ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം
എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും പുരോഗമിക്കുന്നതിനിടെ, വർഷങ്ങളായി രാപ്പകലില്ലാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ ഘടകകക്ഷികളുടെ പിടിവാശിക്ക് വഴങ്ങി ബലിയാടുകളാക്കുന്നു എന്ന പരാതിയും അമർഷവും ഉയരുകയാണ് ബിജെപിയിൽ. ബിജെപി നേതാക്കൾ മത്സരിക്കാൻ ആഗ്രഹിച്ച പല സീറ്റുകളും ട്വന്റി 20യും ബിഡിജെഎസും അവകാശമുന്നയിച്ച് ഏറ്റെടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. ഇങ്ങനെ പിടിച്ചുവാങ്ങിയ സീറ്റുകളിൽ ഒട്ടും ജയസാധ്യതയില്ലാത്ത സ്ഥാനാർഥികളെയാണ് ഘടകകക്ഷികൾ രംഗത്തിറക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.
കൊടുങ്ങല്ലൂർ നിയമസഭാ സീറ്റ് ഘടകകക്ഷിയായ ട്വന്റി 20ക്ക് നൽകാൻ തീരുമാനിച്ചതിൽ പ്രാദേശിക നേതാക്കൾക്കടക്കം പ്രതിഷേധമുണ്ട്. ബിജെപി ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന് വേണ്ടി പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയ മണ്ഡലമാണ് കൊടുങ്ങല്ലൂർ. പിന്നീട് ഇവിടെ ട്വന്‍റി20യുടെ ഡോ. വർഗീസ് ജോർജിനെ മത്സരിപ്പിക്കാൻ ധാരണയാകുകയായിരുന്നു. ഇതോടെ ഗോപാലകൃഷ്ണനായി തുടങ്ങിയ പ്രചാരണങ്ങൾ നിർത്തിവെച്ചിട്ടുമുണ്ട്. പിഎച്ച്ഡി ബിരുദമുള്ള എഞ്ചിനിയറിംഗ് മേഖലയിലും മാനേജ്‌മെന്‍റ് മേഖലയിലും സ്വദേശത്തും വിദേശത്തും വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഡോ. വര്‍ഗീസ് ജോര്‍ജ്, ട്വന്റി20യുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയാണ്. ഗോപാലകൃഷ്ണന് വേറെ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടുമില്ല.
കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ട്വന്റി 20യും ബിഡിജെഎസും ആവശ്യപ്പെട്ടത് എൻഡിഎയിൽ തർക്കത്തിന് കാരണമായിരുന്നു. ഇതോടെ സംസ്ഥാന നേതൃത്വം ത്രിശങ്കുവിലായി. കൊടുങ്ങല്ലൂരിൽ ബി. ഗോപാലകൃഷ്ണന് വേണ്ടി ചുവരെഴുത്ത് പ്രചാരണം തുടങ്ങിയതുകൊണ്ടായിരുന്നു ഇത്. തർക്കം പരിഹരിക്കാനായി പിന്നീട് ഗോപാലകൃഷ്ണനായി തുടങ്ങിയ ചുവരെഴുത്തുകൾ പ്രവർത്തകർ നിർത്തിവെക്കുകയായിരുന്നു. ട്വന്‍റി 20യടക്കം ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്ന നേതൃത്വത്തിന്‍റെ സമീപനത്തിലുള്ള ബിജെപിയിലെ അതൃപ്തി ബാക്കി സ്ഥാനാർഥി പട്ടിക കൂടി പുറത്തുവരുമ്പോള്‍ മറനീക്കി പുറത്തുവരുമെന്നാണ് സൂചന.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടർന്ന് ചെങ്ങന്നൂരിലും ബിജെപിയിൽ പൊട്ടിത്തെറിയുണ്ടായി. ചെങ്ങന്നൂരില്‍ എം.വി. ഗോപകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ നേതൃത്വത്തോട് പരാതിപ്പെട്ടിട്ടുണ്ട്. എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാര്‍ഥിയെ ചെങ്ങന്നൂരിൽ നിർത്തിയില്ലെന്നാണ് പരാതി. പി.എസ്. ശ്രീധരന്‍ പിളളയോ ജില്ലാ പ്രസിഡന്‍റ് സന്ദീപ് വചസ്പതിയോ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഗോപകുമാറിനെ പ്രഖ്യാപിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പോലും തോറ്റുപോയ ഗോപകുമാറിനെ നിയമസഭയില്‍ മത്സരിപ്പിക്കുന്നത് സിപിഎമ്മുമായുളള ധാരണപ്രകാരമാണെന്ന വിമര്‍ശനം വരെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകർ ഉന്നയിക്കുന്നു.
കാഞ്ഞിരപ്പള്ളിയിലും സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് വിമതശബ്ദമുയർന്നു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കി തനിക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ നോബിള്‍ മാത്യുവിനെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷനാണ് നോബിൾ മാത്യു. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നായിരുന്നു നോബിൾ മാത്യുവിന്റെ പ്രതികരണം. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് പോരും വീതംവെപ്പുമാണ് നടന്നതെന്നും നോബിൾ മാത്യു ആരോപിച്ചു.
കാഞ്ഞിരപ്പള്ളിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നോബിൾ സജീവമാക്കി വരുമ്പോഴാണ് ജോർജ് കുര്യനെ സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചത്. ഇതോടെ നോബിൾ മാത്യു വിമതനായി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം അതിവേഗം നടപടി എടുക്കുകയായിരുന്നു. തന്നെ പുറത്താക്കാൻ കാരണം ജോർജ് കുര്യൻറെ കുടില തന്ത്രങ്ങൾ ആണെന്നും ജോർജ് ചെയ്ത പല കാര്യങ്ങളും തനിക്കറിയാമെന്നും അത് വെളിപ്പെടുത്തേണ്ടിവരുമെന്നും നോബിൾ മാത്യു പറയുന്നു. താഴെത്തട്ടിൽ നിന്ന് തൻ്റെ പേരാണ് ഉണ്ടായിരുന്നത്. ജോർജ് കുര്യൻ അദ്ദേഹത്തിൻ്റെ മണ്ഡലമായ കടുത്തുരുത്തിയിലായിരുന്നു മത്സരിക്കേണ്ടത്.
സുരേന്ദ്രൻ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും തമ്മിലുള്ള വീതംവെപ്പിന് പുറമെ രാജീവ് ചന്ദ്രശേഖറിന്റെ താല്പര്യങ്ങളും ഇതിൽ പ്രതിഫലിച്ചിട്ടുണ്ട്. പ്രകാശ് ജാവദേക്കറടക്കം അനുനയത്തിന് ശ്രമിക്കുന്നതിനിടയില്‍ ജോര്‍ജ് കുര്യന്‍ ഇടപെട്ടാണ് തന്നെ പുറത്താക്കിയതെന്നും നോബിൾ ആരോപിച്ചു. മധ്യ കേരളത്തിൽ സ്വാധീനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണ് കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യനെ രംഗത്തിറക്കിയത്. ക്രൈസ്തവ മേഖലകളിൽ പാർട്ടിക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം.












Click it and Unblock the Notifications