കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 സീറ്റുകൾക്ക് വേണ്ടി മുസ്ലീം ലീഗ്, മധ്യ-തെക്കന്‍ കേരളത്തില്‍ കൂടി വേരുറപ്പിക്കാൻ നീക്കം

Google Oneindia Malayalam News

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിച്ചെത്തിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിനും അതിന് ശേഷമുളള നിയമസഭാ തിരഞ്ഞെടുപ്പിനുമായി കച്ച മുറുക്കുകയാണ് മുസ്ലീം ലീഗ്. മലബാറില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയില്‍ നിന്നും മധ്യ-തെക്കന്‍ കേരളത്തില്‍ കൂടി വേരുറപ്പിക്കാനാണ് ലീഗ് ശ്രമം.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിവാദവും ലോക് താന്ത്രിക് ദളും യുഡിഎഫ് വിട്ടതോടെ ഒഴിവ് വന്ന സീറ്റുകളിലേക്കാണ് ലീഗ് അവകാശവാദം ഉന്നയിക്കുന്നത്. 30 സീറ്റുകള്‍ വരെയാണ് മുസ്ലീം ലീഗ് ഇക്കുറി പ്രതീക്ഷിക്കുന്നത്.

ജോസിന്റെ സീറ്റുകൾ

ജോസിന്റെ സീറ്റുകൾ

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതിന് പിറകെ തന്നെ കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടി യുഡിഎഫില്‍ പിജെ ജോസഫ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ജോസ് കെ മാണി വിഭാഗം മത്സരിച്ച സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ മുഴുവന്‍ സീറ്റുകളിലും തങ്ങള്‍ തന്നെ മത്സരിക്കുമെന്ന നിലപാടിലാണ് പിജെ ജോസഫ്.

 22 സീറ്റുകളെ കുറിച്ച് ചർച്ച

22 സീറ്റുകളെ കുറിച്ച് ചർച്ച

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത് 15 സീറ്റുകളില്‍ ആയിരുന്നു. മുന്നണി വിട്ട എല്‍ജെഡി ഏഴ് സീറ്റുകളിലും മത്സരിച്ചു. ഈ സീറ്റുകളില്‍ ചിലതിലേക്കാണ് മുന്നണിയിലെ വലിയ കക്ഷികളായ കോണ്‍ഗ്രസും ലീഗും നോട്ടമിടുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെയും എല്‍ജെഡിയുടേതുമായ 22 സീറ്റുകളെ കുറിച്ചാണ് പിടിവലി.

എത്ര കോണ്‍ഗ്രസിന്, എത്ര ലീഗിന്

എത്ര കോണ്‍ഗ്രസിന്, എത്ര ലീഗിന്

പിജെ ജോസഫ് വിഭാഗത്തിന് 8 സീറ്റുകള്‍ നല്‍കേണ്ടതായി വരും. ബാക്കി വരുന്ന 14 സീറ്റുകളില്‍ എത്ര കോണ്‍ഗ്രസിന്, എത്ര ലീഗിന് എന്നതാണ് ഇനി അറിയേണ്ടത്. 2016ല്‍ മുസ്ലീം ലിഗ് മത്സരിച്ചത് 24 സീറ്റുകളില്‍ ആണ്. സംസ്ഥാനത്തെ 7 ജില്ലകളിലായാണ് 20 സീറ്റുകളില്‍ ലീഗ് മത്സരിച്ചത്. ഇക്കുറി 6 സീറ്റുകള്‍ കൂടി അധികം ലീഗ് ആവശ്യപ്പെട്ടേക്കും.

