വോട്ടർ ഐഡി കാർഡ് എളുപ്പത്തിൽ വീട്ടിൽ കിട്ടും, ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിങ്ങളുടെ വോട്ടർ ഐഡി കാർഡ് എളുപ്പത്തിൽ കൈവശം വെക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയൊരു സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ വോട്ടർ ഐഡി കാർഡ് ഓൺലൈനായി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.
ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെ ഡിജിറ്റൽ പതിപ്പാണ് ഇ-എപിക്. ഓഫീസുകളിൽ കയറിയിറങ്ങാതെ മിനിറ്റുകൾക്കുള്ളിൽ ഇത് സ്വന്തമാക്കാം. വീട്ടിൽ നിന്നുതന്നെ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് നിങ്ങളുടെ വോട്ടർ ഐഡി കാർഡിന്റെ ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്തെടുക്കാം. കാർഡ് നഷ്ടപ്പെട്ടവർക്കോ ഡിജിറ്റൽ പകർപ്പ് വേണ്ടവർക്കോ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഇ-എപിക് ഒരു പിഡിഎഫ് ഫയലായി സൂക്ഷിക്കുകയോ പ്രിന്റ് എടുക്കുകയോ ഡിജിലോക്കറിൽ സൂക്ഷിക്കുകയോ ചെയ്യാം. വോട്ടെടുപ്പിൽ അംഗീകൃത തിരിച്ചറിയൽ രേഖയാണിത്. വ്യാജരേഖകൾ തടയാനായി ഒരു സുരക്ഷിതമായ ക്യു ആർ കോഡും ഇതിലുണ്ട്.

ഇസിഐ വോട്ടേഴ്സ് സർവീസസ് പോർട്ടൽ (voters.eci.gov.in) വഴിയാണ് ഇ-എപിക് ഡൗൺലോഡ് ചെയ്യാൻ ഏറ്റവും എളുപ്പം. എങ്ങനെയെന്ന് നോക്കാം:
1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ആദ്യമായി ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ Voters' Services Portal (voters.eci.gov.in) സന്ദർശിക്കുക.
2. ലോഗിൻ ചെയ്യുക
നിങ്ങൾക്ക് നേരത്തെ അക്കൗണ്ട് ഉണ്ടെങ്കിൽ Login ക്ലിക്ക് ചെയ്യുക.
അക്കൗണ്ട് ഇല്ലെങ്കിൽ Sign-Up ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിലും ഉപയോഗിച്ച് പുതിയൊരു അക്കൗണ്ട് തുടങ്ങുക.
3. E-EPIC Download ഓപ്ഷൻ തിരഞ്ഞെടുക്കുക
ഡാഷ്‌ബോർഡിൽ കാണുന്ന 'E-EPIC Download' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
4. വിവരങ്ങൾ നൽകുക
ഇവിടെ നിങ്ങൾക്ക് രണ്ട് രീതിയിൽ സെർച്ച് ചെയ്യാം:
EPIC Number: നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ നൽകുക.
Form Reference Number: പുതിയ കാർഡിന് അപേക്ഷിച്ചവരാണെങ്കിൽ റഫറൻസ് നമ്പർ ഉപയോഗിക്കാം.
തുടർന്ന് നിങ്ങളുടെ സംസ്ഥാനം (State) തിരഞ്ഞെടുത്ത് 'Search' ബട്ടൺ അമർത്തുക.
5. OTP വെരിഫിക്കേഷൻ
നിങ്ങളുടെ സ്ക്രീനിൽ വോട്ടർ വിവരങ്ങൾ തെളിഞ്ഞു വരും. വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒരു OTP അയക്കാൻ 'Send OTP' ക്ലിക്ക് ചെയ്യുക. ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി വെരിഫൈ ചെയ്യുക.
6. ഡൗൺലോഡ് ചെയ്യുക
വെരിഫിക്കേഷൻ പൂർത്തിയായാൽ 'Download e-EPIC' എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ വോട്ടർ ഐഡി കാർഡ് PDF രൂപത്തിൽ സേവ് ആകും.
ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയും ഇ-എപിക് ഡൗൺലോഡ് ചെയ്യാം. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം, മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിങ്ങളുടെ EPIC നമ്പറോ / ഫോം റെഫറൻസ് നമ്പറോ നൽകി സംസ്ഥാനം തിരഞ്ഞെടുക്കുക.
OTP വെരിഫിക്കേഷന് ശേഷം PDF ഫയൽ ഡൗൺലോഡ് ചെയ്യാം. ഈ ഫയൽ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി ഡിജിലോക്കറിലും സൂക്ഷിക്കാം. സഹായത്തിനായി 1950 എന്ന വോട്ടർ ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വോട്ടർ ഐഡിയുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തവർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. നിങ്ങളുടെ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ആദ്യം ഇ-കെവൈസി (e-KYC) പൂർത്തിയാക്കി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഡൗൺലോഡ് ചെയ്ത ഈ ഡിജിറ്റൽ കാർഡ് ലാമിനേറ്റ് ചെയ്ത് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നതാണ്.












Click it and Unblock the Notifications