Get Updates
Get notified of breaking news, exclusive insights, and must-see stories!

‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും

ഒരേ മണ്ഡലം, ഒരേ എതിരാളികൾ... 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽ പോരിനിറങ്ങി ജയിച്ചവരും തോറ്റവരും വീണ്ടും പരസ്പരം കൊമ്പുകോർക്കുന്ന 16 മണ്ഡലങ്ങളുണ്ട് കേരളത്തിൽ. ജയിച്ചവർക്ക് മണ്ഡലം നിലനിർത്താനും തോറ്റവർക്ക്‌ കഴിഞ്ഞ തവണത്തെ പരാജയത്തിന്റെ പ്രതികാരം വീട്ടാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഇവിടങ്ങളിൽ നടക്കുന്നത്. അഞ്ച് വർഷം കൊണ്ട് മാറിമറിഞ്ഞ രാഷ്ട്രീയസാഹചര്യങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ എങ്ങിനെ പ്രതിഫലിക്കുമെന്ന കാത്തിരിപ്പ് ഇരുകൂട്ടരുടെയും ചങ്കിടിപ്പ് കൂട്ടുന്നു.

പഴയ എതിരാളികൾ വീണ്ടും കൊമ്പുകോർക്കുന്ന മണ്ഡലങ്ങളിൽ കൂടുതലും എറണാകുളം (കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം), കോട്ടയം (പാല, കോട്ടയം, പൂഞ്ഞാർ), കൊല്ലം (ചവറ, പത്തനാപുരം, ചടയമംഗലം ജില്ലകളിലാണ്. പാലക്കാട് ജില്ലയിൽ തൃത്താലയിലും മലമ്പുഴയിലും കഴിഞ്ഞ വർഷത്തെ സ്ഥാനാർഥികൾ തന്നെയാണ് വീണ്ടും നേർക്കുനേർ എത്തുന്നത്. കാസർകോട് (മഞ്ചേശ്വരം), വയനാട് (സുൽത്താൻ ബത്തേരി), കോഴിക്കോട് (കുറ്റ്യാടി), തൃശൂർ (ഇരിങ്ങാക്കുട), ആലപ്പുഴ (അരൂർ) എന്നിവയാണ് മറ്റ് മണ്ഡങ്ങൾ. കണ്ണൂർ, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഒരു മണ്ഡലത്തിലും ഇത്തരം മത്സരം നടക്കുന്നേയില്ല. ചടയമംഗലം, പത്തനാപുരം, കളമശ്ശേരി, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ മന്ത്രിമാർ മത്സരിക്കുന്നെന്ന വിഐപി പരിവേഷവുമുണ്ട്.

udf-ldf-bjp-1

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൻഡിഎക്കു വേണ്ടി കെ. സുരേന്ദ്രനും (ബിജെപി) യുഡിഎഫിനു വേണ്ടി എ.കെ.എം. അഷ്റഫുമാണ് (മുസ്‌ലിം ലീഗ്) കളത്തിലിറങ്ങിയത്. 745 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അഷ്‌റഫ് ജയിക്കുകയും ചെയ്തു. എൽഡിഎഫിന്റെ വി.വി. രമേശൻ (സിപിഎം) ആണ് മൂന്നാമതെത്തിയത്. 2016ലും 21ലും രണ്ടാമതെത്തിയ കെ. സുരേന്ദ്രനെ ഇത്തവണ മണ്ഡലം കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി.

സുൽത്താൻ ബത്തേരിയിൽ കഴിഞ്ഞതവണ എൽഡിഎഫിനായി എം.എസ്. വിശ്വനാഥനും(സിപിഎം) യുഡിഎഫിനായി കോൺഗ്രസിന്റെ ഐ.സി. ബാലകൃഷ്ണനുമാണ് മത്സരിച്ചത്. 11822 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ബാലകൃഷ്ണനൊപ്പംനിന്നു. ഇത്തവണ ഐ.സി. ബാലകൃഷ്ണന് സീറ്റ് നൽകുന്ന കാര്യത്തിൽ തുടക്കത്തിൽ കോൺഗ്രസിൽ എതിരഭിപ്രായമുണ്ടായെങ്കിലും പിന്നീട് മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

