പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാവര്‍ത്തിച്ച് എന്‍സിപി;സിറ്റിങ് സീറ്റില്‍ മത്സരിക്കും
തിരുവനന്തപുരം: പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്. പാല വിട്ടുകൊടുക്കണമെന്ന് ഇടതുമുന്നണിയോ സിപിഎമ്മോ ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരന് പറഞ്ഞു. എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു അദ്ദേഹം.
സിറ്റിങ് സീറ്റില്‍ മത്സരിക്കുകയെന്നതാണ് കീഴ്വഴക്കം. പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇതുവരെയും ചര്‍ച്ച ചെയ്തിട്ടില്ലെന്നും പീതാബരന്‍ വ്യക്തമാക്കി. ഇടതുപക്ഷ മുന്നണിവടുന്ന പ്രശ്നമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേ സമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി എകെജി സെന്ററില്‍ എല്‍ഡിഎഫ് യോഗം ആരംഭിച്ചു. പാല എംഎല്‍എ മാണി സി കാപ്പന് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. ശരത് പവാറുമായുള്ള യോഗത്തിന് ശേഷം മാത്രമേ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുകയുള്ളുവെന്ന് മാണി സി കാപ്പന് അറിയിച്ചു.
എന്നാല്‍ എന്‍സിപിക്കുള്ളിലും ഭിന്നത നിലനില്‍ക്കെ ടിപി പാതാംബരനും, എകെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പാല സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ എന്‍സിപി ഇന്ന് യോഗത്തില്‍ ആവശ്യപ്പെട്ടേക്കും. ഇന്നത്തെ യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ചയാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സീറ്റ് ചര്‍ച്ച അജണ്ടയില്‍ ഉള്‍പ്പെടുത്താതെ എല്‍ഡിഎഫ് ജാഥ, പ്രകടനപത്രിക എന്നിവയില്‍ വിഷയങ്ങളൂന്നാനാണ് സിപിഎം നീക്കം.എന്‍സിപി സമ്മര്‍ദത്തില്‍ പാലാ സീറ്റ് ചര്‍ച്ച ചെയ്താല്‍ സിപിഐ നിലപാടും നിര്‍ണ്ണായകമാകും.