വളരെ വേദനിപ്പിക്കുന്ന കാര്യമാണ്; സംഭവിച്ചത് ഇതാണ്: പ്രതികരണവുമായി വീണ നായര്‍
ഏറ്റുമാനൂരിലെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായിരുന്നു വീണാ നായര്‍. ട്വന്റി-20യുടെ സ്ഥാനാര്‍ഥിയായിട്ടാണ് വീണ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ വീണയെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമായ വാര്‍ത്തയാണ് പുറത്തുവന്നത്. വീണ നായര്‍ക്ക് വോട്ടില്ലാത്തതിനാല്‍ പുതിയ സ്ഥാനാര്‍ത്ഥിയെ തേടുകയാണ് ട്വന്റി-20. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന നിയമപരമായ നൂലാമാലയാണ് വീണയെ പ്രതിസന്ധിയിലാക്കിയത്
ഏറ്റുമാനൂരില്‍ ബിജെപിയുടെ സീറ്റാണ് ട്വന്റി-20 ക്ക് നല്‍കിയത്. കഴിഞ്ഞദിവസം കിഴക്കമ്പലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കോട്ടയം പരിപ്പിലാണ് വീണാ നായരുടെ വീട്. വീണയുടെ പേര് ചേര്‍ക്കാനുള്ള സാധ്യതകള്‍ പാര്‍ട്ടി പരിശോധിക്കുന്നുണ്ട്.
വീണ നായര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് വ്യക്തമായതോടെ വലിയ തിരിച്ചടിയാണ് ട്വന്റി-20 നേരിടുന്നത്. നേരത്തെ പെരുമ്പാവൂരില്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന ലക്ഷ്മി പ്രിയയ്ക്കും വോട്ടില്ലെന്ന് വ്യക്തമായതോടെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെ ഇരട്ട പ്രഹരമാണ് ട്വന്റി-20 നേരിടുന്നത്.

വീണയ്ക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ട്രോളുകളാണ് പ്രചരിക്കുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ വീണ തന്നെ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
വീണയുടെ വാക്കുകള്‍: നിയമസഭാ ഇലക്ഷനില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കാന്‍ തയാറെടുത്തിരിക്കുകയായിരുന്നു. വളരെ ഖേദത്തോടെ പറയട്ടെ, സോഷ്യല്‍ മീഡിയയിലും മറ്റുള്ളവര്‍ പറഞ്ഞും അറിയുന്നതിന് മുന്‍പ് ഞാന്‍ തന്നെ എന്നെ സ്‌നേഹിക്കുന്ന ആള്‍ക്കാരോട് ഈ വാര്‍ത്ത അറിയിക്കുകയാണ്. വളരെ പ്രതീക്ഷയോടെയാണ് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കൊടുത്തിരുന്നത് അപ്രൂവല്‍ ആയിട്ടില്ല. വളരെ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണത്. സ്ഥാനാര്‍ത്ഥിയായ ശേഷം ഇതിന്റെ കാര്യങ്ങളെല്ലാം ചെയ്തിരുന്നു. ഡേറ്റ് പതിനഞ്ചാം തീയതി വരെയായിരുന്നു എന്നത് വളരെ വൈകിയാണ് അറിഞ്ഞത്. ഇതിനു മുമ്പ് ഞാന്‍ വോട്ട് ചെയ്തിട്ടുള്ളത് ചങ്ങനാശേരിയിലാണ്. പിന്നീട് അഡ്രസില്‍ ഒരു ചെയ്ഞ്ച് സംഭവിച്ചിരുന്നു. വീണ്ടും ഒന്നേന്ന് ചെയ്തപ്പോള്‍ വന്ന പ്രശ്‌നമാണ് കാര്യങ്ങള്‍ ഇതുവരെ എത്തിച്ചത്. നോമിനേഷന്‍ തള്ളിപ്പോകാനുള്ള സാധ്യതകളും ഉണ്ട്. അതിനാല്‍ ഉറപ്പില്ലാതെ വലിയൊരു പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് മത്സരിക്കാന്‍ സാധിക്കില്ല.
കലക്ടറെയും ഡെപ്യൂട്ടി കലക്ടറെയും ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരെയും കണ്ട് എല്ലാ സാധ്യതകളും പരിശോധിച്ചിരുന്നു. അവര്‍ക്ക് പരിമിതികള്‍ ഉണ്ടാകാം. പൊളിറ്റിക്കല്‍ പ്രഷര്‍ ഉണ്ടാകാം. വിഷമവും ഖേദവും ഉണ്ട്. അത്രയും ആത്മാര്‍ത്ഥമായി തെരഞ്ഞെടുത്ത ഒരു തീരുമാനമാണ്. നിങ്ങളുടെ എല്ലാ ആവശ്യത്തിനും ഒരു വിളിപ്പാടകലെ ഞാനുണ്ടാകും. എന്ത് കാര്യത്തിനും എന്നെ സമീപിക്കാം - വീണ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications