ്രതീക്ഷ ഓളമുണ്ടാക്കിയില്ല എന്നത് എല്‍ഡിഎഫിന് അനുകൂലഘടകമാണ്.

പത്തനംതിട്ടയില്‍
പത്തനംതിട്ടയില്‍ 5 സീറ്റുകളും നിലനിര്‍ത്താനാണ് എല്‍ഡിഎഫ് ശ്രമം. എന്നാല്‍ റോബിന്‍ പീറ്ററിലൂടെ കോന്നി പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കെ സുരേന്ദ്രന്‍ മത്സരിക്കുന്ന ഇവിടെ ത്രികോണ മത്സരം ശക്തമല്ലെങ്കിലും സീറ്റ് നില നിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സിപിഎം. ആറന്‍മുളയിലും റാന്നിയിലും യുഡിഎഫ് അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications