'ഒറ്റക്കെട്ടായി നിന്നാൽ ഏത് കോട്ടയും കീഴടക്കാം..വീണിടിത്ത് നിന്ന് എഴുന്നേൽക്കാൻ മനസ് കാണിക്കാത്തതാണ് പരാജയം'
തിരുവനന്തപുരം; യുഡിഎഫ് ഒറ്റക്കെട്ടായി നിന്നാൽ ഏത് കോട്ടയും കീഴടക്കാമെന്ന് എംകെ മുനീർ.തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാട്ടി വിജയം കൈവരിക്കുന്നതിന് ഇടതുപക്ഷം ഏത് ഹീന മാർഗവും സ്വീകരിക്കും എന്നതിന് ഈ തിരഞ്ഞെടുപ്പ് പാഠമാണ്. അതുകൊണ്ടുതന്നെ ഇനി ചുവടുവെപ്പുകൾ സൂക്ഷ്മമായിരിക്കണം. വീഴ്ചകൾ കണ്ടെത്തണം, പരിഹരിക്കപ്പെടണം.നമുക്കുള്ളത് വീര്യം ചോർന്നു പോയിട്ടില്ലാത്ത ഒരു പ്രവർത്തന നിരയാണ്.നേരിന്റെ പക്ഷത്ത് നിന്ന് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകർക്ക് മാത്രമേ കഴിയൂവെന്നും ഫേസ്ബുക്കിൽ എംകെ മുനീർ കുറിച്ചു.
'വീണ് കിടക്കുന്നിടത്തല്ല പരാജയം,മറിച്ച് വീണിടത്ത് നിന്ന് എഴുന്നേറ്റ് നിന്ന് വീണ്ടും ഓടാൻ മനസു കാണിക്കാത്ത ഇടത്താണ് പരാജയം'!നാം എഴുന്നേൽക്കുക, വീണ്ടും വർദ്ധിതവീര്യത്തോടെ പ്രയാണം തുടങ്ങുക. വോട്ട് ചേർക്കാൻ ഇനി നാല് നാളുകൾ മാത്രം. രണ്ടാം പടയൊരുക്കത്തിന്റെ വിജയ കാഹളം മുഴങ്ങേണ്ട ദിവസങ്ങളാണിത്. ഈ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകുക. നമ്മുടെ ആത്മവിശ്വാസം ഒരു തരി പോലും വീണുടയാതെ സൂക്ഷിക്കുക.

താൽക്കാലിക പ്രതിഭാസങ്ങൾ വരും പോകും. ചതികളും കുതന്ത്രങ്ങളും ജനാധിപത്യപ്രക്രിയയെ തന്നെ മലിനമാക്കുന്ന എല്ലാം നടന്ന ഒരു കാലമായിരുന്നു കഴിഞ്ഞു പോയ തദ്ദേശ തിരഞ്ഞെടുപ്പ്. തപാൽ വോട്ടുകളിൽ പോലും കൃത്രിമം കാട്ടി വിജയം പിടിച്ചെടുക്കുന്ന രീതിയായിരുന്നു നമുക്ക് കാണാനായത്.
തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാട്ടി വിജയം കൈവരിക്കുന്നതിന് ഇടതുപക്ഷം ഏത് ഹീന മാർഗവും സ്വീകരിക്കും എന്നതിന് ഈ തിരഞ്ഞെടുപ്പ് നമുക്കൊരു പാഠമാണ്. അതുകൊണ്ടുതന്നെ ഇനി നമ്മുടെ ചുവടുവെപ്പുകൾ സൂക്ഷ്മമായിരിക്കണം. വീഴ്ചകൾ കണ്ടെത്തണം, പരിഹരിക്കപ്പെടണം.
നമുക്കുള്ളത് വീര്യം ചോർന്നു പോയിട്ടില്ലാത്ത ഒരു പ്രവർത്തന നിരയാണ്. യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി നിന്നാൽ ഏതു കോട്ടയും കീഴടക്കാം എന്ന് മുൻകാലങ്ങളിൽ നമ്മൾ തെളിയിച്ചിട്ടുണ്ട്. നേരിന്റെ പക്ഷത്ത് നിന്ന് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകർക്ക് മാത്രമേ കഴിയൂ.
വീണ്ടും കർമ്മനിരതരാവുക. നമുക്ക് എവിടെ നിരാശപ്പെടാൻ സമയം? പോരാട്ടഭൂമിയിൽ വിശ്രമമില്ലാതെ പട നയിക്കുക;എങ്കിൽ വിജയം നമുക്ക് തന്നെ അവകാശപ്പെട്ടതാവും സുനിശ്ചിതം.












Click it and Unblock the Notifications