കേരളത്തിലെ എടിഎം കവർച്ചയ്ക്ക് പിന്നിൽ ദില്ലി പോലീസ്!! ബുദ്ധി കേന്ദ്രം ഹെഡ് കോൺസ്റ്റബിൾ!!
ദില്ലി പോലീസ് ക്രൈംബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ അസ് ലുബ്ഖാനാണ് എടിഎം കവർച്ചകളുടെ സൂത്രധാരനെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ആലപ്പുഴ/ദില്ലി: കേരളത്തിൽ അടുത്തിടെ നടന്ന എടിഎം കവർച്ചകളുടെ ബുദ്ധി കേന്ദ്രം ദില്ലി പോലീസിലേതെന്ന് വെളിപ്പെടുത്തൽ. ദില്ലി പോലീസ് ക്രൈംബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ അസ് ലുബ്ഖാനാണ് എടിഎം കവർച്ചകളുടെ സൂത്രധാരനെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. എടിഎം കവർച്ചക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
അസ് ലുബ് ഖാൻ ഒളിവിലാണെന്നാണ് സൂചന. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഹരിയാന മേവാത്ത് നൂഹ് ഷക്കർ പൂര സ്വദേശിയാണ് ഇയാൾ. ഹരിയാനയിൽ നിന്നുള്ള നാലംഗ സംഘമാണ് മോഷണം നടത്തിയത്. സുരേഷിനെ ഇവരുമായി ബന്ധിപ്പിച്ചത് അസ് ലുബ് ഖാനാണ്. മോഷണ സംഘം ഉപയോഗിച്ച വാഹനം സുരേഷിന്‍റേതായിരുന്നു. നാലംഗ സംഘത്തിന്റെ പേര് അസ് ലുബ് ഖാന് മാത്രമേ അറിയൂ.

അസ് ലുബ്ഖാനും ഷക്കർപൂർ സ്വദേശിയായ മറ്റൊരാളും ചേർന്നാണ് കവർച്ചകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് സുരേഷ് പറയുന്നത്. നീണ്ട മെഡിക്കൽ ലീവിലാണ് അസ് ലുബ് ഖാൻ. ഇതിനെ തുടർന്ന് ഇയാൾ സസ്പെൻഷനിലുമായിരുന്നു. സംഭവം പുറത്തായതോടെ ഇയാൾ മുങ്ങുകയായിരുന്നു.
മോഷണം നടത്തിയ നാലംഗ സംഘത്തെ പിടികൂടാൻ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം ഹരിയാനയിൽ ക്യാംപ് ചെയ്യുമ്പോഴായിരുന്നു കേരളത്തിൽ വീണ്ടും മോഷണം നടന്നത്. അസ് ലുബ് ഖാനെ കണ്ടെത്താതെ നാലംഗ സംഘത്തിലേക്ക് അന്വേഷണ സംഘത്തിന് എത്താൻ കഴിയില്ല.
അതേസമയം അറസ്റ്റിലായ സുരേഷുമായി അന്വേഷണ സംഘത്തിലെ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങും.












Click it and Unblock the Notifications