വടകരയില്‍ ആരു ജയിക്കും; ആർഎംപിയും കെകെ രമയും തീരുമാനിക്കും?
വടകര: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ രമ ജയിക്കുമോ എന്നല്ല ആളുകള്‍ ഉറ്റുനോക്കുന്നത്, എത്ര വോട്ടുപിടിക്കുമെന്നതാണ്. വടകരയില്‍ സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ രമയുടെ വോട്ടിനെ ആശ്രയിച്ചിരിക്കുന്നു. ആരു ജയിക്കും ആരു തോല്‍ക്കുമെന്ന് ഇത്തവണ രമ തീരുമാനിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ വളര്‍ന്ന് തിരുത്തല്‍ ശക്തിയായി മാറി ഒടുവില്‍ പുതിയൊരു പാര്‍ട്ടിയ്ക്കു രൂപംകൊടുത്തു രക്തസാക്ഷിയായ ടി.പി ചന്ദ്രശേഖരന്റെ ഭാര്യയെ അത്ര പെട്ടെന്ന് എഴുതിത്തിള്ളാന്‍ വടകരക്കാര്‍ക്കു കഴിയില്ല.
കേരളമാകെ പിടിച്ചുകുലുക്കിയ ടി.പി വധത്തിനുശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പാര്‍ലമെന്റിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേടിയതിനെക്കാള്‍ അല്‍പ്പംകൂടി മികച്ച പ്രകടനം ആര്‍എംപി നടത്തിയാല്‍ സംശയം വേണ്ട, യുഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ പാട്ടുംപാടി ജയിക്കും. ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി കരുത്താര്‍ജിച്ചു വരവെയായിരുന്നു 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ്.

എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദളില്‍നിന്ന് വലിയൊരു വിഭാഗം പാര്‍ട്ടിവിട്ട് സോഷ്യലിസ്റ്റ് ജനതാദള്‍ രൂപീകരിച്ചതും ഇതേ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്. രണ്ട് സംഭവങ്ങളും വടകരയില്‍ എല്‍ഡിഎഫിനെ സംബന്ധിച്ച് കടുത്ത ആഘാതമാണ് സമ്മാനിച്ചത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി സോഷ്യലിസ്റ്റ് ജനതയില്‍നിന്ന് അഡ്വ. എം.കെ പ്രേംനാഥ് ജനവിധി തേടി. എല്‍ഡിഎഫിനുവേണ്ടി ഗോദയിലിറങ്ങിയത് പഴയ പടക്കുതിര സി.കെ നാണു.
കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലം കൈവിട്ടുപോകുമെന്നു സിപിഎം ഭയന്ന തെരഞ്ഞെടുപ്പ്. ഒടുവില്‍ 847 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനതാദളിലെ സി.കെ നാണു ജയിച്ചുകയറി, എല്‍ഡിഎഫ് അഭിമാനം കാത്തു. അന്ന് എന്‍. വേണുവായിരുന്നു ആര്‍എംപിക്കുവേണ്ടി പോരിനിറങ്ങിയത്. അദ്ദേഹം 10,098 വോട്ടുകള്‍ നേടി. സ്വഭാവികമായും എല്‍ഡിഎഫ് പെട്ടിയില്‍ വീഴേണ്ട വോട്ടുകള്‍. ഈ തെരഞ്ഞെടുപ്പില്‍ എം.കെ പ്രേംനാഥിന് സ്ഥാനാര്‍ഥിത്തം നല്‍കിയതില്‍ എസ്ജെഡിയില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.

സ്ഥാനാര്‍ഥിയാവുമെന്നു കരുതിയ മനയത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ ചിലര്‍ പ്രതിഷേധിച്ചു. തദ്ഫലമായി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഏറാമലയില്‍ ഉള്‍പ്പെടെ പാര്‍ട്ടി ഉദ്ദേശിച്ച വോട്ടുനേടാനായില്ല. ഈ വോട്ടുകള്‍ മനയത്ത് ചന്ദ്രന്‍ മറിച്ചതാണെന്ന് ആരോപണമുണ്ടായിരുന്നു. ആ മനയത്ത് ചന്ദ്രനാണിപ്പോള്‍ ജെഡിയു ആയി മാറിയ പഴയ എസ്ജെഡിക്കുവേണ്ടി യുഡിഎഫില്‍നിന്നു വോട്ടു ചോദിക്കുന്നത്.
കഴിഞ്ഞ തവണ വഴിമാറിപ്പോയ എസ്ജെഡി വോട്ടുകള്‍ യുഡിഎഫ് പെട്ടിയില്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍തന്നെ യുഡിഎഫിനെ സംബന്ധിച്ച് അതു വലിയ നേട്ടമാകും. കൂടാതെ, ടി.പി വധത്തോടുള്ള പ്രതിഷേധം വോട്ടായി മാറുകയാണെങ്കില്‍ സ്വാഭാവികമായും അതും നഷ്ടംവരുത്തുക എല്‍ഡിഎഫ് വോട്ട് വിഹിതത്തിലായിരിക്കും. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം.കെ കേളു ജയിച്ചതൊഴിച്ചാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും സോഷ്യലിസ്റ്റുകള്‍ക്കൊപ്പമായിരുന്നു വടകര.
1960, 65, 67, 70 വര്‍ഷങ്ങളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ എം. കൃഷ്ണന്‍ മണ്ഡലത്തിലെ ജനപ്രതിനിധിയായി. 1977, 80, 82, 87, 91 വര്‍ഷങ്ങളില്‍ ജനതാദളിലെ കെ. ചന്ദ്രശേഖരനായിരുന്നു എംഎല്‍എ. 1996ലും 2001ലും ദള്ളിലെ സി.കെ നാണു ജയിച്ചു. 2006ല്‍ ദള്ളില്‍നിന്ന് എം.കെ പ്രേംനാഥും. പഴയ രണ്ടു ദള്ളുകാരാണ് 2011ല്‍ ഏറ്റുമുട്ടിയത്. അതില്‍ സി.കെ നാണു ജയിച്ചു. ഇത്തവണയും ഏറ്റുമുട്ടുന്നത് പഴയ സഹപ്രവര്‍ത്തകര്‍തന്നെ- എല്‍ഡിഎഫിനു വേണ്ടി സി.കെ നാണുവും യുഡിഎഫിനുവേണ്ടി മനയത്തു ചന്ദ്രനും. ബാക്കി മെയ് 19ന്.












Click it and Unblock the Notifications