ഒടുവില്‍ കേരളത്തിലെ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; സര്‍വീസ് വോട്ടുകള്‍ ഇന്നുവരെ
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് കണക്കുകള്‍ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. കേരളത്തില്‍ ഇതുവരെ 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 58984 സര്‍വീസ് വോട്ടുകളാണുള്ളത്. ഇതില്‍ ഒന്നാം തിയതി വരെ 20028 എണ്ണം തിരികെ വന്നു. ഇന്ന് കൂടി സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കുമെന്നും ഖേല്‍ക്കര്‍ പറഞ്ഞു.
ഏപ്രില്‍ 9 നായിരുന്നു സംസ്ഥാനത്തെ വോട്ടെടുപ്പ്. വോട്ടെടുപ്പ് കഴിഞ്ഞിട്ട് ഇത്രയും ദിവസമായിട്ടും അന്തിമ പോളിംഗ് ശതമാനം വരാത്തത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മേയ് 1 വരെയുള്ള ആകെ പോളിംഗ് ശതമാനത്തിന്റെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ തിരികെ വന്നിരിക്കുന്ന പോസ്റ്റല്‍ വോട്ടിന്റെ കണക്ക് ചേര്‍ത്ത് 79.70 ശതമാനമാണ് പോളിംഗ്.

ഇന്നത്തെ കണക്ക് കൂടി ചേര്‍ച്ച് അന്തിമ പോളിംഗ് ശതമാനം പിന്നീട് പ്രഖ്യാപിക്കും. അതേസമയം സംസ്ഥാനത്ത് പെരുമാറ്റചട്ടം മേയ് 6 വരെ ബാധകമാണെന്നും തെറ്റായ ഫലം നല്‍കിയാല്‍ നിയമനടപടി ഉണ്ടാകുമെന്നും രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ ആയിരിക്കും ആദ്യം എണ്ണുന്നത്. അതിന് ശേഷം 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും.
140 റിട്ടേണിംഗ് ഓഫീസര്‍മാരും 1340 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 5563 കൗണ്ടിംഗ് അസിസ്റ്റന്‍ഡുമാരും ഉള്‍പ്പെടെ സംസ്ഥാനത്താകെ വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 32301 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്യൂ ആര്‍ കോഡുള്ള ഐഡി നിര്‍ബന്ധമാണ്.
സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത് പരിശോധിക്കാനുള്ള ചുമതല. കൃത്യമായ കാര്യങ്ങള്‍ മനസിലാക്കി കൊടുത്തിട്ട് മാത്രമേ വോട്ടെണ്ണലിന്റെ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളൂ എന്ന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യത ഉണ്ടെങ്കില്‍ വിജയാഘോഷം വിലക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ട്.
തെറ്റായ തിരഞ്ഞെടുപ്പ് ഫലം നല്‍കിയാല്‍ നിയമനടപടിയുണ്ടാകുമെന്നും തിരക്ക് കൂട്ടരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാ സംശയങ്ങളും തീര്‍ത്ത ശേഷം മാത്രമായിരിക്കും വോട്ടെണ്ണ പൂര്‍ത്തിയാക്കുക എന്നും സ്‌ട്രോംഗ് റൂം തുറക്കുന്നത് ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഇല്ല എന്നും അദ്ദേഹം പറഞ്ഞു. അന്തിമന ഫലം പ്രഖ്യാപിക്കാന്‍ വൈകിട്ട് 5 മണിയാകും.












Click it and Unblock the Notifications