'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്‍, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു
നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കും മുമ്പേ തുടങ്ങിയതാണ് എന്‍സിപിയിലെ തര്‍ക്കങ്ങള്‍. പാര്‍ട്ടിക്ക് വേരോട്ടമുണ്ടായിരുന്ന പല ജില്ലകളിലും നേതാക്കന്മാരടക്കം മറ്റ് പാര്‍ട്ടികളിലേക്ക് മാറിയതിന് പിന്നാലെ നേതൃനിരയിലെ പടലപ്പിണക്കങ്ങളും എന്‍സിപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ നിന്നുള്ള മന്ത്രി എകെ ശശീന്ദ്രന്റെ ഇറങ്ങിപ്പോക്ക്.
എലത്തൂര്‍ സീറ്റിനെ ചൊല്ലി നാളുകളായി തുടരുന്ന തര്‍ക്കം യോഗത്തില്‍ ചര്‍ച്ചയായതോടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ശശീന്ദ്രന്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്ന് തുടങ്ങിയിട്ട് നാളുകളായി. മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴി ശശീന്ദ്രന്‍ ഒരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം. എന്നാല്‍ ഇതിനു അദ്ദേഹം തയാറാകാത്തത് കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് അടക്കമുള്ള ജില്ലാ നേതാക്കളുടെ വലിയ പരാതിക്ക് ഇടയാക്കിയിരുന്നു.

എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നുമാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതെല്ലാം മുന്‍നിര്‍ത്തി ശശീന്ദ്രന്‍ ഇത്തവണ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ ആവശ്യപ്പെട്ടതാണ് അപ്രതീക്ഷിത പൊട്ടിത്തെറിക്ക് ഇടയാക്കിയത്.
ക്ഷുഭിതനായ ശശീന്ദ്രന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കൂടിയാലോചനകളില്ലാത്ത ഏകപക്ഷീയമായ തീരുമാനങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് ശശീന്ദ്രന്‍ കുറ്റപ്പെടുത്തി. ഇത്തരം തീരുമാനങ്ങള്‍ നേരത്തെ പ്രഖ്യാപിക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് യോഗം ചേരുന്നതെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ എലത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണയും മത്സരിക്കുമെന്നാണ് കഴിഞ്ഞ പത്തു വര്‍ഷമായി മന്ത്രിസ്ഥാനത്തുള്ള ശശീന്ദ്രന്റെ നിലപാട്.
ആര് മത്സരിക്കണമെന്നത് എന്‍സിപിയുടെ ആഭ്യന്തര കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. അതേസമയം, സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) രംഗത്തുവന്നതും എല്‍ഡിഎഫിന് തലവേദനയാകുന്നുണ്ട്. പാര്‍ട്ടിക്ക് ഇത്തവണ ആറ് സീറ്റ് വേണമെന്നാണ് നിലപാടെന്നും ഇതില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് ആര്‍ജെഡി നേതാക്കള്‍ വ്യക്തമാക്കുന്നത്.
ഇത്തവണ അധിക സീറ്റ് നല്‍കുമെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് എന്നീ സീറ്റുകളിലാണ് ആര്‍ജെഡി മത്സരിക്കുന്നത്. ഇതിന് പുറമേ കോവളം, ചാലക്കുടി, കോഴിക്കോട് ജില്ലയില്‍ ഒരു അധിക സീറ്റ് എന്നിവ കൂടി വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ നിലവിലുള്ള സ്ഥിതി തുടരാമെന്നും പുതിയ സീറ്റുകള്‍ നല്‍കാനാകില്ലെന്നുമാണ് എംവി. ഗോവിന്ദന്‍, എ. വിജയരാഘവന്‍, ടിപി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സിപിഎം സ്വീകരിച്ച നിലപാട്. ഇത് തൃപ്തികരമല്ലെന്ന് എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
വിവിധ മണ്ഡലങ്ങളില്‍ ആര്‍ജെഡിക്കുള്ള സ്വാധീനവും വര്‍ഗീസ് ജോര്‍ജ് അക്കമിട്ട് നിരത്തി. കുറ്റ്യാടി, പേരാമ്പ്ര എന്നിവിടങ്ങളില്‍ 5000 വോട്ടുകള്‍ വീതവും തൃക്കരിപ്പൂരില്‍ 7000 ത്തോളം വോട്ടുകളുമുണ്ടെന്നും നാദാപുരം, കൊയിലാണ്ടി, തിരുവമ്പാടി, കുന്ദമംഗലം, ബാലുശ്ശേരി, എലത്തൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ഇടതു സ്ഥാനാര്‍ഥികളുടെ വിജയം നിര്‍ണയിക്കുന്നത് ആര്‍ജെഡി വോട്ടുകളാണെന്നുമുള്ള അവകാശവാദവും അദ്ദേഹം ഉന്നയിക്കുന്നു. ചാലക്കുടിയിലും തിരുവനന്തപുരത്തെ വിവിധ മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ടെന്നും വര്‍ഗീസ് ജോര്‍ജ് അവകാശപ്പെടുന്നുണ്ട്.












Click it and Unblock the Notifications