നിയമസഭാ കയ്യാങ്കളിക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ്, നീക്കം വിചാരണ തുടങ്ങാനിരിക്കെ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണ ആവശ്യവുമായി പോലീസ് കോടതിയില്‍. മന്ത്രിമാരടക്കം പ്രതികളായ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞതാണ്. എന്നാല്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട് എന്നാണ് പോലീസ് ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന വാദം.
നിയമസഭാ കയ്യാങ്കളി കേസില്‍ കോടതി വിചാരണ തിയ്യതി തീരുമാനിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ നാടകീയ നീക്കം. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. തുടരന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ ചില വസ്തുതകള്‍ കൂടി പരിശോധിക്കാനുണ്ടെന്ന് പോലീസ് പറയുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരെയായിരുന്നു അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് പ്രതിഷേധം. സഭയിലെ പ്രതിഷേധം കയ്യാങ്കളിയായി മാറി. സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്ക് പരിക്കേറ്റതിന്റെ 14 വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
അതേസമയം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണം എന്ന പോലീസിന്റെ ആവശ്യത്തെ കോടതി വിമര്‍ശിച്ചു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പിന്‍വലിക്കുകയാണോ എന്ന് കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. മാത്രമല്ല തുടരന്വേഷണം നടത്തി പുതിയ തെളിവുകള്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണം എന്ന് പോലീസ് ആവശ്യപ്പെട്ടത് എന്തിനാണ് എന്നും കോടതി ആരാഞ്ഞു.
ഇതോടെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവാദം തേടിയുളള അപേക്ഷ പിന്‍വലിക്കാമെന്ന് പോലീസ് കോടതിയെ അറിയിച്ചു. കേസില്‍ തുടരന്വേഷണം വേണം എന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എമാരായ ഗീതാ ഗോപിയും ഇഎസ് ബിജിമോളും കോടതിയെ സമീപിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രി കൂടിയായ കെടി ജലീല്‍ എംഎല്‍എ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ എന്നിവരടക്കം 6 പേരാണ് നിയമസഭാ കയ്യാങ്കളിക്കേസിലുളളത്.












Click it and Unblock the Notifications