ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ
ത്രികോണപ്പോരിന്റെ ചൂടിലാണിപ്പോൾ തിരുവനന്തപുരം ജില്ല. 14ൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും മൂന്ന് മുന്നണികളും അരയും തലയും മുറുക്കി പ്രചാരണരംഗത്ത് സജീവമാണ്. 2021ൽ കോവളമൊഴികെ 13 ഇടത്തും ജയിച്ച് ജില്ല കൈയ്യടക്കിയ എൽഡിഎഫിന് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നാണ് മത്സരച്ചൂട് വ്യക്തമാക്കുന്നത്. അടുത്തിടെ നടന്ന ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിനും ബിജെപിക്കും ഒരുപോലെ ആത്മവിശ്വാസവും നൽകുന്നു.
ചിറയിൻകീഴ്, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, പാറശ്ശാല, കോവളം, വർക്കല, നേമം, കാട്ടാക്കട എന്നീ മണ്ഡലങ്ങളാണ് ജില്ലയിൽ വരുന്നത്. ഇക്കുറി കരുത്തന്മാരെ രംഗത്തിറക്കി ജില്ലയിലെ പല മണ്ഡലങ്ങളും തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും മികച്ച വിജയം കൈവരിക്കാൻ സാധിച്ചതും തദ്ദേശ തെരഞ്ഞെടുപ്പിൽ ബഹുദൂരം മുന്നിൽ വരാൻ സാധിച്ചതുമാണ് ഇതിന് പിന്നിൽ.

മുതിർന്ന നേതാക്കളായ കെ. മുരളീധരനിലൂടെ വട്ടിയൂർക്കാവ്, വി.എസ്. ശിവകുമാറിലൂടെ അരുവിക്കര, എൻ. ശക്തനിലൂടെ നെയ്യാറ്റിൻകര, വർക്കല കഹാറിലൂടെ വർക്കല, കെ.എസ്. ശബരീനാഥനിലൂടെ നേമം, സി.പി. ജോണിലൂടെ തിരുവനന്തപുരം സെൻട്രൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ കഴിഞ്ഞ തവണത്തെ ആധിപത്യം നിലനിർത്താൻ സിറ്റിങ് എംഎൽഎമാരെ എൽഡിഎഫ് കൂട്ടത്തോടെ മൽസരരംഗത്ത് ഇറക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല തങ്ങൾക്കൊപ്പമാണെന്ന് കണക്കുകൾ നിരത്തി അവർ വാദിക്കുന്നു.
ഒമ്പത് മണ്ഡലങ്ങളിൽ ആധിപത്യം നിലനിർത്താൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. രണ്ടിടത്ത് യുഡിഎഫിനും മൂന്നിടത്ത് ബി.ജെ.പിക്കുമാണ് ആധിപത്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചെടുക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, കാട്ടാക്കട, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് ഇക്കുറി വേദിയായിട്ടുള്ളത്.
ഇതിൽ തന്നെ ആദ്യ മൂന്നെണ്ണം ഹോട്ട് സ്പോട്ടുകളാണ്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ഇറക്കി നേമത്ത് വീണ്ടും അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിൽ ബിജെപി നീങ്ങുമ്പോൾ പൂട്ടിച്ച അക്കൗണ്ട് ഇരട്ടപ്പൂട്ടിട്ട് പൂട്ടിയെന്നുറപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടിയെ ഒരിക്കൽ കൂടി കളത്തിലിറക്കിയിരിക്കുകയാണ് എൽഡിഎഫ്. മണ്ഡലത്തിലെ പഴയ സ്വാധീനം ഉറപ്പിക്കാൻ മുൻ എംഎൽഎയും നഗരസഭ കൗൺസിലറുമായ കെ.എസ്. ശബരീനാഥനെയാണ് യുഡിഎഫ് മൽസരിപ്പിക്കുന്നത്.
കെ. മുരളീധരനിലൂടെ വട്ടിയൂർക്കാവ് മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ 'മേയർ ബ്രോ’ വി.കെ. പ്രശാന്തിലൂടെ മണ്ഡലം നിലനിർത്താൻ എൽഡിഎഫും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ രണ്ടാംസ്ഥാനം ഒന്നാമതാക്കി മാറ്റാൻ മുൻ ഡിജിപിയും നഗരസഭ കൗൺസിലറുമായ ആർ. ശ്രീലേഖയെ ഇറക്കി ബിജെപിയും പോരാട്ടം ശക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഇക്കുറി ഗുണമാകുമെന്ന പ്രതീക്ഷയിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെ ഒരിക്കൽ കൂടി കഴക്കൂട്ടത്ത് മൽസരിപ്പിക്കുകയാണ് ബിജെപി. എന്നാൽ, ഓരോ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവക്കുന്ന കടകംപള്ളി സുരേന്ദ്രൻ ഇവിടെ ഹാട്രിക് ജയം നേടുമെന്ന് എൽഡിഎഫ് ഉറച്ചുവിശ്വസിക്കുന്നു. പരിചയസമ്പന്നനായ മുൻ എംഎൽഎ ടി. ശരത്ചന്ദ്രപ്രസാദിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.












Click it and Unblock the Notifications