ആദ്യം ഫലമറിയാൻ സാധ്യതയുള്ള മണ്ഡലങ്ങൾ ഇവ, ചങ്കിടിപ്പോടെ മുന്നണികളും സ്ഥാനാർഥികളും
വോട്ടെണ്ണൽ ദിനം അടുക്കുന്നതോടെ മുന്നണികളുടെയും സ്ഥാനാർഥികളുടെയും ചങ്കിടിപ്പ് ഏറുകയാണ്. സ്ട്രോങ് റൂമുകളില്‍ തിരിമറി നടക്കുമെന്ന ആശങ്കയും ഇതാദ്യമായി പലർക്കുമുണ്ട്. മേയ് നാലിന് രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. സാധാരണ നിലയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോഴുള്ള ലീഡ് 10 മിനിറ്റിനകം തന്നെ ലഭിച്ചു തുടങ്ങും. എട്ടരയോടെ ഇവിഎമ്മില്‍ നിന്നുള്ള ലീഡ് നിലകളും വന്നുതുടങ്ങും. വലിയ തര്‍ക്കങ്ങളോ ആശയക്കുഴപ്പങ്ങളോ ഇല്ലെങ്കില്‍ പന്ത്രണ്ടു മണിയോടെ സംസ്ഥാനത്തെ ഭൂരിഭാഗം സീറ്റുകളിലേയും ജനവിധി വ്യക്തമാകും.
തന്റെ മണ്ഡലത്തിലെ ഫലം എപ്പോൾ അറിയാനാകുമെന്നാണ് ഓരോ വോട്ടറും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സാധാരണ ഗതിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കില്‍ കേരളത്തില്‍ ആദ്യം ഫലം അറിയുക കോഴിക്കോട് സൗത്ത് മണ്ഡലത്തിലേതാകും. 14 ടേബിളുകളിലായി 12 റൗണ്ട് വോട്ടെണ്ണിയാല്‍ കോഴിക്കോട് സൗത്തിന്‍റെ ഫലം അറിയാം. പതിമൂന്നാം റൗണ്ട് പൂര്‍ത്തിയാകുന്നതിനകം ഫലമറിയാവുന്ന മറ്റൊരു മണ്ഡലം കണ്ണൂരാണ്. ആകെയുള്ള 179 ബൂത്തുകളില്‍ നിന്നുള്ള ഇവിഎമ്മുകള്‍ എണ്ണിപ്പൂര്‍ത്തിയാക്കാന്‍ 12 റൗണ്ടിനു ശേഷം ഒരല്‍പ്പം കൂടി സമയമെടുക്കും. പതിമൂന്നാമത്തെ റൗണ്ട് ഭാഗികമായി എണ്ണുമ്പോഴേക്കും കണ്ണൂരിലെ ഫലമറിയാം.

അതിനും അല്‍പ്പം മുമ്പ് പാലക്കാട് ജില്ലയിലെ ആലത്തൂരിലും തരൂരിലും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ആലത്തൂരില്‍ 174 ബൂത്തുകളിലേയും തരൂരില്‍ 177 ബൂത്തുകളിലേയും വോട്ടുകളാണ് എണ്ണാനുള്ളത്. 177 ബൂത്തുകളില്‍ നിന്നുള്ള ഇവിഎമ്മുകളിലെ വോട്ടുകൾ എണ്ണാനുള്ള ഏറ്റുമാനൂരിലെ വോട്ടെണ്ണലും 13 റൗണ്ട് പൂര്‍ത്തിയാകുന്നതിനു മുമ്പ് അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധര്‍മ്മടം മണ്ഡലത്തിലെ ഫലം പതിനഞ്ചാം റൗണ്ട് തുടങ്ങുമ്പോള്‍ത്തന്നെ അറിയാനാകും. ഇവിടെ 198 ബൂത്തുകളില്‍ നിന്നുള്ള വോട്ടുകളാണ് എണ്ണാനുള്ളത്.
വോട്ടെണ്ണലിന് ഏറ്റവുമധികം സമയമെടുക്കാന്‍ സാധ്യതയുള്ളത് 294 ബൂത്തുകളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണേണ്ട തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്. ഇരുപത്തിയൊന്നാം റൗണ്ടില്‍ മാത്രമേ തൃപ്പൂണിത്തുറയില്‍ വോട്ടെണ്ണല്‍ അവസാനിക്കൂ. സമാനമായ രീതിയില്‍ വോട്ടെണ്ണല്‍ നീണ്ടു പോകാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ് ആറന്മുളയും കോവളവും. ആറന്മുളയില്‍ 272 ബൂത്തുകളിലെയും കോവളത്ത് 269 ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണണം.
കേരളം ഉറ്റുനോക്കുന്നത് എൽഡിഎഫ് വിമതർ മത്സരിച്ച മണ്ഡലങ്ങളിലെ ഫലമാണ്. ജി. സുധാകരന്‍ യുഡിഎഫ് പിന്തുണയിൽ മത്സരിച്ച അമ്പലപ്പുഴയില്‍ പതിനാലാം റൗണ്ട് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫലമറിയാം. സിപിഎം വിട്ട വി. കുഞ്ഞികൃഷ്ണന്‍ മല്‍സരിച്ച പയ്യന്നൂരില്‍ പതിനാലാം റൗണ്ട് ഭാഗികമായി എണ്ണിത്തീരുമ്പോള്‍ ഫലമറിയാം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി.കെ. ശ്യാമള ടീച്ചറും സിപിഎം വിട്ട ടി.കെ. ഗോവിന്ദനും മല്‍സരിക്കുന്ന തളിപ്പറമ്പില്‍ പതിനേഴാം റൗണ്ടു വരെ വോട്ടെണ്ണല്‍ നീളും. ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പതിനഞ്ചും പതിനാറും റൗണ്ടുകളിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുക.
തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. മാര്‍ ഇവാനിയോസ് കോളേജ്, ഗവണ്‍മെന്‍റ് വിമന്‍സ് കോളജ്, സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിൽ. കൊല്ലത്ത് സെന്‍റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്കൂളിലും ടികെഎം എഞ്ചിനീയറിങ്ങ് കോളജിലുമായി വോട്ടെണ്ണും. പത്തനംതിട്ടയിലെ വോട്ടെണ്ണൽ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലും കോഴഞ്ചേരി സെന്‍റ് തോമസ് കോളജിലുമാണ്. ആലപ്പുഴയിലേത് ആലപ്പുഴ എസ്ഡി കോളജിലും സെന്‍റ് ജോസഫ്സ് കോളജിലും.
മൗണ്ട് കാര്‍മ്മല്‍ എച്ച് എസ് എസും കോട്ടയം ഗവണ്‍മെന്‍റ് കോളജുമാണ് കോട്ടയത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ഇടുക്കിയില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലും പൈനാവ് ഗവണ്‍മെന്‍റ് കോളജിലുമായി വോട്ടെണ്ണും. എറണാകുളത്ത് എറണാകുളം മഹാരാജാസ് കോളജിലും കുസാറ്റിലുമാണ് വോട്ടെണ്ണുക. തൃശ്ശൂരില്‍ തൃശ്ശൂര്‍ ടൗണ്‍ഹാളിലും രാമവര്‍മ്മപുരത്തെ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ്ങ് കോളജിലുമായി വോട്ടെണ്ണും.
പാലക്കാട് ജില്ലയില്‍ ഗവണ്‍മെന്‍റ് വിക്ടോറിയാ കോളജും ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളജുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. മലപ്പുറത്ത് മലപ്പുറം ഗവണ്‍മെന്‍റ് കോളജിലും എം എസ് പി ഹയര്‍ സെക്കണ്ടറി സ്കൂളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാണ്. കോഴിക്കോട് ജില്ലയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കോംപ്ലെക്സിലുമായി വോട്ടെണ്ണും. വയനാട്ടിൽ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രം. കണ്ണൂരിലെ വോട്ടെണ്ണല്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ്ങ് കോളജിലും ധര്‍മ്മടം ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളജിലുമായി നടക്കും. കാസര്‍കോട് ജില്ലയിലെ വോട്ടെണ്ണല്‍ കാസര്‍കോട് ഗവണ്‍മെന്‍റ് കോളജിൽ മാത്രമാണ്.












Click it and Unblock the Notifications