മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമില്ല; സഭയില്‍ നാടകീയ രംഗങ്ങള്‍, കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തു
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് സഭയില്‍ നാടകീയ രംഗങ്ങള്‍. പട്ടയവുമായി ബന്ധപ്പെട്ട ബില്ലില്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അംഗം മാത്യു കുഴല്‍നാടന്‍ മാസപ്പടി വിവാദം സൂചിപ്പിച്ചതാണ് കാരണം. വിഷയത്തില്‍ സംസാരം തുടങ്ങിയ ഉടനെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ തടയാന്‍ ശ്രമിച്ചു.
താന്‍ ആരുടെയും പേര് പറഞ്ഞില്ലല്ലോ, എന്തുകൊണ്ട് സംസാരിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങളുമായി മാത്യു കുഴല്‍നാടന്‍ എതിരിട്ടു. ചട്ട പ്രകാരമല്ലാത്ത ഒരു കാര്യവും അനുവദിക്കാനാകില്ലെന്നും ചട്ടം ലംഘിച്ചുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ ഉണ്ടാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. എന്തും വിളിച്ചുപറയാനുള്ള വേദിയല്ല ഇത് എന്നും സ്പീക്കര്‍ പറഞ്ഞു.

മാസപ്പടി വിവാദത്തിലേക്ക് നയിച്ച ആദായ നികുതി വകുപ്പിന്റെ അപ്പലറ്റ് അതോറിറ്റിയുടെ കണ്ടെത്തലുകള്‍ മാത്യു കുഴല്‍നാടന്‍ വായിക്കാന്‍ ശ്രമിച്ചു. ഈ വേളയില്‍ ഭരണപക്ഷ ബെഞ്ചില്‍ നിന്ന് ബഹളമുണ്ടായി. എന്തിനാണ് നിങ്ങള്‍ ഭയക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ബഹളമായതിനിടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. അടുത്ത വ്യക്തിയെ സംസാരിക്കാന്‍ വിളിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.
സഭയില്‍ എന്താണ് സംഭവിച്ചതെന്ന് മാത്യു കുഴല്‍നാടന്‍ പിന്നീട് സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് വിശദീകരിച്ചു. ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും പേര് ഞാന്‍ സഭയില്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെയുടേയോ മകളുടെയോ പേര് പറഞ്ഞിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ വിശദീകരിച്ചു.
സിഎംആര്‍എല്ലില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലാണ് വിവാദത്തിന് തുടക്കം. പ്രതിപക്ഷത്തെ നേതാക്കളും സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതോടെ പ്രതിപക്ഷവും കുരുക്കിലായി. അതുകൊണ്ടുതന്നെ വിഷയം വലിയ ചര്‍ച്ചകളിലേക്ക് പോകാനിടയില്ലെന്ന വാര്‍ത്തകളും വന്നു. അതിനിടെയാണ് സഭയില്‍ മാത്യു കുഴല്‍നാടന്‍ വിഷയം സഭയില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനോ പ്രതിപക്ഷ നേതാവ് വിഡി സതീശനോ സഭയില്‍ ഇല്ലായിരുന്നു. ഈ വേളയിലാണ് മാത്യു കുഴല്‍നാടന്‍ മറ്റൊരു ചര്‍ച്ചയ്ക്കിടെ വിവാദം സൂചിപ്പിച്ചത്. ബില്ലിന്റെ വിഷയത്തില്‍ ഒതുങ്ങി സംസാരിക്കണം എന്ന് സ്പീക്കര്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് കുഴല്‍നാടന്‍ സഭയ്ക്ക് പുറത്തുവച്ച് മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി ആരോപണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. ഞാന്‍ ഏതെങ്കിലും വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ചട്ടം ലംഘിച്ചിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ വിശദീകരിച്ചു.












Click it and Unblock the Notifications