സെലിബ്രിറ്റി വേണ്ട; പ്രവര്‍ത്തകന്‍ മതി: ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം? ബിജെപിക്കുള്ളില്‍ പ്രതിഷേധം
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികള്‍ മത്സരത്തിന് ഇറങ്ങുന്നതിനെക്കുറിച്ച് ആയിരുന്നു ചര്‍ച്ചകള്‍ മുഴുവന്‍. പാലക്കാട് നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഉണ്ണി മുകുന്ദനെ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ഉണ്ണി മുകുന്ദനെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. പ്രതിഷേധമുയര്‍ന്നതോടെ നടനെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് നേതൃത്വം പിന്മാറി.
സെലിബ്രിറ്റികളും പാലക്കാട് മണ്ഡലത്തിന് പുറത്തുള്ളവരും വേണ്ടെന്നാണ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ ആവശ്യം. ഇതോടെയാണ് ഉണ്ണി മുകുന്ദനെ കൊണ്ടുവരാനുള്ള നീക്കം വേണ്ടെന്നു വച്ചത്. സെലിബ്രിറ്റികളെയോ പുറത്തു നിന്നുള്ളവരെയോ ഇനി പാലക്കാടിനു വേണ്ടെന്നും പകരം മണ്ഡലത്തിനുള്ളില്‍ നിന്നു തന്നെ യോഗ്യതയുള്ളവരെ കണ്ടെത്തി മത്സരിപ്പിച്ചാല്‍ വിജയ സാധ്യത ഉണ്ടാകും എന്നുമാണ് ഒരു വിഭാഗം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വാദം.

പാര്‍ട്ടിയുടെ നിലപാടുകളെ പലപ്പോഴും പരസ്യമായി പിന്തുണച്ചിട്ടുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. ജനങ്ങള്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും ഉണ്ണി മുകുന്ദനോടുള്ള താല്‍പര്യം വോട്ടായി മാറുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയപരമായി ശക്തമായ നിലപാടുകളുള്ള മണ്ഡലമാണ് പാലക്കാട്.
വോട്ട് കിട്ടണമെങ്കില്‍ മണ്ഡലത്തില്‍ സ്വാധീനമുള്ളവരെ തന്നെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യം. ഇദ്ദേഹത്തിന്റെ പേരാണ് നിലവില്‍ സജീവ പരിഗണനയില്‍ ഉള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ മുന്‍ ചെയര്‍പേഴ്‌സണ്‍ ആയിട്ടുള്ള പ്രമീള ശശിധരന്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ സന്നിദ്ധതയെ അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. പ്രശാന്തിനും പ്രമീളയ്ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്.
ഉണ്ണി മുകുന്ദനെ കൂടാതെ മേജര്‍ രവി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെ കുറിച്ച് ബിജെപി ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ തുടരുകയാണ്.












Click it and Unblock the Notifications