അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും
മധ്യകേരളത്തിൽ എൽഡിഎഫിന്റെ ആധിപത്യം മറികടക്കാൻ മാത്രമുള്ള മുന്നേറ്റം യുഡിഎഫ് നടത്തുമെന്നതിന്റെ സൂചനകളൊന്നുമില്ല. എന്നാൽ, മേഖലയിൽ ഇക്കുറി യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്ന് ഉറപ്പാണ്. പാലക്കാട്, തൃശൂർ, എറണാകളും, ഇടുക്കി ജില്ലകളിലായി 44 മണ്ഡലങ്ങളിൽ നിലവിൽ 31 എണ്ണം എൽഡിഎഫിനാണ്. യുഡിഎഫിന് 13ഉം. അത് ഇക്കുറി 20 വരെ ഉയർന്നേക്കാം. അതിനപ്പുറം പോകണമെങ്കിൽ യുഡിഎഫ് തരംഗം വേണം. എന്നാൽ, അവസാന ലാപ്പിലും തരംഗ സൂചനകൾ മധ്യമേഖലയിൽ പ്രകടമല്ല.
പാലക്കാട് സീറ്റിൽ എൻഡിഎ നല്ല പ്രതീക്ഷ വെക്കുന്നുണ്ട്. രമേശ് പിഷാരടിയും ശോഭാ സുരേന്ദ്രനും തമ്മിൽ നല്ല മത്സരവും നടക്കുന്നുണ്ട്. കോൺഗ്രസിന് കിട്ടേണ്ട മുസ്ലിം വോട്ടുകൾ സിപിഎം സ്വതന്ത്രൻ എൻ.എം.ആർ റസാഖിന്റെ അക്കൗണ്ടിലേക്ക് കാര്യമായി ഒഴുകിയില്ലെങ്കിൽ പിഷാരടി പാലക്കാട് തൂക്കുമെന്നാണ് ട്രെൻഡ്. മണ്ണാർക്കാട് മുസ്ലിംലീഗിലെ എൻ. ഷംസുദ്ദീൻ ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃത്താലയിൽ മന്ത്രി എം.ബി രാജേഷിനെതിരെ വി.ടി ബൽറാം, ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ സുമേഷ് കെ. അച്യുതൻ എന്നിവർ യുഡിഎഫിനായി അട്ടിമറി വിജയം നേടിയേക്കും. എന്നാൽ, സിപിഎം വിമതൻ പി.കെ. ശശി യുഡിഎഫ് പിന്തുണയിൽ മത്സരിക്കുന്ന ഒറ്റപ്പാലം, വി.എസ്. അച്യുതാനന്ദന്റെ പെഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ് കോൺഗ്രസിനായി മത്സരിക്കുന്ന മലമ്പുഴ എന്നിവിടങ്ങളിലും ഷൊർണൂർ, തരൂർ, ആലത്തൂർ എന്നിവിടങ്ങളിലും എൽഡിഎഫിനാണ് മേൽക്കെ. പട്ടാമ്പി, കോങ്ങാട്, നെന്മാറ എന്നിവിടങ്ങിൽ കടുത്ത മത്സരമാണ്.
തൃശൂർ ജില്ലയിൽ ചാലക്കുടി ഒഴികെ 11 മണ്ഡലങ്ങളും നിലവിൽ ഇടതിനൊപ്പമാണ്. തൃശൂർ മണ്ഡലത്തിൽ മുൻ മേയർ കൂടിയായ കോൺഗ്രസിലെ രാജൻ ജെ. പല്ലൻ അട്ടിമറി വിജയം ഉറപ്പിച്ച മട്ടാണ്. മണലൂരിൽ ടി.എൻ. പ്രതാപനും യുഡിഎഫിനായി മികച്ച മൽസരം കാഴ്ചവെക്കുന്നുണ്ട്. ഗുരുവായൂരിലും മത്സരം കടുപ്പമാണ്. ഒല്ലൂർ, പുതുക്കാട്, കുന്നംകുളം, വടക്കാഞ്ചേരി, നാട്ടിക, കൊടുങ്ങല്ലൂർ, ചേലക്കര, ഇരിങ്ങാലക്കുട, കയ്പമംഗലം, കുന്നംകുളം എന്നിവിടങ്ങൾ ഇടത് മേൽക്കൈ വിട്ടിട്ടില്ല.
