കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വിശ്വാസിയെയും വേദനിപ്പിച്ചിട്ടില്ല, അങ്ങനെ ചിന്തിച്ചിട്ടുമില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി എം സ്വരാജ്

Google Oneindia Malayalam News

കൊച്ചി: വിശ്വാസികളെ വേദനിപ്പിയ്ക്കും വിധം പ്രസംഗിച്ച ആളാണ് തൃപ്പൂണിത്തുറ എംഎല്‍എയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എം സ്വരാജ് രംഗത്ത്. ബഹുമാന്യനായ പ്രതിപക്ഷ നേതാവിനോട് വിനയപൂര്‍വം അറിയിക്കട്ടെ, ഞാനൊരു വിശ്വാസിയെയും വേദനിപ്പിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടുമില്ല. വിശ്വാസികളുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് ഇവിടുത്തെ
എംഎല്‍എ എന്ന നിലയില്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചതെന്ന് തൃപ്പൂണിത്തുറയിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളോടോ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളോടോ അന്വേഷിച്ചാല്‍ അവര്‍ പറഞ്ഞു തരുമെന്നും എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം

m swaraj

പ്രതിപക്ഷ നേതാവിനോട് സ്നേഹാദരങ്ങളോടെ ....
ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോൾ അദ്ദേഹം ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധയിൽ പെട്ടു .
'വിശ്വാസികളെ വേദനിപ്പിയ്ക്കും വിധം പ്രസംഗിച്ച ആളാണ് ഇവിടുത്തെ MLA' എന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.
ബഹുമാന്യനായ പ്രതിപക്ഷ നേതാവിനോട് വിനയപൂർവം അറിയിക്കട്ടെ,
ഞാനൊരു വിശ്വാസിയെയും വേദനിപ്പിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടുമില്ല. വിശ്വാസികളുടെ ആവശ്യങ്ങൾക്കൊപ്പമാണ് ഇവിടുത്തെ
MLA എന്ന നിലയിൽ ഇക്കാലമത്രയും പ്രവർത്തിച്ചതെന്ന് തൃപ്പൂണിത്തുറയിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളോടോ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളോടോ അന്വേഷിച്ചാൽ അവർ പറഞ്ഞു തരും. ആരാധനാലയങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളുണ്ടായപ്പോഴെല്ലാം
MLA സ്വീകരിച്ച നിലപാട് അവർ പറയും.
ഒരു തിരഞ്ഞെടുപ്പിൻ്റെ തൊട്ടുമുമ്പ് സംഘടിപ്പിച്ച പ്രചരണ ജാഥയായിട്ടും തൃപ്പൂണിത്തുറയിലെത്തിയപ്പോൾ എഴുതിയ കുറിപ്പിൽ വികസന കാര്യങ്ങളെപ്പറ്റി യാതൊരു വിമർശനവും അങ്ങുയർത്തിയില്ല. അക്കാര്യത്തിൽ സ്ഥലം MLA ആയ എന്നെ കുറ്റപ്പെടുത്തിയതുമില്ല.
ആ യാഥാർത്ഥ്യബോധത്തിന് പ്രതിപക്ഷ നേതാവിനോട് നന്ദി പറയുന്നു.
ഒരു MLA യുടെ പ്രവർത്തനം വിലയിരുത്തേണ്ടത് നിയമസഭയിലെ പ്രവർത്തനവും മണ്ഡലത്തിലെ വികസന പദ്ധതികളും പരിശോധിച്ചുകൊണ്ടാണല്ലോ.
എനിയ്ക്കുറപ്പുണ്ട് വികസന സംബന്ധിയായി അങ്ങ് സ്ഥലം MLA യ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നെങ്കിൽ അങ്ങയുടെ പാർട്ടി പ്രവർത്തകർ തന്നെ അങ്ങയെ തിരുത്തുമായിരുന്നു. അവർ തന്നെ തൃപ്പൂണിത്തുറയിലെ വികസന സാക്ഷ്യങ്ങൾ അങ്ങേയ്ക്ക് കാണിച്ചു തരുമായിരുന്നു.
പ്രതിപക്ഷ നേതാവ് പ്രസംഗം കഴിഞ്ഞ് വേദി വിട്ട് കാറിലേയ്ക്ക് കയറുമ്പോൾ അവിടെ നിന്ന് കിഴക്കേകോട്ടയിലേയ്ക്ക് നീളുന്ന റോഡ് ടൈൽ പാകി മനോഹരമാക്കിയിരിയ്ക്കുന്നത് കാണാം. അത് ഈ ഭരണകാലത്താണെന്ന് അവർ പറയുമായിരുന്നു.
അങ്ങയുടെ ജാഥയിലുള്ള വാഹനങ്ങൾക്ക് തടസമേതുമില്ലാതെ സഞ്ചരിയ്ക്കാൻ കഴിഞ്ഞത് തൃപ്പൂണിത്തുറയിൽ മുക്കിന് മുക്കിന് മുമ്പുണ്ടായിരുന്ന അന്യായ ടോൾ പിരിവ് കേന്ദ്രങ്ങൾ അടച്ചു പൂട്ടിയതുകൊണ്ടാണെന്നും ടോൾരഹിത തൃപ്പൂണിത്തുറ യാഥാർത്ഥ്യമായത് ഇപ്പോഴാണെന്നും അവർ പറയുമായിരുന്നു.
അങ്ങയുടെ ജാഥാ സ്വീകരണ വേദിയുടെ വിളിപ്പാടകലെ ഗവ.ഗേൾസ് ഹൈസ്കൂളിലെ 5 കോടി രൂപ ചിലവഴിച്ച് നിർമിച്ച മനോഹരമായ രണ്ടു വലിയ കെട്ടിടങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് അവർ കാണിച്ചു തരുമായിരുന്നു.
തൊട്ടടുത്ത് ഗവ.ബോയ്സ് ഹൈസ്കൂളിൽ ഇക്കാലത്ത് പണി പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയവും , സ്പോർട്സ് കോംപ്ലക്സും , പവലിയനുകളും അങ്ങയുടെ പ്രവർത്തകർ തീർച്ചയായും കാണിച്ചു തരുമായിരുന്നു.
ഒപ്പം അവിടെ പണി നടക്കുന്ന BEd കോളേജ് കെട്ടിടത്തിൻ്റെ നിർമാണ പ്രവൃത്തികളും കാണാനാവുമായിരുന്നു . അവിടെത്തന്നെ ഒരു കോടി രൂപ ചിലവിൽ പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ നിർമാണത്തിന് ശിലാസ്ഥാപനം നിർവഹിയ്ക്കാൻ പോകുന്നുവെന്നും മനസിലാക്കാൻ കഴിയുമായിരുന്നു.
ഗവ. ബോയ്സ് സ്കൂളിൽ നിന്നും പുറത്തേയ്ക്കിറങ്ങുമ്പോൾ ആകാശത്തേയ്ക്ക് തല ഉയർത്തി നിൽക്കുന്ന വൻ കെട്ടിടം തീർച്ചയായും അങ്ങയുടെ കണ്ണിൽ പെടാതിരിയ്ക്കില്ല .
36 കോടി രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ ആ കെട്ടിടം ലോകത്തിലെ തന്നെ ഏറ്റവും വലിയ ആയുർവേദ ഗവേഷണ കേന്ദ്രമാണ്. അടുത്ത ദിവസം അത് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
അവിടെ നിന്നും പുറത്തേയ്ക്കിറങ്ങുന്ന റോഡാണ് വൈക്കം റോഡ്. കാൽ നൂറ്റാണ്ട് കടലാസിലുറങ്ങിയ പദ്ധതിയാണ്.
ആ ഫയലുകൾക്ക് ശാപമോക്ഷം ലഭിച്ചതും സംസ്ഥാനബജറ്റിൽ തുക വകയിരുത്തിയതും ഇൻവെസ്റ്റിഗേഷൻ കഴിഞ്ഞതും DPR തയാറാക്കിയതും അലൈൻമെൻ്റ് അന്തിമമാക്കിയതും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ 450 കോടി രൂപ അനുവദിച്ചതും ഏറ്റെടുക്കാനുള്ള സ്ഥലം റോഡിനിരുവശവുമായി അളന്നു തിരിച്ച് കല്ലിട്ടതും അവർ പറഞ്ഞു തരാതിരിയ്ക്കില്ല. ഇപ്പോൾ കിഫ്ബിയുടെയും
KRFB യുടെയും PWDയുടേയും ഉദ്യോഗസ്ഥരുടെ സംഘം ഏറ്റെടുക്കാനുള്ള സ്ഥലം സർവെ നമ്പർ പ്രകാരം സംയുക്ത പരിശോധന നടത്തിവരികയാണ് . 628 കോടി ചിലവു വരുന്ന അഭിമാന പദ്ധതിയെയാണ് 25 കൊല്ലത്തെ ഉറക്കത്തിൽ നിന്ന് ഉണർത്തിയെടുത്തത്.
അവിടെ നിന്ന് തെക്കോട്ട് നോക്കിയാൽ കാണുന്നതാണ് അന്ധകാരത്തോട് .
പണ്ട് വഞ്ചിയിൽ ചരക്കു ഗതാഗതം നടന്നിരുന്ന രണ്ടേകാൽ കിലോമീറ്റർ നീളമുള്ള ജലപാതയായിരുന്നു ഇത് .
പീന്നീട് നഗരമാലിന്യങ്ങൾ നിക്ഷേപിയ്ക്കുന്ന അഴുക്കുചാലായി, മാലിന്യക്കൂമ്പാരമായി മാറി. നഗരത്തിൻ്റെ നാണക്കേടായി മാറിയ അന്ധകാരത്തോട് പുനർജനിയ്ക്കുന്നത് ആവശത്തോടെ അങ്ങയുടെ പ്രവർത്തകർ കാണിച്ചു തരുമായിരുന്നു . 11 കോടിയിൽപരം രൂപ കിഫ്ബിയിൽ നിന്ന് ചിലവിട്ടാണ് അന്ധകാരത്തോടിൻ്റെ ശുചീകരണവും നവീകരണവും സൗന്ദര്യവൽക്കരണവും യാഥാർത്ഥ്യമാക്കുന്നത്. പൂർണമായും ശുചീകരിച്ചും വശങ്ങൾ കല്ലു കെട്ടി സംരക്ഷിച്ചും ഇരുവശത്തും വാക്ക് വേ നിർമിച്ചും , ഫെൻസിങ്ങ് സ്ഥാപിച്ചുമാണ് ബോട്ടിങ്ങ് നടത്താവുന്ന ജലപാതയായി അന്ധകാരത്തോട് പുനർജ്ജനിയ്ക്കുന്നത്. പ്രവൃത്തികൾ 85% പിന്നിട്ടിരിയ്ക്കുന്നു.
എനിയ്ക്കുറപ്പുണ്ട് അന്ധകാരത്തോടിൻ്റെ ശാപമോക്ഷത്തിൽ അങ്ങേയ്ക്ക് സന്തോഷം തോന്നുമെന്ന് .
അന്ധകാരത്തോടു കാണുമ്പോൾ അതിനു കുറുകെ മാർക്കറ്റ് റോഡിലുള്ള ഇടുങ്ങിയ പാലം കാണാതിരിയ്ക്കില്ല. അതു പൊളിച്ച് വീതിയുള്ള പുതിയ പാലം പണിയാൻ കഴിഞ്ഞ ദിവസം ബഹു. പൊതുമരാമത്ത് വകുപ്പു മന്ത്രി ശിലാസ്ഥാപനം നിർവഹിച്ചതും മനസിലാക്കാൻ കഴിയും.
പ്രതിപക്ഷ നേതാവിൻ്റെ ജാഥാസ്വീകരണ വേദിയുടെ പുറകിലൂടെ ഇത്തിരി പോയാൽ പുതുതായി പണികഴിപ്പിച്ച തൃപ്പൂണിത്തുറ KSEB സബ് സ്റ്റേഷൻ കാണാം. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിയ്ക്കുന്ന സബ് സ്റ്റേഷൻ പൂർണമായും യന്ത്രവൽകൃതമാണ്. കേരളത്തിലെ ആദ്യത്തെ അൺ മാൻഡ് ഇലക്ട്രിസിറ്റി സബ് സ്റ്റേഷനാണിത്. 25 കോടിയിൽപരം രൂപയാണിതിൻ്റെ നിർമാണ ചിലവ്. കേരളത്തിലെ ആദ്യത്തെ അൺമാൻഡ് ഇലക്ട്രിസിറ്റി സബ് സ്റ്റേഷൻ ഏതാണെന്ന് ഏതെങ്കിലും മത്സര പരീക്ഷയിൽ നാളെ ഒരു ചോദ്യം വന്നാൽ അതിൻ്റെ ഉത്തരം തൃപ്പൂണിത്തുറ എന്നാണ്. !
എരൂരിൽ പഴയ പ്രൈമറി ഹെൽത്ത് സെൻറർ ഫാമിലി ഹെൽത്ത് സെൻ്ററായപ്പോഴുള്ള മാറ്റവും, കെ.എം യു പി സ്കൂളിൻ്റെ പുതിയ മനോഹരമായ കെട്ടിടവും , അവിടെത്തന്നെ വെട്ടു വേലിക്കടവിൽ പുതുതായി നിർമിച്ച ബോട്ടുജെട്ടിയും പ്രതിപക്ഷ നേതാവിന് കാണാൻ കഴിയുമായിരുന്നു.
പ്രതിപക്ഷ നേതാവിൻ്റെ ജാഥാ സ്വീകരണ വേദിയുടെ അടുത്തു തന്നെയുള്ള ഗവ.സംസ്കൃത കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്കിൻ്റെയും ലേഡീസ് ഹോസ്റ്റലിൻ്റെയും കാൻ്റീനിൻ്റെയും പണി ദ്രുതഗതിയിൽ ആദ്യഘട്ടം പിന്നിട്ട് പുരോഗമിയ്ക്കുന്നതിന് സാക്ഷ്യം വഹിയ്ക്കാമായിരുന്നു . പത്തുകോടിയോളം ചിലവു വരുന്ന നിർമാണ പ്രവർത്തനങ്ങളാണവിടെ പുരോഗമിയ്ക്കുന്നത്. ആ മുറ്റത്തൂടെ ഒരമ്പതു മീറ്റർ നടന്നാൽ ഗവ.സംസ്കൃത സ്കൂളിൽ ഹൈസ്കൂളിനും ഹയർ സെക്കണ്ടറി വിഭാഗത്തിനുമായി രണ്ടു കോടിയോളം രൂപാ ചിലവിൽ ഒരേ സമയം രണ്ടു വലിയ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിയ്ക്കുന്നതും കാണാമായിരുന്നു.
തൊട്ടടുത്ത് തൃപ്പൂണിത്തുറ ഗവ. ആർട്സ് കോളേജിൻ്റെ പുതിയ അക്കാദമിക് ബ്ലോക്കിനായി നിർമിയ്ക്കുന്ന 14.5 കോടിയുടെ ബഹുനിലക്കെട്ടിടത്തിൻ്റെ പണി പകുതി പിന്നിട്ട് പുരോഗമിയ്ക്കുന്ന കാഴ്ചയും പ്രതിപക്ഷ നേതാവിന് കണ്ട് ബോധ്യപ്പെടാനാവും .
