മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി
കൊല്ലം നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എയും നടനുമായ എം. മുകേഷ് എൽ.ഡി.എഫ് സ്ഥാനാർഥിയാകില്ലെന്ന് ആഴ്ചകൾക്ക് മുമ്പേ വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുകയാണ് കൊല്ലത്തെ ചുവരെഴുത്തുകൾ. സി.പി.എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്. ജയമോഹന് വേണ്ടി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സി.പി.എം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറി കൂടിയാണ് ജയമോഹൻ. ജയമോഹനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം മണ്ഡലത്തിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
2006 മുതൽ എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി നിലകൊള്ളുന്ന മണ്ഡലമാണ് കൊല്ലം. 2016ൽ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച മുകേഷിന് പക്ഷേ ആ നേട്ടം 2021ൽ ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല.2016-ൽ 17,611 ആയിരുന്നു മുകേഷിന്റെ ഭൂരിപക്ഷം. 2021-ൽ 2072 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് മുകേഷിന് ജയിക്കാനായത്.
അന്ന് ഡി.സി.സി. പ്രസിഡന്റായിരുന്ന ബിന്ദുകൃഷ്ണയായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 56,452 വോട്ടുകൾ ആണ് ബിന്ദു നേടിയത്. ഇത്തവണയും ബിന്ദുകൃഷ്ണ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടകൾ തകർക്കാനായതിന്റെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ഇത്തവണ കൊല്ലം മണ്ഡലത്തിൽ മത്സരരംഗത്തിറങ്ങുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് വോട്ട് നിലയിൽ ഉണ്ടായ മാറ്റം നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കൊല്ലം നിയമ സഭാമണ്ഡലം യു.ഡി.എഫിനൊപ്പം തന്നെയായിരുന്നു.
കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് എം. മുകേഷ് മുമ്പ് പറഞ്ഞിരുന്നു. 'സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല. ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കും. ജയമോഹന്‍ ജയിക്കുകയും ചെയ്യും' എന്നാണ് മുകേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.












Click it and Unblock the Notifications