വീര്യത്തോടെ പ്രതിപക്ഷം നിയമസഭയിലേക്ക്; ചാണ്ടി ഉമ്മന്റെ ആദ്യ ദിനം ബഹളത്തില്‍ മുങ്ങുമോ?
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ നിന്ന് കിട്ടിയ ആവേശത്തിന്റെ കരുത്തില്‍ പ്രതിപക്ഷം നാളെ നിയമസഭയിലേക്ക്. 15ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം നാളെ വീണ്ടും ആരംഭിക്കുകയാണ്. പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സഭ നാളെ മുതല്‍ നാല് ദിവസം വീണ്ടും സമ്മേളിക്കും.
രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന നിയമസഭയില്‍ ആദ്യം ചോദ്യോത്തര വേളയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പത്ത് മണിക്ക് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ നടക്കും. ഉമ്മന്‍ ചാണ്ടി 53 കൊല്ലം പ്രതിനിധീകരിച്ച പുതുപ്പള്ളിയില്‍ നിന്ന് മകന്‍ ചാണ്ടി ഉമ്മന്‍ ആദ്യമായി സഭയിലെത്തുന്ന ദിവസം തന്നെ ബഹളത്തില്‍ മുങ്ങുമോ എന്നാണ് അറിയേണ്ടത്.

ചാണ്ടി ഉമ്മന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ക്ഷേത്ര ദര്‍ശനവും തുലാഭാരവുമെല്ലാം പൂര്‍ത്തിയാക്കി അദ്ദേഹം വിവിധ പരിപാടികളില്‍ സംബന്ധിച്ചു. പുതുപ്പള്ളി ഹൗസില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ നാളെ നിയമസഭയിലേക്ക് എത്തുക. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ സത്യം പുറത്തുവരും, അന്വേഷണം നടക്കട്ടെ എന്നായിരുന്നു പ്രതികരണം.
നിരവധി ബില്ലുകള്‍ ചര്‍ച്ച ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് വ്യാഴാഴ്ച വരെ സഭ ചേരുന്നത്. ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഴുവന്‍ എംഎല്‍എമാരും പങ്കെടുക്കുന്ന ഗ്രൂപ്പ് ഫോട്ടോ എടുക്കലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന വിവരം പുറത്തുവന്നത് സഭയെ പ്രക്ഷുബ്ദമാക്കുമെന്ന് ഉറപ്പാണ്.
പുതുപ്പള്ളിയിലെ വിജയം സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ തെളിവായി പ്രതിപക്ഷം ചൂണ്ടിക്കാട്ടാനാണ് സാധ്യത. സഹതാപ തരംഗമാണെന്ന് ഭരണപക്ഷം ആവര്‍ത്തിക്കുമെങ്കിലും സഭയില്‍ ബഹളമുയരാന്‍ ഒട്ടേറെ വിഷയങ്ങളുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദത്തില്‍ മുന്‍ മന്ത്രി എസി മൊയ്തീനെ ഇഡി നാളെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ട്.
നേരത്തെ രണ്ട് തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നു എങ്കിലും എസി മൊയ്തീന്‍ ഹാജരായിരുന്നില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഹാജരായാല്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം ഭയന്നിരുന്നു. തിങ്കളാഴ്ച ഹാജാരാകാമെന്നാണ് മൊയ്തീന്‍ ഇഡിയെ അറിയിച്ചിട്ടുള്ളതത്രെ. എന്നാല്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കേണ്ടതിനാല്‍ അദ്ദേഹം നിയമസഭയിലെത്തേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ എസി മൊയ്തീന്‍ ഇഡിക്ക് മുമ്പിലാണോ സഭയിലാണോ നാളെ ഹാജരാകുക എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഗണേഷ് കുമാറിനെതിരെ ശക്തമായ തയ്യാറെടുപ്പോടെയാകും പ്രതിപക്ഷം എത്തുക. ആശുപത്രി സംരക്ഷണ ബില്ല്, ഭൂപതിവുമായി ബന്ധപ്പെട്ട ബില്ല് തുടങ്ങി 14ഓളം ബില്ലുകള്‍ ചര്‍ച്ച ചെയ്യാനുണ്ടെങ്കിലും ബഹളത്തിന് കുറവുണ്ടാകില്ല.












Click it and Unblock the Notifications