കുറ്റ്യാടിയിൽ എൽഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ കെ.പി. മുഹമ്മദ്കുട്ടിയും യുഡിഎഫിനുവേണ്ടി പാറക്കൽ അബ്ദുള്ള (മുസ്‌ലിം ലീഗ്)യുമാണ് മത്സരിച്ചത്. 333 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുഹമ്മദ് കുട്ടി വിജയിച്ചു. ഇക്കുറിയും ഇവർ തമ്മിലാണ് പ്രധാന മത്സരം.

2021-ലെ ശ്രദ്ധേയ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല. എൽഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ എം.ബി. രാജേഷും യുഡിഎഫിനു വേണ്ടി കോൺഗ്രസിന്റെ വി.ടി. ബൽറാമും കൊമ്പുകോർത്തപ്പോൾ 3016 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാജേഷ് ജയിച്ചു. ഇത്തവണയും രാജേഷും ബൽറാമും തന്നെ അങ്കത്തിനിറങ്ങുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി തൃത്താല വീണ്ടും മാറിയിരിക്കുകയാണ്.

മലമ്പുഴയിൽ കഴിഞ്ഞ തവണ എൽഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ എ. പ്രഭാകരനും എൻഡിഎക്കായി ബിജെപിയുടെ സി. കൃഷ്ണകുമാറുമായിരുന്നു കളത്തിലിറങ്ങിയത്. 25734 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രഭാകരൻ ജയിച്ചു. ഇത്തവണയും ഇവർ ഇരുവരും തന്നെയാണ് എൽഡിഎഫിനും എൻഡിഎക്കും വേണ്ടി രംഗത്തിറങ്ങുന്നത്. ഇരിങ്ങാലക്കുടയിൽനിന്ന് കഴിഞ്ഞ തവണ എൽഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ ആർ. ബിന്ദുവും യുഡിഎഫിനുവേണ്ടി കേരളാ കോൺഗ്രസിലെ തോമസ് ഉണ്ണിയാടനും തമ്മിലായിരുന്നു മത്സരം. 5949 വോട്ടിന് അന്ന് ബിന്ദു ജയിച്ചു, മന്ത്രിയുമായി. ഇക്കുറിയും ഇവർ ഇരുവരെയുമാണ് മുന്നണികൾ കളത്തിലിറക്കിയിരിക്കുന്നത്.

കളമശ്ശേരിയിൽ എൽഡിഎഫിനായി സിപിഎമ്മിന്റെ പി. രാജീവും യുഡിഎഫിനായി മുസ്‌ലിം ലീഗിന്റെ വി.ഇ. അബ്ദുൾ ഗഫൂറും കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ 15336 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാജീവിനായിരുന്നു വിജയം. രാജീവ് മന്ത്രിയാകുകയും ചെയ്തു. ഇത്തവണയും കളമശ്ശേരിയിൽ ഭാഗ്യം പരീക്ഷിക്കുന്നത് ഇവർ തന്നെയാണ്. കുന്നത്തുനാട്ടിൽ കഴിഞ്ഞതവണ മത്സരം സിപിഎമ്മിന്റെ പി.വി. ശ്രീനിജിനും കോൺഗ്രസിന്റെ വി.പി. സജീന്ദ്രനും തമ്മിലായിരുന്നു. 2715 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശ്രീനിജിൻ വിജയിച്ചു. ഇക്കുറിയും ഇവർ രണ്ടാളുമാണ് ഇവിടെ പോരാട്ടത്തിനുള്ളത്.

