എംഎൽഎമാരെ ചാക്കിടൽ, വ്യക്തി അധിക്ഷേപം- മുഖ്യമന്ത്രി മോഹം പുതിയ തലങ്ങളിലേക്ക്...
മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ പിന്നാമ്പുറ നീക്കങ്ങൾ അണികളുടെ പുകഴ്ത്തിപ്പാടലുകളും കടന്ന് പുതിയ തലങ്ങളിലേക്ക്. ഇമേജ് കൂട്ടാനുള്ള വിഡിയോ പ്രചരിപ്പിക്കലും അവകാശവാദമുന്നയിച്ചുള്ള ഫ്ലക്സ് വെക്കലും കേമനാണെന്നറിയിക്കാനുള്ള മാർക്കറ്റിങ് ഫീച്ചർ പ്രസിദ്ധീകരിക്കലുമെല്ലാം ഹൈക്കമാൻഡും കെപിസിസിയും വിലക്കിയിട്ടും കോൺഗ്രസിൽ മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള വടംവലി മുറുകുകയാണ്. വ്യക്തി അധിക്ഷേപത്തിലേക്കും ജയസാധ്യതയുള്ള എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നതിലേക്കുമൊക്കെ നീങ്ങിയിരിക്കുകയാണ് കാര്യങ്ങൾ.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിനുള്ളിൽ പുരോഗമിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ നേതാക്കളെ അനുകൂലിച്ചിടുന്ന പോസ്റ്റുകൾക്ക് താഴെ വ്യക്തിപരമായ വിമർശനങ്ങൾ വർധിച്ചതിനെ തുടർന്നാണ് കെപിസിസി നേതൃത്വത്തിന് വടിയെടുക്കേണ്ടി വന്നത്. ഇപ്പോഴിതാ വ്യക്തിപരമായി തേജോവധം ചെയ്യാൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. കൊച്ചി നഗരത്തിൽ എറണാകുളം ഡിസിസി ഓഫിസിന്‍റെ എതിർവശത്താണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഫ്ലക്സ് ഉയർന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്ലക്സിൽ തികച്ചും വ്യക്തിപരമായ പരാമർശങ്ങളുമുണ്ട്.

പി.ആർ വർക്കിന്‍റെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള മോഹം നടക്കില്ലെന്നാണ് കോൺഗ്രസ് ഫാമിലി എന്ന പേരിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സിൽ പറയുന്നത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ സതീശൻ അനുകൂലികൾ രൂക്ഷമായി പ്രതികരിക്കുന്നുമുണ്ട്. അതേസമയം, സതീശനെ മുഖ്യമന്ത്രിയായി 'പ്രഖ്യാപിച്ചുള്ള’ ഫ്ലക്സ് ബോർഡുകൾ പലയിടത്തും ഉയർന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിൽ 'നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ’ എന്നെഴുതിയ ബോർഡ് പിന്നീട് മാറ്റി.
സതീശനുമായി അടുത്ത ബന്ധം പുലർത്തുന്ന ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരുള്ള മേഖലയാണ് കിഴക്കേക്കര. നേതൃത്വത്തിന്‍റെ നിർദേശം മറികടന്ന് ബോർഡ് സ്‌ഥാപിച്ചതിനു പിന്നിൽ സതീശൻ അനുകൂലികളാണോ അതോ വിവാദം സൃഷ്ടിക്കാൻ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് പരിശോധിക്കുന്നതായി മൂവാറ്റുപുഴയിലെ കോൺഗ്രസ് നേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസം വി.ഡി. സതീശനുവേണ്ടി കോഴിക്കോടും മലപ്പുറത്തും ആലുവയിലും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങുന്നത് ക്യാപ്റ്റനെന്ന് എഴുതിയ ഫ്ലക്സ് ആണ് കോഴിക്കോട് ഡിസിസി ഓഫിസിന് സമീപം സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ ഉയർന്നത്. ആലുവ യുസി കോളേജിന് സമീപം കേരളം വിഡിക്കൊപ്പം എന്നെഴുതിയ ഫ്ലക്സ് സ്ഥാപിച്ചത് കോൺഗ്രസ് പ്രവർത്തകർ കടുങ്ങല്ലൂർ എന്ന പേരിലാണ്. മലപ്പുറം വണ്ടൂർ ബൈപാസ് റോഡിലും പൂക്കളത്തും തവനൂരിലുമൊക്കെ സതീശൻ അനുകൂല ബോർഡുകൾ സ്ഥാപിച്ചു. വണ്ടുരിൽ രണ്ട് ബോർഡുകൾ ആരോ കീറിനശിപ്പിക്കുകയും ചെയ്തു.
അതിനിടെയാണ് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെ അനുകൂലിക്കുന്നവർ ജയിച്ചു വരാൻ സാധ്യതയുള്ള എംഎൽഎമാരെ ഒപ്പം നിർത്താനായി സമീപിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവരുന്നത്. ഭാവിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ പരമാവധി പേരുടെ പിന്തുണ ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ. ഈ അനാവശ്യ മുഖ്യമന്ത്രി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും ഹൈകമാൻഡും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ജനത്തിന് മുന്നിൽ അപഹാസ്യരാകുന്ന ഇത്തരം ചര്‍ച്ച ഒഴിവാക്കണമെന്ന നിർദേശം പാലിക്കാത്തതില്‍ നേതാക്കളെ രാഹുല്‍ അമര്‍ഷം അറിയിച്ചു. പലകുറി മുന്നറിയിപ്പ് നൽകിയിട്ടും കെപിസിസി അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടും വകവക്കാതെ ചർച്ച തുടരുന്നതിൽ ഹൈകമാൻഡിനുള്ള അതൃപ്തിയാണ് അറിയിച്ചത്.
മറ്റൊരിടത്തും കാണാത്ത പ്രവണത കേരളത്തിൽ കാണുന്നതാണ് രാഹുൽ ഗാന്ധിയെ ചൊടിപ്പിച്ചത്. യോഗ്യത സംബന്ധിച്ച നേതാക്കളുടെ അവകാശവാദങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അണികളുടെ പോര്‍വിളിയിലും നീരസം പ്രകടിപ്പിച്ച രാഹുൽ ഗാന്ധി ഇതെല്ലാം എത്രയും വേഗം അവസാനിപ്പിക്കാന്‍ എഐസിസി ജന.സെക്രട്ടറി ദീപ ദാസ് മുന്‍ഷി മുഖേനയാണ് നിർദേശം നല്‍കിയത്. എന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ പോലും നിർദേശം ലംഘിക്കൽ തുടരുകയാണ്. ഈ രീതിയിലുള്ള ചര്‍ച്ചക്ക് ആര് വളം വച്ചാലും കടുത്ത നടപടിയുണ്ടാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകുന്നുണ്ട്.












Click it and Unblock the Notifications