Get Updates
Get notified of breaking news, exclusive insights, and must-see stories!

ചർച്ചയായ നാക്കുപിഴകൾ- ചെറ്റത്തരം, പാകിസ്താനിലെ പടക്കം പൊട്ടിക്കൽ, ബിസിനസ് ജിഹാദ്...

ശബരിമല സ്വര്‍ണക്കവര്‍ച്ച, വയനാട് ഫണ്ട് വിവാദം, എഫ്‌സിആര്‍എ, എസ്ഡിപിഐ കൂട്ടുകെട്ട്, ജമാഅത്തെ ഇസ്‌ലാമി ബന്ധം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഡീല്‍ ആരോപണം, പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം തുടങ്ങി ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലം സാക്ഷിയായ വമ്പന്‍ ആരോപണ, പ്രത്യാരോപണങ്ങള്‍ നിരവധിയാണ്. എന്നാൽ, രാഷ്ട്രീയ-വർഗീയ വിദ്വേഷം നിറഞ്ഞ പല പരാമർശങ്ങളും നാക്കുപിഴകളും മൂന്ന് മുന്നണിയിലെയും നേതാക്കളെയും വെട്ടിലാക്കി. ചെറ്റത്തരം പ്രയോഗം മുതൽ ലവ് ജിഹാദ് വരെ സജീവ ചർച്ചക്ക് ഇടയാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചില പരാമര്‍ശങ്ങൾ പ്രചാരണവേളയില്‍ പ്രതിപക്ഷം ആയുധമാക്കി. പാർട്ടി വിട്ട മുൻ മന്ത്രി ജി. സുധാകരൻ യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ മത്സരിക്കുന്നതിനെ ചെറ്റത്തരം എന്ന് മുഖ്യമന്ത്രി വിമർശിച്ചത് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ അനുമതി തേടിയ ആളോട് 'വീട്ടില്‍ പോയി ചോദിക്ക്' എന്നു പറഞ്ഞതും വിവാദമായി.

gsudhakaran-pinarayi-bgopalakrishnan-1

ഈ തെരഞ്ഞെടുപ്പുകാലത്ത് വർഗീയത വിഷയമാക്കി ആദ്യം സംസാരിച്ചത് ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനാണ്. ഗുരുവായൂരിൽ ഇതുവരെ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഒടുവിൽ പരാതിയായി തെരഞ്ഞെടുപ്പു കമ്മിഷന്റെ മുന്നിലെത്തി. 1977 മുതൽ ഗുരുവായൂരിൽ ജയിച്ച മുസ്‍ലിം എംഎൽഎമാരുടെ പേര് നിരത്തിയ ബാനർ ഉയർത്തിയതും ഗോപാലകൃഷ്ണൻ വർഗീയ കാർഡ് ഇറക്കി. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഏങ്ങണ്ടിയൂരിൽ ടിപ്പു സുൽത്താന്റെ പേരിലെന്തിനാണ് റോഡെന്ന് ചോദിച്ചും അദ്ദേഹം വിവാദങ്ങളിൽ നിറഞ്ഞു.

യുഡിഎഫും എൽഡിഎഫും അധികാരത്തിൽ വന്നാൽ ലവ് ജിഹാദ് ഉണ്ടാകുമെന്ന് ബിജെപി നേതാവും കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥിയുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞതും വിവാദമായി. തെരഞ്ഞെടുപ്പു കമ്മിഷൻ കേസെടുത്തെങ്കിലും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. ബിജെപിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തള്ളിപ്പറഞ്ഞെങ്കിലും ലവ് ജിഹാദ് എന്നൊരു പ്രശ്നമുണ്ടെന്ന് അദ്ദേഹവും ചൂണ്ടിക്കാട്ടി.

ലവ് ജിഹാദ് പോലുള്ള ക്രൂരകൃത്യം നടക്കുമ്പോൾ കണ്ണടയ്ക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് ആരോപിക്കുന്ന വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖയുടെ പ്രസംഗവും വിവാദമായി. കേരളത്തിൽ 'ബിസിനസ് ജിഹാദു’മുണ്ടെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ നടത്തിയ പ്രസ്താവനയും വിവാദങ്ങൾക്കു ചൂടുപിടിപ്പിച്ചു. ബിജെപി ജയിച്ചാൽ കേരളത്തിലെ കർഷകരുടെ കൃഷിയിടങ്ങളിൽനിന്ന് പടക്കംപൊട്ടുമെന്നും മറ്റാരെങ്കിലും ജയിച്ചാൽ പടക്കംപൊട്ടുന്നത് പാകിസ്താനിലായിരിക്കുമെന്നും പറഞ്ഞാണ് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇലക്ഷൻ ബോംബ് പൊട്ടിച്ചത്.

സ്വന്തം സമുദായത്തിലെ കുട്ടി (ഖൗമിലെ കുട്ടി) എന്ന നിലയിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയ വോട്ട് പിടിക്കുന്നുവെന്ന് പേരാമ്പ്രയിൽ സിപിഎം നടത്തിയ അനൗൺസ്‌മെന്റും വിവാദത്തിനിടയാക്കി. എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥി ഷാനവാസ് പാദൂരിനെ 'കപടവിശ്വാസി’യെന്ന് (മുനാഫിഖ്) അർഥമുള്ള വാക്കിലൂടെ വിശേഷിപ്പിച്ചെന്ന വിവാദത്തിൽ കാസർകോട് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാനയും വിവാദത്തിൽപ്പെട്ടു.

ജാതിപറഞ്ഞ് സിപിഎം വിമത നേതാവ് ജി. സുധാകരനും പെട്ടു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത അമ്പലപ്പുഴയിൽ നായന്മാരുടെ വീട്ടിൽമാത്രമാണ് കയറിയിറങ്ങുന്നതെന്നായിരുന്നു സുധാകരന്റെ വിവാദ പരാമർശം. 'നായരാണെന്നു മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിയും ചൂടിയാണു കയറുന്നത്. ഇവർ അങ്ങോട്ടുചെന്നാൽ നായന്മാർ വോട്ടുചെയ്യുമെന്നാണു ധാരണ. സുജാതയ്ക്കു നാണവും മാനവും വേണ്ടേ?’- ഇതായിരുന്നു സുധാകരന്റെ വാക്കുകൾ.

സമരത്തിനിടെ എൽഡിഎഫുകാർ വന്നാൽ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാ​ജേശ്വിക്ക് നിർദേശം നൽകിയെന്ന് പ്രസംഗിച്ച് ഇടുക്കി ‍ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യുവും വെട്ടിലായി. രാജേശ്വരി ആദിവാസിയായതിനാല്‍ വകുപ്പ് വേറെയാകുമെന്നറിയാമെന്നും മാത്യു പ്രസംഗിച്ചിരുന്നു. കുമളിയിൽ ശശി തരൂർ എംപി പങ്കെടുത്ത പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ പ്രവർത്തകനെ സി.പി മാത്യു കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+