അതോടൊപ്പം ആയുർവേദ കോളേജിലെ ഫാർമസി ബ്ലോക്കുൾപ്പെടെ നിർമാണം പുരോഗമിയ്ക്കുന്ന കെട്ടിടങ്ങളും നിർമാണം പൂർത്തിയായി ഇതിനോടകം ഉദ്ഘാടനം കഴിഞ്ഞ കെട്ടിടങ്ങളുടെ ശൃംഖലയും കാണാമായിരുന്നു.
തൃപ്പൂണിത്തുറയിൽ തന്നെ അടുത്ത ദിവസം ഉദ്ഘാടനം നിർവഹിയ്ക്കാൻ പോകുന്ന തൊഴിൽ വകുപ്പിൻ്റെ കരിയർ ഡവലപ്മെൻ്റ് സെൻറർ (CDC) യുടെ അവസാന മിനുക്കുപണികൾ കണ്ട് വിലയിരുത്താനും കഴിഞ്ഞേനെ.
തൃപ്പൂണിത്തുറ SMP കോളനിയിൽ നടത്തിയ ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തികളും കാണാമായിരുന്നു.
പ്രതിപക്ഷ നേതാവിൻ്റെ തൃപ്പൂണിത്തുറയിലെ പ്രസംഗം കേൾക്കാവുന്നത്ര അടുത്തുള്ള ഗവ.താലൂക്കാശുപത്രിയിൽ താങ്കളുടെ പ്രവർത്തകർ താങ്കളെ കൊണ്ടുപോയിരുന്നെങ്കിൽ അവിടെ പുതിയതായി പണികഴിപ്പിച്ച ഡയാലിസിസ് ബ്ലോക്കിനും പുതിയതായി വാങ്ങിയ ആംബുലൻസിനും പുറമേ അത്യാധുനിക സൗകര്യങ്ങളോടെ 32,000 ചതുരശ്ര അടിയിൽ നിർമിയ്ക്കാൻ പോകുന്ന പുതിയ കെട്ടിടത്തിന് പത്തുകോടി രൂപ സർക്കാർ അനുവദിച്ചതും നിർമാണം തുടങ്ങാനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചതും നേരിട്ടു മനസിലാക്കാൻ കഴിഞ്ഞേനെ. അക്കൂട്ടത്തിൽ ആശുപത്രിയുടെ തൊട്ടടുത്തുള്ള RLV കോളേജിൽ പുതിയ ഹോസ്റ്റൽ നിർമാണത്തിന് ഫണ്ട് ലഭ്യമായതും മനസിലാക്കാൻ കഴിഞ്ഞേനെ.
ദ്രുതഗതിയിൽ പണി പുരോഗമിയ്ക്കുന്ന മെട്രോ റെയിലിൻ്റെ നിർമാണവും അടുത്ത ദിവസം ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പനംകുറ്റി പാലവും കാണുമ്പോൾ വികസന രംഗത്ത് നമ്മുടെ നാട് എവിടെയെത്തി നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവിന് ആരും പറയാതെ തന്നെ മനസിലായേനെ.
സ്വീകരണ വേദിയിൽ നിന്നിറങ്ങി ഒരിത്തിരി പോയാൽ തൃപ്പൂണിത്തുറയിലെ കല്ലുവെച്ചകാട് എന്ന മനോഹരമായ ദ്വീപ് പ്രതിപക്ഷ നേതാവിന് കാണാൻ പറ്റിയേനെ . അവിടെ പത്തിൽ താഴെ വീടുകൾ മാത്രമാണുള്ളത് . ആ വിരലിലെണ്ണാവുന്ന വീട്ടുകാർക്കായി ഒരു തൂക്കുപാലം നിർമിയ്ക്കാൻ സംസ്ഥാന ബജറ്റിൽ 2 കോടി രൂപയുണ് വകയിരുത്തിയത് . സാങ്കേതിക നടപടിക്രമങ്ങളെല്ലാം ഇതിനോടകം പൂർത്തിയായി. അടുത്തയാഴ്ച ടെണ്ടർ ചെയ്യാൻ പോവുകയുമാണ്. പത്തു വീടു പോലുമില്ലാത്ത ദ്വീപിലേയ്ക്ക് പാലമോ ! എന്ന് ആശ്ചര്യപ്പെടുന്നവരുണ്ടാവും. പക്ഷേ സത്യമാണ്. ഇത് കേരളമാണ്. ഇവിടെയിപ്പോൾ ഇങ്ങിനെയാണ്.
എല്ലാത്തിനുമുപരി ഇപ്പോൾ തൃപ്പൂണിത്തുറയിലെ ജനങ്ങളുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും പ്രതിപക്ഷ നേതാവ് ശ്രദ്ധിച്ചിട്ടുണ്ടാവും. 5 കൊല്ലം മുമ്പിവിടെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമായിരുന്നു. ഇക്കാര്യം പറഞ്ഞ് ചില റസിഡൻസ് അസോസിയേഷനുകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിയ്ക്കാൻ ആഹ്വാനം ചെയ്യുക പോലുമുണ്ടായി. ഇപ്പോഴാ പ്രശ്നം സമ്പൂർണമായി പരിഹരിച്ചിരിയ്ക്കുന്നു. തൃപ്പൂണിത്തുറ നഗരസഭാ പ്രദേശം കുടിവെളള ക്ഷാമത്തിൽ നിന്ന് മോചിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍
മേൽ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ 5 വർഷത്തെ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിയ്ക്കരുത്. UDF ജാഥയിൽ പ്രതിപക്ഷ നേതാവ് പ്രസംഗിച്ച വേദിയുടെ ചുറ്റുവട്ടങ്ങളിലായി കഴിഞ്ഞ നാലരക്കൊല്ലത്തിൽ നടപ്പിലായ വികസന പ്രവർത്തനങ്ങളിൽ ചിലതുമാത്രമാണ് പറഞ്ഞത്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയ്ക്കു പുറത്തുള്ള ഒരു കാര്യം പോലും ഇവിടെ പറഞ്ഞിട്ടില്ല. പക്ഷേ ഈ മണ്ഡലത്തിൽ എവിടെ നിന്ന് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചാലും ആ വേദിയുടെ ചുറ്റുവട്ടങ്ങളിൽ ഇതുപോലെ LDF സർക്കാരിൻ്റെ നാലരക്കൊല്ലത്തെ വികസന സാക്ഷ്യങ്ങൾ ചൂണ്ടിക്കാണിയ്ക്കാൻ കഴിയും.
പ്രിയ പ്രതിപക്ഷ നേതാവേ ,
ഈ സന്ദർഭത്തിലെങ്കിലും വികസനത്തെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും വിലയിരുത്താനോ ക്രിയാത്മകമായി വിമർശിയ്ക്കാൻ പോലുമോ കഴിയാത്തതെന്തുകൊണ്ടാണ് ?
നിങ്ങളുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് വിശദീകരിയ്ക്കാൻ അങ്ങേയ്ക്ക് സാധിയ്ക്കാത്തതെന്തുകൊണ്ടാണ് ?
തിരഞ്ഞെടുപ്പ് കാലത്തുപോലും വികസനത്തിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യാനാവാത്ത UDF ൻ്റെ ദുര്യോഗം നാട് തിരിച്ചറിയുന്നുണ്ട് എന്നു മാത്രം പറയട്ടെ.

English summary
Kerala Assembly Election: M Swaraj responds to Ramesh Chennithala's allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X