കോതമംഗലത്ത് എൽഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ ആന്റണി ജോണും യുഡിഎഫിനുവേണ്ടി കേരളാ കോൺഗ്രസിന്റെ ഷിബു തെക്കുംപുറവും തമ്മിലായിരുന്നു മത്സരം. 6605 വോട്ടിനാണ് ആന്റണി ജോൺ ജയിച്ചത്. ഇക്കുറിയും പഴയ എതിരാളികൾ തന്നെയാണ് കോതമംഗലത്ത്. പാലായിൽ കഴിഞ്ഞതവണ എൽഡിഎഫിനുവേണ്ടി കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ. മാണിയും യുഡിഎഫിനു​വേണ്ടി മാണി സി. കാപ്പനും തമ്മിൽ മത്സരിച്ചപ്പോൾ വിജയം കാപ്പനൊപ്പമായിരുന്നു. ഭൂരിപക്ഷം 15378. ഇത്തവണയും എൽഡിഎഫ്-യുഡിഎഫ്‌ സ്ഥാനാർഥികളായി രംഗത്തിറങ്ങുന്നത് ഇവർ തന്നെയാണ്.

കോട്ടയത്ത് എൽഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ കെ. അനിൽകുമാറും യുഡിഎഫിനുവേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനുമായിരുന്നു കളത്തിലിറങ്ങിയത്.18743 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരുവഞ്ചൂർ വിജയിച്ചു. ഇക്കുറിയും അനിൽകുമാറും തിരുവഞ്ചൂരുമാണ് ഇരുമുന്നണികൾക്കുമായി അങ്കത്തിനിറങ്ങുന്നത്.

പൂഞ്ഞാറിൽ കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ് എമ്മിന്റെ സെബാസ്റ്റ്യൻ കുളത്തിങ്കൽ 16817ന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ കേരള ജനപക്ഷം (സെക്യുലർ) നേതാവ് പി.സി. ജോർജ് ആയിരുന്നു രണ്ടാമതെത്തിയത്. ഇക്കുറിയും സെബാസ്റ്റ്യൻ തന്നെയാണ് എൽഡിഎഫിനുവേണ്ടി കളത്തിലിറങ്ങുന്നത്. എന്നാൽ പി.സി. ജോർജ് ഇത്തവണ ബിജെപി സ്ഥാനാർഥിയായി എൻഡിഎക്കൊപ്പമാണ്.

അരൂരിലും കഴിഞ്ഞ തവണത്തെ എതിരാളികൾ തന്നെയാണ്. എൽഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ ദലീമയും യുഡിഎഫിനായി കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനും. കഴിഞ്ഞ തവണ 7013 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ദലീമയുടെ വിജയം. ചവറയിൽ എൽഡിഎഫ് സ്വതന്ത്രനായി സുജിത് വിജയൻപിള്ളയും യുഡിഎഫിനുവേണ്ടി ആർഎസ്പിയുടെ ഷിബു ബേബിജോണുമായിരുന്നു കഴിഞ്ഞ തവണ ഏറ്റുമുട്ടിയത്. 1096 വോട്ടിനായിരുന്നു സുജിത് വിജയിച്ചത്. കുറഞ്ഞ മാർജിനിലെ ഈ പരാജയം ഇക്കുറി വിജയമാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് ഷിബു ബേബിജോൺ രംഗത്തുള്ളത്.

പത്തനാപുരത്ത് കഴിഞ്ഞ തവണത്തെ എതിരാളികൾ എൽഡിഎഫിന്റെ കെ.ബി. ഗണേഷ്‌കുമാറും (കേരളാ കോൺഗ്രസ് ബി) യുഡിഎഫിന്റെ ജ്യോതികുമാർ ചാമക്കാലയും (കോൺഗ്രസ്) ആയിരുന്നു. 14336 വോട്ടിന് ജയിച്ച ഗണേഷ് കുമാർ മന്ത്രിയായി. ഇക്കുറിയും പത്തനാപുരം ലക്ഷ്യമിട്ടിറങ്ങുന്നത് ഇവർ ഇരുവരും തന്നെയാണ്. ചടയമംഗലത്ത് ഇക്കുറിയും പോരാട്ടം എൽഡിഎഫിന്റെ ജെ. ചിഞ്ചുറാണിയും (സിപിഐ) യുഡിഎഫിന്റെ എൻ.എം. നസീറും തമ്മിലാണ്. കഴിഞ്ഞതവണ 13678 വോട്ടിനായിരുന്നു ചിഞ്ചുറാണിയുടെ വിജയം. അവർ മന്ത്രിയുമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+