തെരഞ്ഞെടുപ്പ് പ്രചരണം മദ്യനയത്തില്‍ കേന്ദ്രീകരിക്കല്‍ യുഡിഎഫ് തന്ത്രം
തിരുവനന്തപുരം: സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും വിലക്കയറ്റവും ജനങ്ങള്‍ നേരിടുമ്പോള്‍ മദ്യനയത്തില്‍ മാത്രം കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് ചര്‍ച്ച തങ്ങളുടെ വഴിക്കു നയിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതായി സൂചന. വര്‍ഷങ്ങളായി കേരള ജനതയോ രാഷ്ട്രീയ പാര്‍ട്ടികളോ തെരഞ്ഞെടുപ്പ് കാലത്ത് മദ്യം ചര്‍ച്ച ചെയ്യാറേ ഇല്ലായിരുന്നു.
എന്നാല്‍, ഇത്തവണ അതിന് മാറ്റം വന്നിരിക്കുകയാണ്. മദ്യനിരോധനത്തിലേക്ക് നയിക്കാനായി യുഡിഎഫ് മദ്യനയം കൊണ്ടുവരികയും ഇടതുപക്ഷത്തെ പ്രത്യേകിച്ചു സിപിഎമ്മിനെ നിര്‍ബന്ധിച്ച് അവരുടെ മദ്യനയം അവതരിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയുമാണ് യുഡിഎഫ്. തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കേ മദ്യനയം മാത്രം ചര്‍ച്ച ചെയ്യുന്ന അവസ്ഥയുണ്ടാക്കാന്‍ ഇതുമൂലം മുഖ്യമന്ത്രിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കും സാധിച്ചു.

സോളാര്‍, പാറ്റൂര്‍, ഭൂമി കുംഭകോണം തുടങ്ങി സര്‍ക്കാരിനെതിരെ ജനവികാരം ഉയരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് വ്യക്തം. സര്‍ക്കാരിന് ജനങ്ങള്‍ക്കു മുന്‍പില്‍ അല്‍പമെങ്കിലും തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നത് മദ്യനയത്തില്‍ മാത്രമാണെന്നും അതുകൊണ്ട് മദ്യനയം തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കണമെന്നും യുഡിഎഫ് നേതാക്കള്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ മദ്യനയത്തെ കുറിച്ച് തുടരെ നടത്തുന്ന പ്രസ്താവനകള്‍ ഇതിന് തെളിവാണ്. അതേസമയം, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാകട്ടെ തന്റെ പ്രചരണ യോഗങ്ങളില്‍ അഴിമതിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് പ്രസംഗിക്കുന്നത്. യുഡിഎഫ് നേതാക്കള്‍ക്ക് ഇതില്‍ അങ്കലാപ്പുമുണ്ട്.
തെരഞ്ഞെടുപ്പില്‍ അഴിമതി മുഖ്യവിഷയമാകുമെന്ന് നേരത്തെ പുറത്തുവന്ന ചില സര്‍വേ ഫലങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെയാണ് മുഖ്യവിഷയം മദ്യനയം ആക്കുക എന്ന തന്ത്രം യുഡിഎഫ് സ്വീകരിച്ചതും. യുഡിഎഫിന് അനുകൂലമായി വാര്‍ത്ത നല്‍കുന്ന സംസ്ഥാനത്തെ ഒരു പ്രമുഖ മാധ്യമം നടത്തിയ സര്‍വേയില്‍ മദ്യനയമാണ് മുഖ്യ വിഷയമാകുകയെന്ന് പറഞ്ഞത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇതേ മാധ്യമം തങ്ങളുടെ പത്രത്തില്‍ മദ്യനയം സജീവമാക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ വരും ദിവസങ്ങളിലെങ്കിലും തെരഞ്ഞെടുപ്പ് വിഷയം അഴിമതിയിലും സര്‍ക്കാരിന്റെ പരാജയങ്ങളിലും കേന്ദ്രീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമന്നുറപ്പാണ്.












Click it and Unblock the Notifications