തെക്കന്‍ ജില്ലകളിലും വേരുറപ്പിക്കാൻ

തെക്കന്‍ ജില്ലകളിലും വേരുറപ്പിക്കാൻ

മലബാറില്‍ മാത്രമല്ല മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ലീഗ് നീക്കം. നിലവില്‍ തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ലീഗിന് സീറ്റില്ല. തെക്കന്‍ ജില്ലകളിലും പാര്‍ട്ടിക്ക് വേരുറപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. നേരത്തെ കൊല്ലത്തും തിരുവനന്തപുരത്തും ലീഗിന് സീറ്റുണ്ടായിരുന്നതാണ്.

കൂടുതല്‍ സീറ്റുകള്‍ ചോദിക്കാൻ നീക്കം

കൂടുതല്‍ സീറ്റുകള്‍ ചോദിക്കാൻ നീക്കം

30 സീറ്റുകള്‍ക്ക് യുഡിഎഫില്‍ മുസ്ലീം ലീഗിന് അവകാശമുണ്ട് എന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ 87 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 22 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായിരുന്നത്. അതേസമയം 24 സീറ്റുകളില്‍ മത്സരിച്ച ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ 19ലും ജയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇക്കുറി കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുളള നീക്കം.

അന്നുണ്ടാക്കിയ ധാരണ

അന്നുണ്ടാക്കിയ ധാരണ

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ലീഗ് മൂന്ന് ലോക്‌സഭാ സീറ്റുകള്‍ക്ക് വേണ്ടി ആവശ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മൂന്ന് സീറ്റ് ലഭിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലീഗിന് നല്‍കാം എന്നാണ് അന്നുണ്ടാക്കിയ ധാരണ എന്നാണ് റിപ്പോര്‍ട്ടുകള്‍. ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനടക്കം എതിരഭിപ്രായമില്ല.

പൂഞ്ഞാര്‍ സീറ്റ് വേണം

പൂഞ്ഞാര്‍ സീറ്റ് വേണം

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിച്ചിരുന്ന പൂഞ്ഞാര്‍ സീറ്റില്‍ ലീഗിന് കണ്ണുണ്ട്. കോട്ടയത്ത് ഒരു സീറ്റ് ലീഗ് നേരത്തെ മുതല്‍ക്കേ തന്നെ യുഡിഎഫിനുളളില്‍ ആവശ്യപ്പെടുന്നതാണ്. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ അടക്കം ഈ മണ്ഡലത്തില്‍ ലീഗിന് സ്വാധീനമുണ്ട്. അതേസമയം കേരള കോണ്‍ഗ്രസിന്റെ സീറ്റായ പൂഞ്ഞാര്‍ ലീഗിന് വിട്ട് കൊടുക്കാന്‍ പിജെ ജോസഫ് തയ്യാറാകുമോ എന്നത് സംശയമാണ്.

തിരുവനന്തപുരത്ത് കഴക്കൂട്ടം

തിരുവനന്തപുരത്ത് കഴക്കൂട്ടം

പൂഞ്ഞാര്‍ കൂടാതെ കോട്ടയത്ത് തന്നെ കാഞ്ഞിരപ്പളളി മണ്ഡലത്തിനോടും ലീഗിന് താല്‍പര്യമുണ്ട്. കാഞ്ഞിരപ്പളളിയില്‍ ലീഗ് നേരത്തെ മത്സരിച്ചിട്ടുളളതുമാണ്. തിരുവനന്തപുരത്ത് കഴക്കൂട്ടം മണ്ഡലമാവും ലീഗ് ആവശ്യപ്പെടുക. ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടണമെന്ന അഭിപ്രായമാണ് യൂത്ത് ലീഗിനുമുളളത്. അതേസമയം യുഡിഎഫിലെ മറ്റ് ഘടകകക്ഷികളായ ആര്‍സ്പിക്കും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനുമടക്കം കൂടുതല്‍ സീറ്റുകള്‍ക്ക് താല്‍പര്യമുണ്ട് എന്നത് സീറ്റ് വിഭജനം കീറാമുട്ടിയാക്കിയേക്കും.

English summary
Kerala Assembly Election: Muslim League likely to ask for 30 seats this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X