ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചത് ഏഴ് ജില്ലകളിൽ യുഡിഎഫിന് ഗുണകരമാകുമെന്ന് സിപിഎം വിലയിരുത്തൽ
വടക്കൻ, മധ്യ കേരളത്തിലെ ഏഴ് ജില്ലകളിലെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് ഗുണകരമാകുമെന്ന് സിപിഎം വിലയിരുത്തൽ. കീഴ്ഘടകങ്ങളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളും അടിയൊഴുക്കുകളും സൂക്ഷ്‌മമായി വിലയിരുത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ വിലയിരുത്തലിൽ എത്തിയത്. 75നും 80നുമിടയിൽ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്. പക്ഷേ, ചില മന്ത്രിമാരുടെ തോൽവിയും സിറ്റിങ് സീറ്റുകളുടെ നഷ്ടവും മുന്നണിക്ക് ക്ഷീണമാകുമെന്ന വിലയിരുത്തലാണുള്ളത്.
മലപ്പുറം, കോഴിക്കോട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ തിരിച്ചടിയുണ്ടാവുമെന്ന കണക്കുകൂട്ടലാണ് പാർട്ടിക്കുള്ളത്. ഈ ജില്ലകളിൽ ന്യൂനപക്ഷ വോട്ട് ഏകീകരിച്ചതായാണ് കീഴ്ഘടകങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ഈ വോട്ടുകൾ യുഡിഎഫിനാണ് ഗുണം ചെയ്തിരിക്കുന്നത്. ഭരണ വിരുദ്ധ വികാരമില്ലെങ്കിലും പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയുള്ള പ്രചാരണം വേണ്ടത്ര ഗുണം ചെയ്‌തിട്ടില്ലെന്ന റിപ്പോർട്ടും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധം തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയിൽ വിമതശബ്ദമുയർന്നതും പലയിടത്തും വെല്ലുവിളിയായി.

ജി. സുധാകരൻ, പി.കെ. ശശി, അയിഷാ പോറ്റി, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിങ്ങനെയുള്ള നേതാക്കൾ പാർട്ടി വിട്ടത് അതത് ജില്ലകളിൽ അണികൾക്കിടയിൽ ആത്മവിശ്വാസം ചോർത്തിയതായും കീഴ്ഘടകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ്റെ വിജയം ഉറപ്പാണെങ്കിലും ലീഗിലെ ഫാത്തിമ തെഹലിയ പോരാട്ടം കടുപ്പിച്ചത് സംഘടനാ ദൗർബല്യമായി കണക്കാക്കേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, കോഴിക്കോട് നാദാപുരത്തും വടകരയിലും യുഡിഎഫ്- ബിജെപി ഡീൽ ഉണ്ടെന്ന ആരോപണവും സിപിഎം ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലെ വിമത പ്രവർത്തനങ്ങളുടെ പേരിൽ കോഴിക്കോട് ജില്ലയിലെ ഒമ്പത് നേതാക്കളെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ ആരോപണം. വടകര, നാദാപുരം മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ചവർക്കും വിമതരായി പത്രിക നൽകിയവർക്കും എതിരെയായിരുന്നു അച്ചടക്ക നടപടി.
വടകരയിൽ വിമത സ്ഥാനാർഥിയായി പത്രിക നൽകിയ (പത്രിക സാങ്കേതിക കാരണങ്ങളാൽ തള്ളി) വടകര മണ്ഡലം ജനറൽ സെക്രട്ടറി പി. ശ്യാംരാജ് കുരിയാടി, വി.ടി വിനീഷ്, എ.വി ഗണേശൻ, നാദാപുരത്ത് വിമതനായി മത്സരിക്കാൻ പത്രിക നൽകിയ നാദാപുരം മണ്ഡലം സെക്രട്ടറി പത്മകുമാർ, രവി വെള്ളൂർ, പി.പി രാജൻ, പി.കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ.കെ ബാബു എന്നിവരെയാണ് പുറത്താക്കിയത്.
യുഡിഎഫ്- ബിജെപി ഡീൽ സിപിഎം ഉന്നയിക്കുന്നത് തോൽവി ഉറപ്പിച്ചതിനാലുള്ള മുൻകൂർ ജാമ്യം തേടലാണെന്ന് പരിഹസിച്ച് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം- ബിജെപി ഡീലാണ് സംസ്ഥാനത്തുടനീളം നടന്നതെന്ന് കോൺഗ്രസും ആരോപിക്കുന്നു. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഉറച്ച ഇടത് കോട്ടയാണ് നാദാപുരം. ഇവിടെ ഇത്തവണ മഹിളാ മുന്നണിയുടെ ദേശീയ നേതാവും മുൻ എംഎൽഎ സത്യൻ മൊകേരിയുടെ ഭാര്യയുമായ പി വസന്തത്തെ നിർത്തിയതിന് പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ച കെ.എം. അഭിജിത്തിൽ ഇവിടെ യുഡിഎഫ് വലിയ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. വടകരയിൽ ആർഎംപിയിലെ സിറ്റിങ് എൽഎൽഎ കെ.കെ. രമയാണ് യുഡിഎഫിന് വേണ്ടി രംഗത്തുള്ളത്. 2009ൽ ടി.പി. ചന്ദ്രശേഖരൻ മത്സരിച്ച ടെലിവിഷൻ ചിഹ്നത്തിലാണ് രമ മത്സരിച്ചത്. ടി.പി. ചന്ദ്രശേഖരൻ വെട്ടേറ്റു കൊല്ലപ്പെട്ട മേയ് നാലിനാണ് വോട്ടെണ്ണലെന്ന പ്രത്യേകതയുമുണ്ട്. മണ്ഡലത്തിൽ സ്വാധീനമുള്ള ലീഗിലെ പ്രവർത്തകർ രമക്കു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.












Click it and Unblock the Notifications