ഭാവഗായകന് വിട നൽകി കേരളം; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
ഭാവഗായകൻ പി ജയചന്ദ്രൻ ഇനി ഓർമ. അദ്ദേഹത്തിന്റെ അന്തിമ കർമങ്ങൾ തറവാട് വീടായ ചേന്ദമംഗലം പാലിയം നാലുകെട്ടിന് മുന്നിലെ ശ്മശാനത്തിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈകീട്ട് മൂന്ന് മണിക്ക് സംസ്കാരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് നടപടികൾ നേരത്തേ ആക്കാൻ തീരുമാനിക്കുകയായിരുന്നു.
ആയിരങ്ങളാണ് പ്രിയപ്പെട്ട ഗായകനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും എത്തിയത്. പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമിയിലും തറവാട്ട് വീട്ടിലും പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിരുന്നു.

അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചികത്സയിലായിരുന്നു ജയചന്ദ്രൻ. കഴിഞ്ഞാഴ്ച കുഴഞ്ഞ് വീണതിനെ തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും വ്യാഴാഴ്ച വീണ്ടും ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.
അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകളാണ് അദ്ദേഹം ആലപിച്ചത്. 1966-ൽ കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അദ്ദേഹം ആദ്യമായി പാടിയത്. എന്നാൽ കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. അതിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1986 ൽ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ എന്ന ഗാനത്തിനാണ് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. അഞ്ച് തവണയാണ് അദ്ദേഹം ഈ നോട്ടം സ്വന്തമാക്കിയത്. 2021 ൽ കേരളം അദ്ദേഹത്തെ ജെ സി ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചു.
നിരവധി തമിഴ് ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായി കലൈമാമണി പുരസ്കാരവും ജയചന്ദ്രന് ലഭിച്ചിരുന്നു. തമിഴും മലയാളവും കൂടാതെ തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അഭിനയത്തിലും അദ്ദേഹം കൈവെച്ചു. നഖക്ഷതങ്ങൾ , ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്.












Click it and Unblock the Notifications