ആകെ കണ്‍ഫ്യൂഷനായല്ലോ! ആര്‍എസ്പി സീറ്റ് ലീഗിന്, ലീഗിന്റേത് കോണ്‍ഗ്രസിന്, കോണ്‍ഗ്രസിന്റേത് ആര്‍എസ്പിക്ക്
കൊല്ലം ജില്ലയിലെ യുഡിഎഫിലെ സീറ്റ് വെച്ചുമാറല്‍ ചര്‍ച്ച കേള്‍ക്കുമ്പോള്‍ ആരുമൊന്നു പറഞ്ഞുപോകും- ആകെ കണ്‍ഫ്യൂഷനായല്ലോ എന്ന്. മൂന്ന് സീറ്റുകള്‍ വെച്ചുമാറുന്ന ചര്‍ച്ചകളാണ് യുഡിഎഫില്‍ പുരോഗമിക്കുന്നത്. ഇരവിപുരം സീറ്റുമായി ബന്ധപ്പെട്ട് ആര്‍എസ്പിയിലുണ്ടായ അതൃപ്തി പരിഹരിക്കാനാണ് കൊല്ലം ജില്ലയിലെ മൂന്ന് സീറ്റുകള്‍ പരസ്പരം വെച്ചുമാറുന്നത് വീണ്ടും ചര്‍ച്ചയാകുന്നത്.
ഇരവിപുരം ആര്‍എസ്പിയില്‍ നിന്ന് മുസ്‌ലിം ലീഗ് ഏറ്റെടുത്ത് മത്സരിക്കാനാണ് ആലോചിക്കുന്നത്. ഇതിന് പകരമായി ചടയമംഗലം സീറ്റ് കോണ്‍ഗ്രസ് ആര്‍എസ്പിക്ക് നല്‍കും. പകരം ലീഗ് മത്സരിച്ചിരുന്ന പുനലൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കും എന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ആര്‍എസ്പി നേതൃത്വത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയാകുമെന്നാണ് യുഡിഎഫ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

അതേസമയം, ആര്‍എസ്പി നേതാക്കളായ ഷിബു ബേബി ജോണ്‍, എഎ അസീസ് എന്നിവര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇരവിപുരത്ത് ആര്‍എസ്പി സ്ഥാനാര്‍ഥിയായി വിഷ്ണു മോഹനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തില്‍ വലിയ പൊട്ടിത്തെറിയുണ്ടായതാണ് സീറ്റ് വെച്ചുമാറല്‍ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ നയിച്ചത്. വിഷ്ണു മോഹന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിലും അതൃപ്തി രൂപപ്പെട്ടിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇതുസംബന്ധിച്ച പരാതിയും ലഭിച്ചിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടില്ലെന്ന പരസ്യമായ നിലപാടും ഇക്കാര്യത്തില്‍ സതീശന്‍ എടുത്തു. തുടര്‍ന്ന് ലീഗിന്റെ ചില പ്രമുഖ നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ജയസാധ്യത ലക്ഷ്യമാക്കിയുള്ള സീറ്റുമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
ലീഗിന്റെ കൊല്ലത്തെ ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ സലാമിനെ ഇരവിപുരത്ത് മത്സരിപ്പിക്കുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. സുല്‍ഫിക്കറിന്റെ രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങള്‍ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് ലീഗിന്റെ പ്രതീക്ഷ. ചടയമംഗലത്ത് അടുത്തിടെ സിപിഐയില്‍ നിന്നെത്തിയ എ. മുസ്തഫയെ ആര്‍എസ്പി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവന്നിട്ടുണ്ട്.
ജില്ലാ പഞ്ചായത്തംഗം, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളയാളാണ് മുസ്തഫ. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്തഫയെ കളത്തിലിറക്കുന്നതോടെ സിപിഐ സ്ഥാനാര്‍ഥിയായ മന്ത്രി ചിഞ്ചുറാണിക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചിലപ്പോള്‍ അട്ടിമറി വിജയം സ്വന്തമാക്കാനാകുമെന്നും കണക്കുകൂട്ടലുണ്ട്.
ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന പുനലൂരില്‍ കെപിസിസി സെക്രട്ടറി സൈമണ്‍ അലക്‌സിനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. സമുദായ സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ് സൈമണിന്റെ പേര് പരിഗണനയിലെത്തിയത്. അതിനിടെ, കൊല്ലം ചോദിക്കുന്ന ഫോര്‍വേഡ് ബ്‌ളോക്കിനെ ചാത്തനൂര്‍ നല്‍കി തൃപ്തിപ്പെടുത്താനും യുഡിഎഫില്‍ ആലോചനയുണ്ട്.
അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് നടത്തി വരുന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല. നേരത്തേ നാല് സീറ്റ് ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസിന്റെ വാദം ഇപ്പോള്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയിട്ടുണ്ട്. കുട്ടനാട്, ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ ജോസഫ് വിഭാഗം തയാറാണ്. പകരം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മൂന്ന് സീറ്റുകള്‍ വേണമെന്ന കടുംപിടുത്തത്തിലാണ് ജോസഫും കൂട്ടരും.












Click it and Unblock the Notifications