ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും
മുൻനിരയിൽ നിന്ന് നയിച്ച രണ്ട് നേതാക്കൾ ഇരുമുന്നണികളിലുമില്ല. ഏറ്റുമുട്ടുന്നത് പുതുമുഖങ്ങളും പരിചിതമുഖങ്ങളും.ഇതിന് പുറമേ, മന്ത്രി മണ്ഡലത്തിലെ പോരാട്ടവും നേതാക്കളുടെ കളംമാറിയുള്ള മത്സരവും. ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ തെരഞ്ഞെടുപ്പ് മുൻപെങ്ങുമില്ലാത്ത വിധം വ്യത്യസ്തമാകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പൻചോല എൽഡിഎഫിനൊപ്പം നിന്നപ്പോൾ തൊടുപുഴ മാത്രമാണ് യുഡിഫിനൊപ്പം ഒഴുകിയത്. പത്തുതവണ തൊടുപുഴയിൽനിന്ന് മത്സരിച്ച് ജയിച്ച പി.ജെ. ജോസഫും മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം.എം. മണിയും ഇത്തവണ മത്സര രംഗത്തില്ല.
കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടം നടക്കുന്ന ഏക മണ്ഡലമാണ് തൊടുപുഴ. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്‍റെ കുത്തക മണ്ഡലത്തിൽ അദ്ദേഹത്തിന്‍റെ മകൻ അപു ജോൺ ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996ലും 2006ലും മാത്രമാണ് തൊടുപുഴ ഇടതിനൊപ്പം നിന്നത്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് സിറിയക് ചാഴികാടനാണ് എൽഡിഫ് സ്ഥാനാർഥി. 2016ൽ എൽഡിഎഫ് സ്വതന്ത്രനായിരുന്ന റോയി വാരിക്കാട്ട് ട്വന്റി 20യിലൂടെ എൻഡിഎക്കായും ഇറങ്ങുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും എൻഡിഎക്ക് തൊടുപുഴയിൽ 20,000ത്തിന് മുകളിൽ വോട്ട് നേടാൻ കഴിഞ്ഞിട്ടുമുണ്ട്.

ഉടുമ്പൻചോലയിൽ മുൻ എംഎൽഎ കെ.കെ. ജയചന്ദ്രന്‍റെ തിരിച്ചുവരാണ് ഇത്തവണ പ്രത്യേകത. സിറ്റിങ് എംഎൽഎ എം.എം. മണി ഇത്തവണ മത്സരരംഗത്തില്ലാത്തതിനാലാണ് പത്ത് വർഷത്തിന് ശേഷം ഇദ്ദേഹം വീണ്ടും തെരഞ്ഞെടുപ്പിനെത്തുന്നത്. സേനാപതി വേണുവാണ് യുഡിഎഫ് സ്ഥാനാർഥി. 2016ൽ എം.എം. മണിക്കെതിരെ വേണുവാണ് മത്സരിച്ചിരുന്നത്. അന്ന് 1109 വോട്ടിനാണ് പരാജിതനായത്. ബിഡിജെഎസിന്റെ അഡ്വ. സംഗീത വിശ്വനാഥനാണ് എൻഡിഎ സ്ഥാനാർഥി.
കാൽനൂറ്റാണ്ടായി പരാജയമറിയാത്ത മന്ത്രി റോഷി അഗസ്റ്റിനെ പിടിച്ചുകെട്ടാൻ കേരള കോൺഗ്രസിൽനിന്ന് കോൺഗ്രസ് പിടിച്ച് വാങ്ങിയ ഇടുക്കിയിലും ഇത്തവണ മത്സരം തീപാറും. മുൻ ഡിസിസി പ്രസിഡന്‍റ് റോയി കെ. പൗലോസിനെയാണ് യുഡിഎഫ് പോരാട്ടത്തിനിറക്കിയിരിക്കുന്നത്. ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് പ്രതീഷ് പ്രഭയാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. ബിഡിജെഎസിന് നല്ല വോട്ടുള്ള മണ്ഡലം കൂടിയാണ് ഇടുക്കി.
പീരുമേടും അത്യുഗ്രൻ പോരാട്ടമാണ് . 2016ലും 2021ലും നിസ്സാര വോട്ടുകൾക്ക് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി സിറിയക് തോമസ് തന്നെ ഇത്തവണയും രംഗത്തുണ്ട്. വാഴൂർ സോമന്‍റെ അഭാവത്തിൽ കുത്തക മണ്ഡലം നില നിർത്താൻ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെയാണ് എൽഡിഎഫ് ഇത്തവണ നിർത്തിയിരിക്കുന്നത്. ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമലെയെ ആണ് എൻ.ഡി.എ കളത്തിലിറക്കിയിരിക്കുന്നത്.
സ്ഥാനാർത്ഥികളുടെ പേര് പേലെ തന്നെ 'രാജ’കീയ പോരാട്ടം നടക്കുന്ന ദേവികളുമാണ് ഇത്തവണത്തെ ഹോട്ട്സ്പോട്ട്. നിലവിലെ എംഎൽഎ സിപിഎമ്മിലെ എ. രാജക്കെതിരെ കോൺഗ്രസിലെ എഫ്. രാജയെയാണ് യുഡിഎഫ് പുതുമുഖമായി രംഗത്തിറക്കിയിരിക്കുന്നത്. 15 വർഷം സിപിഎം എംഎൽഎ ആയിരുന്ന എസ്. രാജേന്ദ്രനാണ് ബിജെപിക്ക് വേണ്ടി ഇവരോട് ഏറ്റുമുട്ടുന്നത്. തോട്ടം തൊഴിലാളികൾ ഗതി നിർണയിക്കുന്ന മണ്ഡലത്തിൽ മൂവരും ശക്തരായ സ്ഥാനാർഥികളാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എ. രാജയെ തോൽപിക്കാൻ ശ്രമിച്ചു എന്ന ആരോപണവും തുടർന്നുണ്ടായ നടപടികളുമാണ് രാജേന്ദ്രനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. തോട്ടം മേഖലയിലെ തന്‍റെ സാന്നിധ്യം തെളിയിക്കാൻ രാജേന്ദ്രൻ പയറ്റുമ്പോൾ രാജേന്ദ്രന്‍റെ അഭാവം പാർട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയില്ലെന്ന് തെളിയിക്കലാകും സിപിഎമ്മിന്റെയും എൽഡിഎഫിന്‍റെയും ലക്ഷ്യം.












Click it and Unblock the Notifications