ജയിച്ചാൽ ‘നാട്ടിലെങ്ങും പാട്ടാകും’ -ആഹ്ളാദ പ്രകടനത്തിലുപയോഗിക്കാൻ പാട്ടുകൾ റെഡി!
പെട്ടി പൊട്ടുമ്പോൾ ജയിച്ചാൽ 'നാട്ടിലെങ്ങും പാട്ടാകും’, പൊട്ടിയാൽ പാട്ട് പെട്ടിയിൽതന്നെ ഇരിക്കും. തെരഞ്ഞെടുപ്പ് ഫലമറിയാൻ ഒരാഴ്ച മാത്രം അവശേഷിക്കവേ, ആഹ്ളാദ പ്രകടനത്തിലുപയോഗിക്കാനുള്ള പാട്ടുകൾ അണിയറയിലൊരുങ്ങി കഴിഞ്ഞു. മുന്നണികൾക്കും സ്ഥാനാർഥികൾക്ക് വ്യക്തിപരമായും ഉപയോഗിക്കാനുള്ള പാട്ടുകൾ റെഡിയാണ്. പാട്ടൊരുക്കിയ സ്ഥാനാർഥിയെങ്ങാനും തോറ്റാൽ പാട്ട് പുറംലോകം കാണിക്കില്ലെന്ന കരാറും അണിയറ പ്രവർത്തകരുമായി ഉണ്ടാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാലങ്ങളായി മുന്നണികളുടെയും മിക്ക സ്ഥാനാർഥികളുടെയും മുഖ്യ ആയുധം ജനപ്രിയ ഗാനങ്ങളുടെ പാരഡിപ്പാട്ടുകളാണ്. വിജയിക്കുമ്പോൾ നന്ദി അറിയിക്കാനും എതിരാളിയെ തളർത്താനും പാട്ട് തന്നെ ആയുധം. മലബാറിൽ മാപ്പിളപ്പാട്ടിനോടാണ് പ്രിയം. മധ്യ-തെക്കൻ കേരളത്തിൽ സിനിമാപ്പാട്ടുകളോടും നാടൻ പാട്ടുകളോടും.

ഇരു മുന്നണികൾക്ക് വേണ്ടിയും വിവിധ പാർട്ടികളിലെ സ്ഥാനാർഥികൾക്ക് വേണ്ടിയും ഒരേ ആൾ തന്നെ പാട്ട് തയാറാക്കുന്ന സംഭവങ്ങളുമുണ്ട്. പ്രാദേശികമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഗാനങ്ങൾ എഴുതി റെക്കോഡ് ചെയ്ത് നൽകുന്നവരുണ്ട്. മുന്നണികൾക്കായുള്ള പൊതുഗാനങ്ങൾക്ക് രഹസ്യ സ്വഭാവമില്ലെങ്കിലും സ്ഥാനാർഥികളുടെ പേര് പരാമർശിക്കുന്ന പാട്ടുകൾ ഉള്ളടക്കം പുറത്തുവരാത്ത വിധം രഹസ്യമായാണ് തയാറാക്കിയിരിക്കുന്നതെന്ന് കാൽ നൂറ്റാണ്ടിലധികമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ഖാദർ കാക്കനാട് പറയുന്നു.
തങ്ങൾ ജയിക്കാനുണ്ടായ സാഹചര്യവും എതിർ മുന്നണിയുടെ ന്യൂനതകളുമെല്ലാം ഉൾപ്പെടുത്തി ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ജയിക്കുമ്പോൾ ഉപയോഗിക്കാനുള്ള പാട്ടുകൾ തയാറാക്കിയിരിക്കുന്നത്. പ്രചാരണ ഗാനങ്ങളിലെന്ന പോലെ സ്വർണക്കൊള്ളയും വനവാസവും 'കടക്ക് പുറത്തു’മെല്ലാം ഇവിടെയും ഇടംപിടിച്ചിട്ടുണ്ട്. എൽഡിഎഫ് വൻ വിജയം നേടി തുടർ ഭരണത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 'വോട്ട് പെട്ടി പൊട്ടിച്ചപ്പോൾ യുഡിഎഫും ഞെട്ടി, ഇടതുപക്ഷമുന്നണി തുടർഭരണം നേടി’ എന്ന് തുടങ്ങുന്ന പാട്ടിൽ പ്രതിപക്ഷത്തിന് നേരെയുള്ള രൂക്ഷമായ പരിഹാസങ്ങൾ നിറഞ്ഞിരിക്കുകയാണ്.