എറണാകുളം ജില്ലയിൽ യുഡിഎഫ് ആധിപത്യത്തിന് മാറ്റമുണ്ടാകില്ല. വി.ഡി സതീശൻ (പറവൂർ), മാത്യു കുഴൽനാടൻ (മുവാറ്റുപുഴ), ഉമ തോമസ് (തൃക്കാക്കര), അനൂപ് ജേക്കബ് (പിറവം), ടി.ജെ. വിനോദ് (എറണാകുളം), അൻവർ സാദത്ത് (ആലുവ), റോജി എം. ജോൺ (അങ്കമാലി) എന്നിവർ മണ്ഡലം നിലനിർത്തും. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് പകരം വന്ന മനോജ് മുത്തേടത്തിനും വിജയ സാധ്യതയുണ്ട്.
എൽഡിഎഫിൽ മന്ത്രി പി.രാജീവ് (കളമശ്ശേരി), ആന്റണി ജോൺ (കോതമംഗലം) എന്നിവരും വിജയമുറപ്പിച്ച മട്ടാണ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കെ.ജെ. മാക്സിയും നേർക്കുനേർ വരുന്ന കൊച്ചി, ഇടതുകോട്ടയായ വൈപ്പിൻ എന്നിവിടങ്ങളിൽ ഫലം പ്രവചനാതീതമാണ്. തൃപ്പൂണിത്തുറയിൽ എൻഡിഎ-സിപിഎം ഡീൽ ആരോപണം ഉയർന്നെങ്കിലും മത്സരം കടുപ്പത്തിലാണ്.
ട്വന്റി-20 ശക്തമായ കുന്നത്തുനാട്ടിൽ ഇക്കുറിയും ത്രികോണ പോരാട്ടമാണ്. എന്നാൽ, എൻഡിഎയിൽ ചേക്കേറിയതിനാൽ ട്വന്റി- 20യിൽനിന്ന് ചോരുന്ന വോട്ടിലാണ് ഇടത് വലത് മുന്നണികളുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി-20 ദുർബലമായ വാർഡുകളിൽ ശക്തമായ തിരിച്ച് വരവ് കോൺഗ്രസ് നടത്തിയിരുന്നു. ഈ ട്രെന്റ് നിലനിൽക്കുന്നുണ്ടെങ്കിൽ കുന്നത്തുനാട് യുഡിഎഫ് സ്വന്തമാക്കും.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്ന ട്വന്റി-20ക്ക് വോട്ടെടുപ്പിന് തൊട്ടുമുമ്പ് പൂതൃക്ക പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ടത് തിരിച്ചടിയായിട്ടുണ്ട്. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന് രാജിവെക്കുകയായിരുന്നു. നറുക്കെടുപ്പിലൂടെ ട്വന്റി-20ക്ക് ഭരണം കിട്ടിയ പഞ്ചായത്താണിത്.
അഞ്ച് മണ്ഡലങ്ങളുള്ള ഇടുക്കിയിൽ നിലവിൽ തൊടുപുഴ മാത്രമാണ് യുഡിഎഫിന്റെ ഏക സീറ്റ്. ഇത്തവണയും ഇവിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് മണ്ഡലം നിലനിർത്തും. കേരള കോൺഗ്രസ് എമ്മിലെ മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽ റോയി കെ. പൗലോസിൽ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.
സിപിഎമ്മിന്റെ മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി പാളയത്തിലെത്തിയെങ്കിലും ദേവികുളവും കടുത്ത മത്സരമുണ്ടെങ്കിലും എം.എം. മണി മാറിയ ഉടുമ്പൻചോലയും ഇടതിനെ കൈവിടില്ല. അതേസമയം, പീരുമേട്ടിൽ സിപിഐയുടെ ജില്ല സെക്രട്ടറി കെ.സലീം കുമാറും സിറിയക് തോമസും തമ്മിൽ പ്രവചനാതീതമായ മത്സരമാണ്.












Click it and Unblock the Notifications