ഇന്ന് പോളിങ് ശതമാനം എത്രയാകും? ഏറ്റവും ഉയർന്നത് 1960ൽ; കൂടുതൽ പേർ വോട്ട് ചെയ്തത് 2021ൽ
എല്ലാ തെഞ്ഞെടുപ്പുകളിലും പാർട്ടി പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്ന ഒന്നാണ് പോളിങ് ശതമാനം. അത് വിലയിരുത്തിയാണ് ഓരോ പാർട്ടികളും വിജയസാധ്യതയും മറ്റും കണക്കാക്കുന്നത്. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് 1960ലെ രണ്ടാം നിയമസഭ തെരഞ്ഞെടുപ്പിലാണ്- 85.72 ശതമാനം.
അന്ന് 108 സീറ്റിൽ മത്സരിച്ച കമ്യൂണിസ്റ്റ് പാർട്ടി 29 സീറ്റും 80 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 63 സീറ്റും നേടി. പിന്നീട് 1987ൽ മാത്രമാണ് പോളിങ് 80 ശതമാനം കവിഞ്ഞത്. അന്ന് 80.54 ശതമാനമായിരുന്നു പോളിങ്. എൽഡിഎഫ് 78, യുഡിഎഫ് 60 എന്നിങ്ങനെയായിരുന്നു സീറ്റുനില.

2021ലാണ് സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത്. അന്ന് ആകെയുള്ള 2,75,03,768 വോട്ടർമാരിൽ 2,09,03,230 പേർ അതായത് 76 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1957ലെ ഒന്നാം നിയമസഭ തെരഞ്ഞെടുപ്പാണ് ഏറ്റവും കുറഞ്ഞ പോളിങ്ങിന് സാക്ഷ്യം വഹിച്ചത്. അന്ന് 8913247 വോട്ടർമാരിൽ 5837577 പേർ അതായത് 65.49 ശതമാനം പേരാണ് വോട്ട് ചെയ്തത്. പിന്നീട് ഒരിക്കൽ പോലും കേരളത്തിലെ പോളിങ് 70 ശതമാനത്തിന് താഴെയായിട്ടില്ല.
ഇത്തവണ എസ്ഐആറിന് ശേഷം പുതിയ വോട്ടർമാരെ കൂട്ടിച്ചേർത്തുള്ള അന്തിമപട്ടികയിൽ 2,71,42,952 വോട്ടർമാരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 2,06,28,643 പേർ വോട്ട് ചെയ്താൽ 2021ലെ പോളിങ് ശതമാനമായ 76 ശതമാനത്തിനൊപ്പം എത്തും. എസ്ഐആറിന് തൊട്ടുമുമ്പ് 2.78 കോടി വോട്ടർമാരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 24.08 ലക്ഷം പേരെ ഒഴിവാക്കി കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.54 കോടിയായി കുറഞ്ഞു. ഇതിൽ അനർഹരെന്നുകണ്ട് 53,229 പേരെ ഒഴിവാക്കിയപ്പോൾ മൊത്തം വോട്ടർമാർ 2.53 കോടിയായി കുറഞ്ഞു.
ഇതിനുശേഷം പുതിയ അപേക്ഷ സമർപ്പിച്ച് 15 ലക്ഷം പേർ കൂടി വോട്ടർപട്ടികയിൽ ഇടംപിടിച്ചതോടെ എസ്ഐആർ പ്രകാരമുള്ള അന്തിമ പട്ടികയിൽ 2,69,53,644 വോട്ടർമാരായി. ഇതിനുശേഷം അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉപയോഗിച്ച് 1,89,308 പേർ കൂടി വോട്ടവകാശം നേടിയതോടെ വോട്ടർമാർ 2,71,42,952 ആയി ഉയർന്നു. ഇതിന് പുറമെ 53,984 സർവിസ് വോട്ടർമാരുമുണ്ട്. ഇതുംകൂടി ചേരുന്നതോടെ ഇത്തവണ മൊത്തം വോട്ടർമാർ 2,71,96,936 ആണ്.
85 ശതമാനം പോളിങ്ങാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. 1957 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം ഇനി പറയും പ്രകാരമാണ് (വർഷം, പോളിങ് ശതമാനം എന്ന ക്രമത്തിൽ)-
1957- 65.49
1960- 85.72
1965- 75.12
1967- 75.67
1970- 75.29
1977- 79.19
1980- 72.23
1982- 73.51
1987- 80.54
1991- 73.42
1996- 71.16
2001- 72.47
2006- 72.38
2011- 75.26
2016- 77.35
2021- 76.00












Click it and Unblock the Notifications