മുഖ്യമന്ത്രിയാകാൻ സ്വപ്‌നം കണ്ടിരുന്ന കോൺഗ്രസ് നേതാക്കൾ എട്ടുനിലയിൽ പൊട്ടിയെന്നും വി.ഡി. സതീശൻ വനവാസത്തിന് പോകാൻ തയ്യാറെടുത്തോളൂ എന്നുമുള്ള ആക്ഷേപമൊക്കെ വരികളിലുണ്ട്. നൂറ് സീറ്റെന്ന മോഹം പാഴായെന്നും ജനവിധി കണ്ട് യുഡിഎഫ് തലയിൽ മുണ്ടിട്ട് ഓടിയെന്നുമൊക്കെയുള്ള പാട്ട് 'വാഴ 2’ സിനിമയിലെ നാടൻ പാട്ടിന്റെ ഈണത്തിലാണ്. വരികൾ ഇങ്ങനെ- 'വനവാസത്തിന് പോകുവാനായ് ഒരുങ്ങി നിന്നോ വി.ഡി, മൂന്നാം വട്ടോം തുടർഭരണം ഇടത് മുന്നണി നേടി, നൂറ് സീറ്റ് നേടുമെന്ന വീമ്പ് പാഴായിപ്പോയി, ജനവിധി കണ്ട് യു.ഡി.എഫ് തലയിൽ മുണ്ടിട്ടോടി...’
ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് ഉറച്ച വിശ്വസിക്കുന്ന യുഡിഎഫ് പിണറായി വിജയൻ്റെ 'കടക്ക് പുറത്ത്' പരാമർശത്തെയും പിആർ തള്ളുകളെയും ലക്ഷ്യം വെച്ചാണ് വിജയഗാനം ഒരുക്കിയിരിക്കുന്നത്. പത്തുകൊല്ലം സഹിച്ച ജനങ്ങൾ ഇടതുഭരണത്തിന് അറുതി വരുത്തി എന്നാണ് കടക്കണ്ണിൻ മുന കൊണ്ട്...’ എന്ന പഴയ മാപ്പിളപ്പാട്ടിന്റെ പാരഡിയിലൂടെ യുഡിഎഫ് അവകാശപ്പെടുന്നത്. 'കടക്ക് പുറത്ത് എന്ന് ഇടിവെട്ടി പറഞ്ഞോനെ പിരടിക്ക് പിടിച്ചിറക്കി, ജനമോ സഹികെട്ട് ഗതികെട്ട പിണറായി ഭരണത്തെ ഇക്കുറിയോ തീർപ്പാക്കി, ക്യാപ്റ്റൻ്റെ പി.ആർ തള്ളും പാഴാക്കി’ എന്നിങ്ങനെ പോകുന്നു വരികൾ.
മുന്നണികളുടെ പൊതുവായ ഗാനങ്ങൾക്ക് പുറമെ സ്ഥാനാർഥികൾക്കായി പ്രത്യേക വിജയഗാനങ്ങളും തയ്യാറാണ്. എന്നാൽ ഇവ അതീവ രഹസ്യമായി വെച്ചിരിക്കുകയാണ്. ഫലം വന്ന ശേഷം വിജയിക്കുന്നവരുടെ പാട്ടുകൾ മാത്രമേ പുറത്തുവിടുകയുള്ളൂ. സ്ഥാനാർഥി തോറ്റുപോയാൽ പാട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് കാരണമാകുമെന്നതിനാലാണ് ഈ മുൻകരുതൽ. തോൽക്കുന്ന സ്ഥാനാർഥി പിന്നീട് മുങ്ങിയാലോ എന്ന ആശങ്കയിൽ എല്ലാവരോടും മുൻകൂറായി പണം വാങ്ങിയിട്ടാണ് പാട്ടുകൾ തയ്യാറാക്കുന്നതും.












Click it and Unblock the Notifications