വോട്ടെണ്ണലിന് തൊട്ടുമുമ്പ് ബിജെപിയ്‌ക്കെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം; ആദിവാസി നേതാക്കളെ ഇറക്കിവിട്ടു?
സുല്‍ത്താന്‍ ബത്തേരി: വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴല്‍പണം തൃശൂരില്‍ വച്ച് തട്ടിയെടുത്തു എന്ന കേസില്‍ ആരോപണമുന ബിജെപിയുടെ നേര്‍ക്ക് നീളുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇപ്പോഴിതാ, വോട്ടെണ്ണലിന്റെ തൊട്ട് തലേന്ന് ഒരു ഫണ്ട് തട്ടിപ്പ് ആരോപണം കൂടി ബിജെപിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നു.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവായ സികെ ജാനു ആയിരുന്നു ഇവിടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. വിശദാംശങ്ങള്‍ നോക്കാം...
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

ഗുരുതര പരാതി
സുല്‍ത്താന്‍ ബത്തേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെ സഹകരണം ഉണ്ടായിരുന്നില്ല എന്നാണ് പരാതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പരാതി നല്‍കിയിരിക്കുന്നത് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ ആണ്.

തിരഞ്ഞെടുപ്പ് ഫണ്ട്
തിരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമം കാണിച്ചു എന്ന ഗുരുതര ആരോപണവും പ്രകാശന്‍ മൊറാഴയുടെ പരാതിയില്‍ ഉന്നയിക്കപ്പെടുന്നുണ്ട്. മണ്ഡലത്തിലെ പ്രചാരണ പരിപാടിക്കായി എത്തിച്ച ഒരു കോടി രൂപ ബിജെപി നേതാക്കള്‍ തട്ടിയെടുത്തു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ആദിവാസി നേതാക്കളെ ഇറക്കിവിട്ടു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആദിവാസി നേതാക്കള്‍ വലിയ അപമാനം നേരിടേണ്ടി വരേണ്ടിവന്നു എന്നും പരാതിയില്‍ പറയുന്നുണ്ട്. ബിജെപി ഏര്‍പ്പെടുത്തിയ പ്രചാരണ വാഹനത്തില്‍ നിന്ന് ആദിവാസി നേതാക്കളെ ഇറക്കി വിട്ടു എന്നാണ് ആരോപണം.

വോട്ട് കുറയും
സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് പ്രചാരണത്തിന് സഹകരണം ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. പര്യടന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും പിഴവുണ്ടായി. ഇത് മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തവണ ബത്തേരിയില്‍ വോട്ടുകുറയുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

ജാനു അറിഞ്ഞില്ല?
എന്നാല്‍ ഇങ്ങനെ ഒരു പരാതിയെക്കുറിച്ച് അറിവില്ലെന്നാണ് സ്ഥാനാര്‍ത്ഥിയായ സികെ ജാനു പറയുന്നത്. തന്റെ അറിവോടെയല്ല സംസ്ഥാന സെക്രട്ടറി ഇത്തരം ഒരു പരാതി നല്‍കിയത് എന്നും അവര്‍ പറയുന്നുണ്ട്. ഒരുവേള എന്‍ഡിഎ വിട്ട് പുറത്ത് വന്ന സികെ ജാനു, ഈ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എന്‍ഡിഎയുടെ ഘടകക്ഷിയായത്.

നിഷേധിച്ച് ബിജെപി
ഇത്തരം ഒരു പരാതിയെ തന്നെ നിഷേധിക്കുകയാണ് ബിജെപി ജില്ലാ നേതൃത്വം. സികെ ജാനുവിന് ഇത്തരത്തില്‍ ഒരു പരാതിയും ഇല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. ഫണ്ട് തട്ടിപ്പ് നടത്തി എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും സജി ശങ്കര്‍ പ്രതികരിച്ചു.

പ്രതിസന്ധിയില്‍ ബിജെപി
കൊടകര കുഴല്‍പണ കേസില്‍ ആരോപണം നേരിടുകയാണ് ബിജെപി ഇപ്പോള്‍. അവിടെ മൂന്നര കോടി രൂപയുടെ കുഴല്‍പണം തട്ടിച്ചു എന്നാണ് ആരോപണം. ബത്തേരിയില്‍ ഒരു കോടി രൂപ തട്ടിയെടുത്തു എന്നാണ് ഘടകക്ഷി നേതാവ് തന്നെ ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications