മലപ്പുറം ‘തൂക്കുമെന്ന്’ മുസ്‍ലിം ലീഗ്, പ്രതീക്ഷിക്കുന്നത് 22 സീറ്റുകൾ
മലപ്പുറം യുഡിഎഫ് തൂത്തുവാരുമെന്ന ആത്മവിശ്വാസത്തിലാണ് മുസ്‍ലിം ലീഗ്. സംസ്ഥാനത്തുടനീളം ശക്തമായ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
കൃത്യമായ അവലോകനത്തിന്റെയും കണക്കെടുപ്പിന്റെയും അടിസ്ഥാനത്തിൽ, ഇത്തവണ നിയമസഭയിൽ പാർട്ടിക്ക് റെക്കോഡ് അംഗബലമുണ്ടാകുമെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്. 22 സീറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയാണ് ലീഗിനുള്ളത്.

ഭരണവിരുദ്ധവികാരം, പാർട്ടിയുടെ ശക്തമായ സംഘടനാസംവിധാനം, വ്യത്യസ്ത വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള സ്ഥാനാർഥിപ്പട്ടിക, ന്യൂനപക്ഷ-ഭൂരിപക്ഷ-മതേതര വോട്ടുകളുടെ ഏകീകരണം- ലീഗ് വിലയിരുത്തലിൽ കണ്ടെത്തിയിരിക്കുന്ന അനുകൂല ഘടകങ്ങൾ ഇവയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ വോട്ടുകൾ പൂർണമായും ലീഗ് സ്ഥാനാർഥികൾക്ക് വന്നിട്ടുണ്ടെന്ന വിലയിരുത്തലുമുണ്ട്.
ഭരണം ലഭിച്ചാൽ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കുമെന്ന നേരത്തെയുള്ള അഭ്യൂഹങ്ങളെ പാർട്ടി നേതൃത്വം തള്ളിക്കളയുന്നുണ്ട്. മുന്നണിയുടെ ഭാവിയെയും സാമുദായിക സന്തുലിതാവസ്ഥയെയും ബാധിക്കുന്ന തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ ലീഗ് തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. രണ്ടാം പിണറായി സർക്കാരിനെതിരായ ജനവികാരം യുഡിഎഫിനെ അധികാരത്തിലെത്താൻ സഹായിക്കുമെന്ന സാഹചര്യത്തിൽ പദവികളെച്ചൊല്ലിയുള്ള തർക്കങ്ങൾ തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവും ലീഗ് നേതൃത്വത്തിനുണ്ട്.
ഒന്നാം നിയമസഭ മുതൽ മുസ്‌ലിം ലീഗിന് പ്രാതിനിധ്യമുണ്ടെങ്കിലും 2011ലാണ് ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടളുണ്ടായത്- 20 സീറ്റ്. മഞ്ചേശ്വരം, കാസർകോട്, അഴീക്കോട്, കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, മണ്ണാർക്കാട്, കളമശ്ശേരി എന്നിവയാണ് കിട്ടിയ മണ്ഡലങ്ങൾ. 2016ൽ 18 എംഎൽഎമാരായിരുന്നു. 2021ൽ 15ഉം. ഇത്തവണ 2011ലേക്കാൾ മെച്ചപ്പെടുമെന്ന വിലയിരുത്തലാണുള്ളത്.
അതേസമയം, 2006 മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ദുരന്ത വർഷമായിരുന്നു. പ്രമുഖ നേതാക്കളടക്കം തോൽക്കുകയും ലീഗ് കോട്ടകൾ തകരുകയും ചെയ്ത തെരഞ്ഞെടുപ്പായിരുന്നു അത്. ചെർക്കളം അബ്ദുല്ല (മഞ്ചേശ്വരം), പി.കെ കുഞ്ഞാലിക്കുട്ടി (കുറ്റിപ്പുറം), ഇ.ടി. മുഹമ്മദ് ബഷീർ (തിരൂർ), എം.കെ. മുനീർ (മങ്കട), പി. അബ്ദുൽ ഹമീദ് (പെരിന്തൽമണ്ണ), ടി.ടി. ഇസ്മായിൽ (മേപ്പയൂർ), കെ.എം. ഷാജി (ഇരവിപുരം), ഉമ്മർ പാണ്ടികശാല (ബേപ്പൂർ), മായിൻ ഹാജി (തിരുവമ്പാടി), ടി.പി.എം. സാഹിർ (കോഴിക്കോട് രണ്ട്) തുടങ്ങിയ പ്രമുഖർ തോറ്റു. പെരിങ്ങളം, നോർത്ത് വയനാട്, മണ്ണാർക്കാട്, ഗുരുവായൂർ മണ്ഡലങ്ങളിലും തോൽവി ഏറ്റുവാങ്ങി.
22 മണ്ഡലങ്ങളിൽ മത്സരിച്ചതിൽ ജയിച്ചത് എട്ടിടത്തുമാത്രം. 16 സീറ്റിൽനിന്ന് കുത്തനെ എട്ടിലേക്ക് ഒതുങ്ങി. സി.ടി. അഹമ്മദലി (കാസർകോട്), യു.സി. രാമൻ (കുന്ദമംഗലം), കെ. മമ്മുണ്ണിഹാജി (കൊണ്ടോട്ടി), പി.കെ. അബ്ദുറബ്ബ് (മഞ്ചേരി), അഡ്വ. എം. ഉമ്മർ (മലപ്പുറം), കുട്ടി അഹമ്മദ്കുട്ടി (തിരൂരങ്ങാടി), അബ്ദുറഹ്മാൻ രണ്ടത്താണി (താനൂർ), ഇബ്രാഹിംകുഞ്ഞ് (മട്ടാഞ്ചേരി) എന്നിവർ മാത്രമാണ് ജയിച്ചത്.












Click it and Unblock the Notifications