സ്വർണ്ണക്കൊള്ളയിൽ ഇന്നും പുകഞ്ഞ് നിയമസഭ; പ്രതിപക്ഷവും മന്ത്രിമാരും നേർക്കുനേർ
ശബരമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിനെ ചൊല്ലി നിയമസഭയിൽ(Kerala Assembly) ഇന്നും ഭരണ-പ്രതിപക്ഷ പോർവിളി. സഭാനടപടികൾ ആരംഭിച്ചത് മുതൽ സ്വർണ്ണക്കൊള്ള വിഷയത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, വി. ശിവൻകുട്ടി എന്നിവരും തമ്മിൽ രൂക്ഷമായ വാക്പോരാണ് നടന്നത്.
ഫോട്ടോ വിവാദം ആയുധമാക്കി ഭരണപക്ഷം
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിൽക്കുന്ന ഫോട്ടോ ഭരണപക്ഷം ഇന്നും പ്രധാന ആയുധമാക്കി. സ്വർണ്ണം കട്ടവർക്ക് സോണിയ ഗാന്ധിയെ കാണാൻ അവസരം ഒരുക്കിയത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു. ഇതിനെതിരെ ആഞ്ഞടിച്ച വി.ഡി. സതീശൻ, മുഖ്യപ്രതിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്ന ഫോട്ടോ തങ്ങളുടെ കൈവശമുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ മുഖ്യമന്ത്രിയെ തങ്ങൾ അധിക്ഷേപിച്ചിട്ടില്ലെന്നും തിരിച്ചടിച്ചു.

വ്യക്തിപരമായ അധിക്ഷേപങ്ങളും പരിഹാസവും
ചർച്ച വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങിയതോടെ സഭയിൽ ബഹളം വർദ്ധിച്ചു. ഡയസിൽ കയറി പ്രതിഷേധിച്ച പ്രതിപക്ഷത്തെ മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. ഡയസിൽ കയറി ഹൈജംപ് നടത്തുന്ന പ്രതിപക്ഷത്തിന് ആ കായിക ഇനത്തിൽ നല്ല ഭാവി ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സഭയിലെ സംഘർഷങ്ങൾ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ മുൻപത്തെ പരാമർശത്തെയും സതീശൻ രൂക്ഷമായി വിമർശിച്ചു.
വാച്ച് ആൻഡ് വാർഡ് മർദ്ദന ആരോപണം
കഴിഞ്ഞ ദിവസത്തെ സംഘർഷത്തിനിടെ വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മർദ്ദിച്ചെന്ന ആരോപണം വി.ഡി. സതീശൻ നിഷേധിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും പൊതുവേദിയിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടക്കുന്ന സമരങ്ങൾ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലു പ്ലാൻ ചെയ്തതാണെന്നും ശിവൻകുട്ടി ആരോപിച്ചു.
തുടർച്ചയായ ബഹളത്തെത്തുടർന്ന് സഭാനടപടികൾ തടസ്സപ്പെട്ടു. സ്വർണ്ണക്കൊള്ളാ കേസിൽ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്












Click it and Unblock the Notifications